ഗുവാഹത്തി : നാഗാലാന്‍ഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വലിയ പാറക്കഷണം റോഡില്‍ നിര്‍ത്തിയിട്ടിയിരുന്ന കാറുകള്‍ക്കു മുകളിലേക്ക് ഉരുണ്ട് വീണ് രണ്ട് മരണം. മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നാഗാലാന്‍ഡില്‍ ദിമാപുരിനും കോഹിമയ്‌ക്കുമിടയില്‍ ചുമൗക്കേദിമ ജില്ലയിലെ ദേശീയ പാതയിലാണ് അപകടമുണ്ടായത്. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. പകലാ പഹാര്‍’ എന്ന സ്ഥലത്താണ് അപകടം നടന്നത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് വമ്പന്‍ പാറക്കല്ല് മുകളില്‍നിന്ന് ഉരുണ്ട് കാറുകള്‍ക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിവേഗത്തില്‍ ഉരുണ്ടു വരുന്ന പാറക്കല്ല് രണ്ടു കാറുകളെ പൂര്‍ണമായും തകര്‍ക്കുന്നതും മറ്റൊരു കാറിലേക്കു പതിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. പിന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡാഷ്‌ബോര്‍ഡ് ക്യാമറയില്‍നിന്ന് പകര്‍ത്തിയതാണ് വിഡിയോ.
കാറിലുണ്ടായിരുന്ന ഒരാള്‍ സംഭവ സ്ഥലത്തുവച്ചും മറ്റൊരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഒരാള്‍ കാറിനുള്ളില്‍ കുടുങ്ങിയിരുന്നു. ‘പകലാ പഹാര്‍’ എന്ന സ്ഥലത്ത് ഉരുള്‍പ്പൊട്ടലോ മണ്ണിടിച്ചിലോ മുമ്പ് അധികം ഉണ്ടായിട്ടില്ലെന്നും നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്‌പെയ് റിയോ അറിയിച്ചു. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് എല്ലാ വൈദ്യസഹായവും ഉറപ്പാക്കുമെന്നും അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: