തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ മയക്കുമരുന്ന് രഹിത അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിന് ‘ശുദ്ധമായ മനസ്സ്, ശോഭനമായ ഭാവി: മയക്കുമരുന്ന് രഹിത ക്യാമ്പസ് ‘എന്ന പേരില്‍ ജൂനിയര്‍ റെഡ്ക്രോസ് സമഗ്ര കാമ്പയിന് സംഘടിപ്പിക്കും. വ്യക്തിഗത വളര്‍ച്ച, അക്കാദമിക് വിജയം, മൊത്തത്തിലുള്ള ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ആരോഗ്യകരമായ കാമ്പസ് അന്തരീക്ഷം എന്നതാണ് ലക്ഷ്യമിടുന്നത്.
അവബോധം വളര്‍ത്തുക, കൂട്ടായ്മ സഖ്യം വളര്‍ത്തിയെടുക്കുക, രക്ഷാകര്തൃവിദ്യാര്ത്ഥി സഹകരണം ശക്തിപ്പെടുത്തുക, അധ്യാപകരെയും ജീവനക്കാരെയും ശാക്തീകരിക്കുക, പോസിറ്റീവ് പരിസ്ഥിതി സൃഷ്ടിക്കുക എന്നിവയാണ് പ്രചാരണ ലക്ഷ്യങ്ങള്‍. റെഡ് ക്രോസ് കേരള ഘടകം ചെയര്മാന് രഞ്ജിത്ത് കാര്‍ത്തികേയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രൂപരേഖ തയ്യാറാക്കി.
വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി സംവേദനാത്മക ശില്പശാലകളും സെമിനാറുകളും നടത്തുക, മയക്കുമരുന്നിനെതിരെ അവബോധം പ്രചരിപ്പിക്കാന്‍ കഴിയുന്നവരായി മാറാന്‍ വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുക, മാതാപിതാക്കള്‍ക്കായി വിജ്ഞാനപ്രദമായ സെഷനുകള്‍ സംഘടിപ്പിക്കുക, അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും അവരുടെ മികവ് വര്‍ദ്ധിപ്പിക്കുന്നതിന് പരിശീലന ശില്പശാലകള് നടത്തുക, പോസ്റ്ററുകളും ബാനറുകളും ഉള്‍പ്പെടെ കാമ്പസിലുടനീളം ബോധവത്കരണ കാമ്പെയ്നുകള്‍ സംഘടിപ്പിക്കുക, മയക്കുമരുന്ന് രഹിത കാമ്പസ് നിലനിര്‍ത്തുന്നതിനും സജീവമായി സംഭാവന ചെയ്യുന്ന വിദ്യാര്‍ത്ഥികളെ അംഗീകരിക്കുക. തുടങ്ങി വിവിധ തല പരിപാടികളാണ് നടപ്പിലാക്കുക.
റെഡ്ക്രോസ് വൈസ് ചെയര്മാന് ജോബി തോമസിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ പുതിയ പാഠ്യപദ്ധതി എല്ലാ ജില്ലയിലും വിതരണം ചെയ്യും. ജൂനിയര്‍ റെഡ്ക്രോസ് സംസ്ഥാന കോര്‍ഡിനേറ്റര്‍ ആയി ആര് ശിവന് പിള്ളയെയും ജോയിന്റ് കോര്‍ഡിനേറ്റര്‍മാരായി റ്റി.എസ്. അരുണ്‍, പി. വിനോദ് എന്നിവരെ തെരെഞ്ഞെടുത്തു.
സെക്രട്ടറി ആര്.സന്തോഷ്കുമാര്‍, വൈസ് ചെയര്മാന് ജോബി തോമസ് , ജില്ലാ കോര്‍ഡിനേറ്റര്‍മാരായ ബിനു കെ പവിത്രന് , മുഹമ്മദ് യാസീന്‍, പ്രവീണ്‍, ജോര്‍ജ് ജേക്കബ്, അനില്‍ കുമാര്‍, ട്വിന്‍സി, ഷെന്‍സി അഗസ്റ്റിന്, സിന്ധു സൈമണ്‍, റീന, മുഹമ്മദ് കീത്തേടത്ത്, സുധീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: