വാഷിങ്ടണ്‍ : യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ വീണ്ടും ഖാലിസ്ഥാന്‍ ആക്രമണം. അക്രമികള്‍ കോണ്‍സുലേറ്റിന് തീയിട്ടതായും റിപ്പോര്‍ട്ട്. സംഭവം പെട്ടന്ന് ശ്രദ്ധയില്‍പ്പെട്ട് തീയണയ്‌ക്കാനായതിനാല്‍ വലിയ അപകടം ഒഴിവാക്കാനായി. അക്രമത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നാണ് വിവരം.
സംഭവസ്ഥലത്തെത്തിയ സാന്‍ഫ്രാന്‍സിസ്‌കോ അഗ്‌നിരക്ഷാസേന വിഭാഗമാണ് തീയണച്ചത്. ഖാലിസ്ഥാനികളുടെ ലക്ഷ്യം ഇന്ത്യന്‍ അംബാസഡര്‍ തരഞ്ജിത്ത് സിങ് സന്ധുവും കോണ്‍സുലേറ്റ് ജനറലുമാണെന്നാണ് സൂചന. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനു നേര്‍ക്ക് ഖലിസ്ഥാന്‍ അനുകൂലികള്‍ ആക്രമണം നടത്തുകയും ദേശീയപതാകയോട് അനാദരവ് കാണിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ അക്രമം നടന്നത്. അക്രമത്തെ യുഎസ് വക്താവ് മാത്യു മില്ലര്‍ അപലപിച്ചു. കോണ്‍സുലേറ്റ് സ്ഥാപനങ്ങള്‍ക്കും നയതന്ത്രജ്ഞര്‍ക്കുമെതിരായുള്ള അക്രമം ക്രിമിനല്‍ കുറ്റമാണെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ മാര്‍ച്ചിലും സമാനമായ രീതിയില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ഖലിസ്ഥാന്‍ അനുകൂലികളുടെ അക്രമമുണ്ടായിരുന്നു. അക്രമികള്‍ ‘ഫ്രീ അമൃത്പാല്‍’ എന്ന് കെട്ടിടത്തിന്റെ ചുറ്റുമതിലില്‍ സ്പ്രേ കൊണ്ട് എഴുതുകയും ചെയ്തിരുന്നു. അറസ്റ്റില്‍ കഴിയുന്ന അമൃത്പാല്‍ സിങ്ങിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അക്രമകാരികള്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ കോണ്‍സുലേറ്റില്‍ അതിക്രമം നടത്തിയത്.
കെട്ടിടത്തിന്റെ ചുമരില്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് അമൃത് പാലിനെ മോചിപ്പിക്കണമെന്ന് ഖലിസ്ഥാന്‍വാദികള്‍ എഴുതിയിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അമേരിക്കയിലെ ഇന്ത്യന്‍ പൗരന്മാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയയിലെ പാര്‍ലമെന്റിനു പുറത്തും അമൃത്പാലിനായി ഖലിസ്ഥാന്‍വാദികള്‍ പ്രതിഷേധ പ്രകടനം. നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: