കൊച്ചി: ശരീര ഭാരം കുറയ്ക്കാമെന്ന വാഗ്ദാനം നല്കി സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ യുവതി ഗുരുതരാവസ്ഥയില്‍. പ്രസവാനന്തരം ശരീരത്തില്‍ അടിഞ്ഞ കൊഴുപ്പ് നീക്കാന്‍ മെയ് 19നാണ് തിരുവനന്തപുരം സ്വദേശി വര്‍ഷ കൊച്ചി കലൂരിലെ മെഡിഗ്ലോ ക്ലിനിക്കില്‍ ചികിത്സ തേടിയത്.
യുവതിക്ക് ആദ്യം നടത്തിയത് കീ ഹോള്‍ സര്‍ജറിയായിരുന്നു. എന്നാല്‍ ശസ്ത്രക്രിയ പരാജയപ്പെട്ടു. പിന്നാലെയാണ് ജൂണ്‍ 11ന് വയറില്‍ ശസ്ത്രക്രിയ നടത്തുന്നത്. എന്നാല്‍ ആ ശസ്ത്രക്രിയയും പരാജയപ്പെട്ടു. ശരീരത്തിലെ കൊഴുപ്പ് മാറിയില്ലെന്ന് മാത്രമല്ല അണുബാധയേറ്റ് വര്‍ഷയുടെ ജീവന് അപകടത്തിലായി. രണ്ടാം തവണയും ശസ്ത്രക്രിയ പരാജയപ്പെട്ടപ്പോഴാണ് വഞ്ചിക്കപ്പെട്ടു എന്ന കാര്യം യുവതിയും കുടുംബവും മനസിലാക്കിയത്. അതീവ ഗുരുതരാവസ്ഥയില്‍ ആയതോടെ ജൂണ്‍ 18ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിച്ചു. ഇപ്പോള്‍ അവിടെ ചികിത്സയിലാണ്.
തുടര്‍ന്ന് വര്‍ഷയുടെ അമ്മ സരിത കടവന്തറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അനസ്തേഷ്യ നല്‍കാതെയാണ് മകള്‍ക്ക് ശസ്ത്രക്രിയ ചെയ്തത് എന്ന് അമ്മ ആരോപിക്കുന്നു. പരാതിയില്‍ ആരോപിക്കപ്പെട്ട ഡോക്ടര്‍ സഞ്ജു സഞ്ചീവിനെ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ തയാറായില്ല. പരാതി പരിശോധിക്കുകയാണെന്നും ഡോക്ടര്‍ക്കെതിരെ ആദ്യ പരാതിയാണിതെന്നും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: