ഗുരുഗ്രാം : സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷമാണ് ഇന്ത്യയിലുളളതെന്നും വികസിത രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളെ ഇന്ത്യയിലേക്ക് വരാന്‍ ക്ഷണിക്കുകയാണെന്നും കേന്ദ്ര വാണിജ്യ,വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍.
ഗുരുഗ്രാമില്‍ നടക്കുന്ന സ്റ്റാര്‍ട്ട്അപ്പ് 20 ശിഖര്‍ ഉച്ചകോടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. വൈദഗ്ധ്യവും നൈപുണ്യവും കൂടുതല്‍ യുവജനങ്ങളും രാജ്യത്തുണ്ട്. കുറഞ്ഞ ചെലവില്‍ സംരംഭങ്ങള്‍ ആരംഭിക്കാനും കഴിയും. നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സമ്പദ്വ്യവസ്ഥയാണ് ഇവിടെയുളളത്. സ്റ്റാര്‍ട്ടപ്പ് സംസ്കാരം ഇന്ന് രാജ്യത്തുടനീളമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലന്വേഷകര്‍ തൊഴില്‍ദാതാക്കളാകുന്ന മാതൃകപരമായ മാറ്റം രാജ്യത്ത് സംഭവിച്ചിട്ടുണ്ടെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. സ്റ്റാര്‍ട്ട്-അപ്പ് സംവിധാനം സര്‍ക്കാര്‍ നിയന്ത്രിക്കുന്നത് അഭികാമ്യമല്ലെന്ന് പറഞ്ഞ മന്ത്രി സര്‍ക്കാര്‍ ഈ സംവിധാനത്തിന് എല്ലാ പ്രോത്സാഹനവും നല്‍കുമെന്നും വ്യക്തമാക്കി.
ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവിക്ക് കീഴിലുള്ള സ്റ്റാര്‍ട്ടപ്പ് 20 എന്‍ഗേജ്മെന്റ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് 20 ശിഖര്‍ ഉച്ചകോടിക്ക് ഇന്നലെയാണ് തുടക്കമായത്.
സാമ്പത്തിക അഭിവൃദ്ധിയും സമൂഹത്തില്‍ അതുണ്ടാക്കുന്ന സ്വാധീനവും വര്‍ദ്ധിപ്പിക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകളുടെ സാധ്യതകളെ ഉച്ചകോടി എടുത്തുകാട്ടുന്നു.സ്റ്റാര്‍ട്ടപ്പ് 20 ഗുരുഗ്രാം ഉച്ചകോടി ലക്ഷ്യമിടുന്നത് സ്റ്റാര്‍ട്ടപ്പുകളുടെ മുഴുവന്‍ സാധ്യതകള്‍, സാമ്പത്തിക വളര്‍ച്ച, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, സുസ്ഥിര വികസനം എന്നിവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: