മുംബയ്: വിദേശനാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് വ്യവസായി അനില്‍ അംബാനി തിങ്കളാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി.
വിദേശ നാണ്യ വിനിമയ ചട്ട ലംഘനത്തിന്റെ (ഫെമ)വിവിധ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ മൊഴി രേഖപ്പെടുത്താനാണ് റിലയന്‍സ് എഡിഎ ഗ്രൂപ്പ് ചെയര്മാന് അനില്‍ അംബാനി ഹാജരായത്.മുംബൈയിലെ ബല്ലാര്‍ഡ് എസ്റ്റേറ്റ് പ്രദേശത്തെ കേന്ദ്ര ഏജന്‍സി ഓഫീസിലാണ് അനില്‍ അംബാനി എത്തിയത്.
യെസ് ബാങ്ക് പ്രമോട്ടര്‍ റാണാ കപൂറിനും മറ്റുള്ളവര്‍ക്കുമെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2020 ല്‍ അനില്‍ അംബാനി ഇഡിക്ക് മുമ്പാകെ ഹാജരായിരുന്നു.
രണ്ട് സ്വിസ് ബാങ്ക് അക്കൗണ്ടുകളിലായി 814 കോടിയിലധികം വരുന്ന വെളിപ്പെടുത്താത്ത ഫണ്ടുകളില്‍ നിന്ന് 420 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതിന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കള്ളപ്പണ വിരുദ്ധ നിയമപ്രകാരം അംബാനിക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു.
എന്നാല്‍ ആദായനികുതി വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസിനും പിഴ ആവശ്യപ്പെട്ടതിനും ബോംബെ ഹൈക്കോടതി മാര്‍ച്ചില്‍ ഇടക്കാല സ്റ്റേ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: