ന്യൂദല്‍ഹി: ജോലി നല്‍കിയതിന് പകരം ഭൂമി സമ്മാനമായി സ്വീകരിച്ചെന്ന കേസില്‍ രാഷ്ട്രീയ ജനതാദള്‍ നേതാവും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്, മുന്‍ മുഖ്യമന്ത്രി റാബ്റി ദേവി, നിലവിലെ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവര്‍ക്കും മറ്റ് 14 പേര്‍ക്കുമെതിരെ സി.ബി.ഐ തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിച്ചു.
ലാലുപ്രസാദ് യാദവ് യുപിഎ സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്ന കാലയളവിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്. 2004 നും 2009 നും ഇടയില്‍ ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ മേഖലകളില്‍ ഗ്രൂപ്പ് ഡി തസ്തികയില്‍ നിരവധി പേരെ നിയമിച്ചതായും അവര്‍ തങ്ങളുടെ ഭൂമി റെയില്‍വേ മന്ത്രിയായിരുന്ന ലാലുപ്രസാദിന്റെ കുടുംബാംഗങ്ങള്‍ക്ക് കൈമാറിയതായുമാണ് സിബിഐ കണ്ടെത്തിയത്.
നിയമനത്തിന് പരസ്യമോ പൊതു അറിയിപ്പോ നല്‍കിയിട്ടില്ലെന്നും എന്നാല്‍ മുംബയ് , ജബല്‍പൂര്‍, കൊല്‍ക്കത്ത, ജയ്പൂര്‍, ഹാജിപൂര്‍ എന്നിവിടങ്ങളിലെ വിവിധ സോണല്‍ റെയില്‍വേകളില്‍ ചില പട്ന നിവാസികളെ പകരക്കാരായി നിയമിച്ചിട്ടുണ്ടെന്നും സിബിഐ പറയുന്നു. ജോലി ലഭിച്ചവര്‍ നേരിട്ടോ കുടുംബാംഗങ്ങള്‍ വഴിയോ ഭൂമി വന്‍ വില കുറവില്‍ ലാലുപ്രസാദ് യാദവിന്റെ കുടുംബത്തിന് വിറ്റെന്നാണ് കണ്ടെത്തല്‍.
എന്നാല്‍ കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയത് കേസില്‍ കുടുക്കിയതാണെന്നാണ് ലാലുപ്രസാദ് യാദവിന്റെ കുടുംബം ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: