Categories: India

ഹിന്ദവി സ്വരാജ് എല്ലാ ഭരണകൂടങ്ങള്‍ക്കും മാതൃക: ദത്താത്രേയ ഹൊസബാളെ

ഛത്രപതി ശിവാജിയുടെ ഹിന്ദവി സ്വരാജ് ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മാതൃകയാക്കാവുന്ന ക്ഷേമരാജ്യമായിരുന്നുവെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ.

Published by

ഇന്‍ഡോര്‍: ഛത്രപതി ശിവാജിയുടെ ഹിന്ദവി സ്വരാജ് ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മാതൃകയാക്കാവുന്ന ക്ഷേമരാജ്യമായിരുന്നുവെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സ്വരാജ്യം എന്ന ആശയത്തെ എല്ലാ അര്‍ത്ഥത്തിലും പ്രാവര്‍ത്തികമാക്കുകയാണ് ശിവാജി ചെയ്തത്. ജനങ്ങളുടെ മനസ്സില്‍ നാടിനെയും പൈതൃകത്തെയും സംസ്‌കാരത്തെയും ചൊല്ലി അഭിമാനം ജ്വലിപ്പിക്കുകയും അവരെ ഓരോരുത്തരെയും രാജ്യത്തിനായി സ്വയം സമര്‍പ്പിക്കുന്ന പോരാളികളാക്കി മാറ്റുകയും ചെയ്തു എന്നതാണ് ശിവാജിയുടെ മഹത്വമെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍ഡോറില്‍ ഡോ. ഹെഡ്ഗേവാര്‍ സ്മാരക സമിതി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ ‘ശിവരാജ്യഭിഷേക സന്ദേശം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

ഇന്ത്യയുടെ ചരിത്രത്തില്‍ ഛത്രപതി ശിവാജി അപരാജിതനായിരുന്നു. സ്വത്വത്തെ ഉണര്‍ത്തി സ്വരാജ്യം പുനഃസ്ഥാപിച്ച ശിവാജി ധാര്‍മ്മികവും പൊതുക്ഷേമ തത്പരവുമായ ഭരണ സംവിധാനത്തിന്റെ അതുല്യമായ മാതൃകയാണ് അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ ശിവാജിയുടെ ചരിത്രം ആധുനികഭാരതത്തിന്റെ മുന്നേറ്റത്തിന് പ്രേരണയാണ്.

ഭൂമിയെ അസുരവിമുക്തമാക്കാനാണ് ശ്രീരാമന്‍ ദൃഢനിശ്ചയമെടുത്തത്. ശ്രീകൃഷ്ണന്‍ ധര്‍മ്മത്തെ പുനഃസ്ഥാപിച്ചു. ശിവാജി ഹിന്ദവി സ്വരാജ്യത്തെ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ഛത്രപതിപദത്തിലേക്കുള്ള യാത്ര  ഐതിഹാസികമായിരുന്നു. പൃഥ്വിരാജ് ചൗഹാന് ശേഷം വൈദേശിക അതിക്രമങ്ങളെ ചെറുക്കാനാകാതെ സമൂഹമാകെ നിരാശരായ കാലത്താണ്, പതിനഞ്ചുകാരനായ ശിവാജി രോഹിദേശ്വരിലെ ശിവക്ഷേത്രത്തില്‍ വിരലിലെ രക്തം കൊണ്ട് തിലകമണിഞ്ഞ് രാഷ്‌ട്രരക്ഷയ്‌ക്കായി പ്രതിജ്ഞയെടുത്തത്.

ഔറംഗസേബിന്റെ ക്രൂരതകളും ക്ഷേത്രധ്വംസനങ്ങളും കണ്ട് പ്രകോപിതനായ ശിവാജിയെയല്ല ചരിത്രത്തില്‍ കാണുന്നത്. ശത്രു അതിന്റെ എല്ലാ രൗദ്രതയോടെയും അടുത്തെത്തും വരെ അതിനോട് പൊരുതാനുള്ള കരുത്തൊരുക്കി കാത്തിരിക്കുകയായിരുന്നു അദ്ദേഹം. തനിക്കുചുറ്റമുള്ളവരെ മുഴുവന്‍ സമര്‍പ്പിത യോദ്ധാക്കളാക്കുന്നതിനുള്ള സംഘാടകന്റെ പരിശ്രമമായിരുന്നു അത്. വിദേശ ഭരണം അവസാനിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ശിവാജി ഛത്രപതിയായി സ്ഥാനാരോഹണം ചെയ്തത്. ജനരക്ഷകന്‍ എന്നാണ് ചരിത്രം അദ്ദേഹത്തെ വിളിച്ചത്. കൃഷി, ജലസേചനം, കപ്പല്‍ക്കരുത്ത്, വാണിജ്യം, ഭൂദാനം, സാമ്പത്തിക മുന്നേറ്റം, സാംസ്‌കാരിക ഉണര്‍വ് തുടങ്ങി എല്ലാ മേഖലയിലും സമ്പന്നമായ സാമ്രാജ്യമാണ് ശിവാജി സൃഷ്ടിച്ചത്, ഹൊസബാളെ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക