ആലപ്പുഴ: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്നുണ്ടായ കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപക നാശനഷ്ടം. വിവിധ ഭാഗങ്ങളില്‍ വീടുകള്‍ക്ക് നാശം സംഭവിക്കുകയും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെടുകയും ചെയ്തു. 46 ആറ് വീടുകള്‍ക്ക് ജില്ലയില്‍ ഭാഗീകമായ നാശം സംഭവിച്ചു. താലൂക്ക് അടിസ്ഥാനത്തില്‍ മാവേലിക്കര ആറ്, അമ്പലപ്പുഴ മൂന്ന്, ചേര്‍ത്തല-18, കാര്‍ത്തികപ്പള്ളി-15, ചെങ്ങന്നൂര്‍ മൂന്ന്, കുട്ടനാട് ഒന്ന് എന്ന ക്രമത്തിലാണ് വീടുകള്‍ക്ക് നാശം സഭവിച്ചത്.
കാലവര്‍ഷത്തില്‍ ആലപ്പുഴ നഗരത്തിലും സമീപം പ്രദേശങ്ങളിലും വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി. ആലപ്പുഴ തലവടി സര്‍ഗ ജംഗ്ഷന് മരം മറിഞ്ഞ് റോഡില്‍ വീണു ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ആലപ്പുഴ ഗവ.ഗേള്‍സ് ഹൈസ്കുളിന് സമീപം ജില്ല വിദ്യാഭ്യാസ ഓഫീസ് സമയം ഉച്ചയ്ക്ക് 12.30നും കലക്ടറുടെ ബംഗല്‍വിന് സമീപം 1.10നും മരങ്ങള്‍ വീണു. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് കോമ്പൗണ്ടില്‍ കാറിനു മുകളില്‍ മരം വീണു ഉണ്ടായ അപകടത്തില്‍ കാറിന് കേടുപാടുകള്‍ സംഭവിച്ചു. ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. ഇതിന് പിന്നാലെ മൂന്ന് മണിയോടെ മുനിസിപ്പല്‍ സത്രത്തിന്റെ കവാടത്തില്‍ നിന്ന മരവും കടപുഴകി വീണു.
മണ്ണഞ്ചേരിയില്‍ വിവിധ സ്ഥലങ്ങളില്‍ റോഡിനു കുറുകെയും കെട്ടിടത്തിന് മുകളിലായും ഇലട്രിക് പോസ്റ്റും വീണു.അഗ്നിരക്ഷ സേനയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ രക്ഷപ്രവര്‍ത്തനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: