വൈക്കം: ശസ്ത്രക്രിയയെ തുടർന്നുണ്ടായ അണുബാധ കാരണം ആറുമാസമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ കൈകോര്‍ത്ത് ഒരു നാട്. ധനസമാഹരണത്തിനായി ജന്മനാട് ബിരിയാണി ചലഞ്ചിലൂടെ അഞ്ചരലക്ഷം രൂപ സമാഹരിച്ചു. ഉദയനാപുരം ചെറിയ കൊച്ചിത്തറ ജോയിയുടെ മകന്‍ വിഷ്ണുദേവി(31) ന്റെ തുടര്‍ ചികിത്സയ്‌ക്കാണ് നാടൊന്നാകെ ഒരുമിച്ചത്.
പെയിന്റിംഗ് തൊഴിലാളിയായ വിഷ്ണുവിന്റെ തലച്ചോറില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി. പിന്നീട് അണുബാധയുണ്ടായതോടെ വിഷ്ണു മാസങ്ങളായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ന്യൂറോ സര്‍ജറി ഐ സി യുവിലാണ്. നിര്‍ധന കുടുംബം ആഭരണം വിറ്റും കടം വാങ്ങിയും സുമനസുകളുടെ സഹായം കൊണ്ടുമാണ് ഇതുവരെയുള്ള ചികിത്സയ്‌ക്കുള്ള പണം കണ്ടെത്തിയത്. ഭാഗ്യക്കുറിവില്‍പനക്കാരനായ പിതാവ് ജോയിയുടെ തുച്ഛവരുമാനം കൊണ്ടാണ് വിഷ്ണുവിന്റെയും അസുഖബാധിതയായ മാതാവിന്റെയും ചികില്‍സയും വിഷ്ണുവിന്റെ ഭാര്യ ഗോപിക, നാലുവയസുകാരിയായ മകളുടേയും ജീവിത ചെലവും നടക്കുന്നത്.
കുടുംബത്തിന്റെ ദയനീയസ്ഥിതി കണക്കിലെടുത്താണ് ഉദയനാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.അനൂപിന്റെ നേതൃത്വത്തില്‍ ശ്രീവത്സത്തില്‍ സുബിരാജ് ഓണാട്ടുതറ ശരത് ലാല്‍, സന്തോഷ് ഭവനത്തില്‍ രവീന്ദ്രനാഥ ടാഗോര്‍, നക്കംതുരുത്ത് ജുമാ മസ്ജിദ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സുമനസുകളില്‍ നിന്ന് ഭക്ഷ്യ വസ്തുക്കളും ധനസഹായവും സ്വീകരിച്ചാണ് നക്കംതുരുത്ത് ജുമാ മസ്ജിദ് പള്ളി അങ്കണത്തില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.
നിരവധി യുവാക്കള്‍ വൈക്കത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിരിയാണി എത്തിച്ചു നൂറു രൂപ നിരക്കില്‍ വിറ്റാണ് ധനസമാഹരണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: