ന്യൂദല്‍ഹി : ഭീകരവാദം, വിഘടനവാദം, തീവ്രവാദം എന്നിവയ്ക്കെതിരെ പോരാടാനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഷാംഗായ് സഹകരണ സംഘടന(എസ് സി ഒ).തീവ്രവാദത്തിന് ധനസഹായം ലഭിക്കുന്ന മാര്‍ഗ്ഗങ്ങളും യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുന്നതും തടയും. തീവ്രവാദികള്‍ സുരക്ഷിത താവളങ്ങളായി ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ ഇല്ലാതാക്കാനും അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനും സമ്മേളനം ഊന്നല്‍ നല്കി.
എസ്സിഒ രാഷ്ട്രത്തലവന്മാരുടെ സമിതിയുടെ വീഡിയോ കോണ്ഫറന്സിലൂടെയുളള യോഗത്തിന് ശേഷം നേതാക്കള്‍ ന്യൂദല്‍ഹി പ്രഖ്യാപനം അംഗീകരിച്ചു. ന്യൂദല്‍ഹി പ്രഖ്യാപന പ്രകാരം അംഗരാജ്യങ്ങള്‍ തീവ്രവാദ,വിഘടനവാദ സംഘടനകളുടെ പൊതുവായ പട്ടിക തയാറാക്കും.ഇവയുടെ പ്രവര്‍ത്തനങ്ങള്‍ അംഗരാജ്യങ്ങളില്‍ വിലക്കും.
മയക്കുമരുന്ന് കടത്ത്, ദുരുപയോഗം എന്നിവ വര്‍ദ്ധിച്ചുവരുന്നതില്‍ അംഗരാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. കൂടാതെ അനധികൃത മയക്കുമരുന്ന് കടത്തിലൂടെയുളള വരുമാനം തീവ്രവാദത്തിനായി ഉപയോഗിക്കുന്നു. അനധികൃത മയക്കുമരുന്ന് കടത്ത് തടയുന്നതിന് സംയുക്തവും സന്തുലിതവുമായ സമീപനം വേണമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ബഹുമുഖവും പരസ്പര പ്രയോജനകരവുമായ സഹകരണത്തിനും കൂടുതല്‍ വികസനത്തിനും സംഭാവന നല്കിയ എസ്സിഒയുടെ ഇന്ത്യയുടെ അധ്യക്ഷ സ്ഥാനത്തിന്റെ ഫലങ്ങളെ അംഗരാജ്യങ്ങള്‍ അഭിനന്ദിച്ചു. സംഘടനയുടെ പൂര്‍ണ അംഗരാജ്യമായി ഇറാനെ ചേര്‍ക്കുന്നതിനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനെ എല്ലാ നേതാക്കളും സ്വാഗതം ചെയ്തതായി ന്യൂദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര പറഞ്ഞു.
ചില രാജ്യങ്ങള്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയെ തങ്ങളുടെ നയമായി ഉപയോഗിക്കുകയും ഭീകരര്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്നുവെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ പറഞ്ഞു. അത്തരം രാജ്യങ്ങളെ വിമര്‍ശിക്കാന്‍ എസ്സിഒ മടിക്കേണ്ടതില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഏഷ്യന്‍ മേഖലയിലെ മുഴുവന്‍ സമാധാനത്തിനും സമൃദ്ധിക്കും വികസനത്തിനുമുള്ള സുപ്രധാന വേദിയായി എസ്.സി.ഒ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും മോദി പറഞ്ഞു. എസ്സിഒയുടെ ബഹുമുഖ സഹകരണം അതിന്റെ ചെയര്‍പേഴ്സണെന്ന നിലയില്‍ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ ഇന്ത്യ നിരന്തരമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്സിഒ രാഷ്ട്രത്തലവന്മാരുടെ സമിതിയുടെ അടുത്ത യോഗം 2024 ല്‍ കസാക്കിസ്ഥാനില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: