തിരുവനന്തപുരം: ചിന്താജെറോമിന്റെ പിഎച്ച്ഡി കോപ്പിയടി, വിദ്യയുടെ വ്യാജഅധ്യാപന പരിചയ സര്‍ട്ടിഫിക്കറ്റ്, നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, പൂജ്യം നേടിയിട്ടും പരീക്ഷ പാസായ എസ് എഫ് ഐ നേതാവ് ആര്‍ഷോയുടെ തട്ടിപ്പ്….എന്നീ ആരോപണങ്ങള്‍ക്കിടയില്‍ പുതിയൊരു പിഎച്ച് ഡി കോപ്പിയടി ആരോപണം കൂടി. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഡോ.രതീഷ് കാളിയാടനെതിരെയാണ് പി എച്ച് ഡി തട്ടിപ്പ് ആരോപണം ഉയരുന്നത്.
പണ്ട് തലശ്ശേരിയിൽ സർക്കാർ സ്കൂളിൽ അധ്യാപകനായിരുന്ന കാലയളവിലാണ് രതീഷ് കാളിയാടൻ ആസാമിലെ യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡി എടുത്തതെന്നും ഇദ്ദേഹത്തിന്റെ പി എച്ച് ഡി പ്രബന്ധത്തിന്റെ 70 ശതമാനവും കോപ്പിയടിയാണെന്നും ആരോപിച്ച് രംഗത്ത് വന്നിരിക്കുന്നത് കെ എസ് യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ ആണ്.
2012 – 2014 കാലയളവിലാണ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ രതീഷ് കാളിയാടൻ ആസാം യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡി എടുക്കുന്നത്. അന്ന് പി എച്ച് ഡി പഠനത്തിന് മൂന്ന് വർഷം വേണം. അതാണ് യുജിസി കീഴ്വഴക്കം. എന്നാല്‍ രതീഷ് കാളിയാടന്‍ ഇത് ലംഘിച്ച് രണ്ട് വർഷത്തെ റെഗുലർ കോഴ്സായി പിഎച്ച്ഡി എടുത്തുവെന്നും ഈ കാലയളവിൽ തന്നെ അദ്ദേഹം തലശേരി സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുകയും ചെയ്തിരുന്നത്രെ. അതിനാല്‍ ഇത് തട്ടിപ്പ് പി എച്ച് ഡിയാണെന്നാണ് കെഎസ് യു നേതാവിന്റെ ആരോപണം.
“രതീഷ് കാളിയാടന്റെ പി എച്ച് ഡി പ്രബന്ധം 70 ശതമാനവും കോപ്പിയടിയാണ്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രെെവറ്റ് സെക്രട്ടറി, അക്കാദമിക് അഡ്വെെസർ സ്ഥാനങ്ങളിൽ നിന്ന് രതീഷ് കാളിയാടനെ മാറ്റണം. പ്രബന്ധം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുജിസിയ്‌ക്കും ആസാം യൂണിവേഴ്സിറ്റിക്കും പരാതി നൽകും.”-കെഎസ് യു നേതാവ് അലോഷ്യസ് സേവ്യർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: