Categories: Varadyam

തുഞ്ചത്തെഴുച്ഛന്റെ ജീവിതത്തില്‍ നിന്ന്

പുതിയ തലമുറയെ തെറ്റായ ചരിത്രം പഠിപ്പിക്കാനുള്ള ആസൂത്രിത നീക്കം നടത്തുന്നവര്‍ ഇങ്ങനെ പ്രഖ്യാപിക്കാനും പ്രചരിപ്പിക്കാനും സജീവമായി നമുക്കിടയിലുണ്ട്. മലയാളഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ ജീവചരിത്രത്തില്‍ ഇന്ന് അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ എഴുത്തച്ഛന്റെ ജീവിതത്തില്‍ സംഭവിച്ച ചരിത്രമാണെന്നു വ്യാഖ്യാനിച്ചുകൊണ്ടിരിക്കുകയാണിന്ന്.

Published by

തിരൂര്‍ ദിനേശ്

ണ്‍മറഞ്ഞ മഹാരഥന്മാരുടെ ജീവചരിത്രം രേഖപ്പെടുത്തുകയെന്നത് ശ്രമകരമാണ്. പല മഹാത്മാക്കളുടേയും ജീവചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പ്രമാണ സാമഗ്രികളുടെ അഭാവം ചെറുതൊന്നുമല്ല. അലകും കോലും നഷ്ടപ്പെട്ട പുരയ്‌ക്ക് സമാനമാണ് പലരുടേയും ജീവചരിത്രങ്ങള്‍. അനുയോജ്യമായ അലകുംകോലും ചേര്‍ത്തുവെച്ച് കുറ്റമറ്റതെന്ന ബോദ്ധ്യത്തോടെ വേണം ഇത്തരം മഹത്തുക്കളുടെ ജീവചരിത്രം തയ്യാറാക്കാന്‍. എന്നാല്‍ അത് ചോദ്യം ചെയ്യപ്പെടാനും, പുതിയ രേഖകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ ആ ചരിത്രം പാടെ നിഷ്പ്രഭമാവാനും ഭേദഗതിക്കും വഴിയൊരുങ്ങുകയും ചെയ്യും. എന്നാല്‍ ജീവചരിത്ര നോവലിന് ഈ ഭീതിയൊന്നും വേണ്ട. പരമാവധി ചരിത്രം ശേഖരിച്ചും അനുയോജ്യമെന്ന് തോന്നുന്നവ കൂട്ടിച്ചേര്‍ത്തും ജീവചരിത്രനോവലുകള്‍ രചിക്കാവുന്നതാണ്. ഈ നോവല്‍ കറകളഞ്ഞ ചരിത്രമാണ് എന്നു പ്രഖ്യാപിക്കുന്നതും പ്രചരിപ്പിക്കുന്നതും ചരിത്രത്തോടും പുതുതലമുറയോടും ചെയ്യുന്ന കടുത്ത അപരാധവുമായിരിക്കും.

പുതിയ തലമുറയെ തെറ്റായ ചരിത്രം പഠിപ്പിക്കാനുള്ള ആസൂത്രിത നീക്കം നടത്തുന്നവര്‍ ഇങ്ങനെ പ്രഖ്യാപിക്കാനും പ്രചരിപ്പിക്കാനും സജീവമായി നമുക്കിടയിലുണ്ട്. മലയാളഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ ജീവചരിത്രത്തില്‍ ഇന്ന് അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ എഴുത്തച്ഛന്റെ ജീവിതത്തില്‍ സംഭവിച്ച ചരിത്രമാണെന്നു വ്യാഖ്യാനിച്ചുകൊണ്ടിരിക്കുകയാണിന്ന്.

വ്യക്തമായ അജണ്ടയുടെ ഭാഗമാണിതെന്ന വസ്തുത മനസ്സിലാക്കുന്നവര്‍ ഇതിനെ ഭയക്കാതിരിക്കില്ല. കാരണം എഴുത്തിലും വാക്കിലും അധിനിവേശം കയറിക്കഴിഞ്ഞതിന്റെ ലക്ഷണമാണത്. ജലാലുദ്ധീന്‍ മൂപ്പന്‍ എന്ന ഒരു മത്സ്യവ്യാപാരിയാണ് തുഞ്ചത്തെഴുത്തച്ഛന്റെ രക്ഷിതാവ്, ചക്കില്‍ കാളയ്‌ക്ക് പകരം എഴുത്തച്ഛനെ കെട്ടിയിട്ട് എണ്ണയാട്ടിച്ചു, വെട്ടത്തു നാട്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ നാടുകടത്തി, പഴഞ്ഞാനത്ത് കൃഷ്ണന്‍ എന്നായിരുന്നു എഴുത്തച്ഛന്റെ പേര്, തുഞ്ചന്‍ എന്നു പേരുള്ള ഒരാള്‍ കാട് വെട്ടിത്തെളിച്ചതിനാലാണ് തുഞ്ചന്‍പറമ്പെന്ന പേരു വന്നത് എന്നു തുടങ്ങി തെറ്റായ ചരിത്രമാണ് എഴുത്തച്ഛന്റെ പേരില്‍ ഇന്ന് വാമൊഴിയായും വരമൊഴിയായും പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തെറ്റായ ഈ ചരിത്ര പ്രവാഹത്തെ ശരിയുടെ തടയണ തീര്‍ത്തു തടഞ്ഞില്ലെങ്കില്‍ തുഞ്ചത്തെഴുത്തച്ഛന്റെ യഥാര്‍ത്ഥ ചരിത്രം മലയാളിക്ക് നഷ്ടപ്പെടുന്ന കാലം വിദൂരമല്ല.

നോവലോ ചരിത്രമോ പ്രഭാഷണമോ ആവട്ടെ, അതിന് തുനിഞ്ഞിറങ്ങും മുമ്പ് വസ്തുതകള്‍ പഠിക്കാന്‍ മനസ്സുവെച്ചാല്‍ തെറ്റുകളുടെ വഴിയിലേക്ക് മാറി പോവുകയില്ല. തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാന്‍ 1955 കാലഘട്ടം വരെ അനേകം രചനകളുണ്ടായിട്ടുണ്ട് അതിനുശേഷവും ഉണ്ടായിട്ടുണ്ട്.

എഴുത്തച്ഛനെക്കുറിച്ച് പുറത്തിറങ്ങിയ ഗ്രന്ഥങ്ങള്‍

തുഞ്ചത്തെഴുത്തച്ഛന്റെ ജീവചരിത്രം, അദ്ദേഹത്തിന്റെ രചനകളെ കൂലങ്കഷമായി ചിന്തിച്ചുള്ള പഠനങ്ങള്‍ ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ മുന്‍കാലങ്ങളില്‍ പുറത്തിറങ്ങിയിട്ടുണ്ട്. അതെല്ലാം മണ്ണിട്ടു മൂടി പുത്തന്‍കൂററുകാര്‍ പുതിയ ചരിത്രം പ്രഖ്യാപിക്കുകയാണ്.

1975 ല്‍ അന്നത്തെ തിരൂര്‍ തുഞ്ചന്‍ സ്മാരക മാനേജ്‌മെന്റ്കമ്മിറ്റി നിയോഗിച്ച പ്രകാരം സംസ്‌കൃതപണ്ഡിതന്‍ കെ.പി. നാരായണ പിഷാരടി ‘തുഞ്ചത്താചാര്യന്‍ ജീവിതവും കൃതികളും’ എന്ന ഒരു പുസ്തകം രചിച്ചിട്ടുണ്ട്. അതിനു മുമ്പ് 1955 വരെയുള്ള കാലഘട്ടത്തിനിടയില്‍ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതത്തെക്കുറിച്ചു പഠനം നടത്തിയവരുടെ ബൃഹത്തായ 20 ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

ആര്‍. ഈശ്വരന്‍പിള്ള, വിദ്വാന്‍ കുറുവാന്‍ തൊടിയില്‍ ശങ്കരനെഴുത്തച്ഛന്‍, ആര്‍.നാരായണപണിക്കര്‍, പി.കെ.നാരായണപ്പിള്ള, കരയവെട്ടത്തു സുകുമാരപ്പിള്ള, പി.കെ.പരമേശ്വരന്‍ നായര്‍, വിദ്വാന്‍ കുറിശ്ശേരി നാരായണപ്പിള്ള, ചേലനാട്ട് അച്യുതന്‍, കെ.വി.ശര്‍മ്മ തുടങ്ങിയവരാണ് എഴുത്തച്ഛന്റെ ജീവചരിത്രമെഴുതിയവര്‍. ഇ.വി.ആര്‍.ഉണ്ണിത്താന്‍ ആന്റ്കമ്പനി കൊല്ലം, ദിവാന്‍ കൃഷ്ണന്‍ നായര്‍ ഗ്രന്ഥശാല ചേര്‍ത്തല, മംഗളോദയം പ്രസ്സ് തൃശൂര്‍, സാഹിത്യ പ്രവര്‍ത്തകസഹകരണസംഘം കോട്ടയം, വി.വി.ബുക്ക് ഡിപ്പോ ചാല തിരുവനന്തപുരം തുടങ്ങിയ പ്രസാധകരാണ് ഇവ പ്രസിദ്ധീകരിച്ചത്.

എഴുത്തച്ഛന്റെ കൃതികളെക്കുറിച്ചുള്ള വിവിധ സ്വഭാവത്തിലുള്ള പുസ്തകങ്ങള്‍ വേറേയുമുണ്ട്. എഴുത്തച്ഛന്റെ ജീവചരിത്രം, കൃതികളെക്കുറിച്ചുള്ള പഠനം എന്നിവ ആധാരമാക്കി മലയാളത്തില്‍ 300 ലേറെ പ്രബന്ധങ്ങളും ലേഖനങ്ങളും പ്രസിദ്ധീകൃതമായിട്ടുണ്ട്. പി. ഗോവിന്ദപ്പിള്ള, ടി.കെ.കൃഷ്ണമേനോന്‍, കുറ്റിപ്പുഴ കൃഷ്ണപ്പിള്ള തുടങ്ങിയ ലബ്ധ പ്രതിഷ്ഠരായവരാണ് രചയിതാക്കള്‍. വിദ്യാവര്‍ദ്ധിനി, മഹിള, സേവിനി, പ്രസംഗ തരംഗിണി, സാഹിത്യ രഞ്ജിനി, പ്രബുദ്ധ സിംഹളന്‍, മലയാള രാജ്യം, പൗരദ്ധ്വനി, മാതൃഭൂമി, ധര്‍മ്മദേശം, സാഹിത്യ രംഗം, പാരിജാതം തുടങ്ങിയ മാസികകളിലും വാരികകളിലുമാണ് ഇവ പ്രസിദ്ധീകരിച്ചത്.

ഉള്ളൂരിന്റെ സാഹിത്യ ചരിത്രത്തില്‍ സവിസ്തരം എഴുത്തച്ഛന്റെ ജീവചരിത്രം പ്രതിപാദിക്കുന്നുണ്ട്. ചിറ്റൂര്‍ തുഞ്ചന്‍ഗുരു മഠത്തിലെ ഗ്രന്ഥാവലിയിലും എഴുത്തച്ഛന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന വസ്തുതകളുണ്ട്. ഇതിനെല്ലാമുപരി എഴുത്തച്ഛന്റെ ജീവിതവും ജീവിത ദര്‍ശനങ്ങളും പ്രതിപാദിക്കുന്ന ലേഖനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി എഴുത്തച്ഛന്റെ പേരില്‍ രണ്ട് മാസികകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ‘രാമാനുജന്‍’ മാസികയാണ് അതിലൊന്ന്. തൃശൂരില്‍ നിന്നും കൊല്ലവര്‍ഷം 1082 മേടമാസത്തില്‍ പ്രസാധനം തുടങ്ങിയ രാമാനുജന്‍ മഹാകവിവള്ളത്തോളും കുറ്റിപ്പുറത്തു കേശവന്‍ നായരും ചേര്‍ന്നാണ് പുറത്തിറക്കിയിരുന്നത്. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനാണ് രാമാനുജന്‍ എഴുത്തച്ഛന്റെ ജീവചരിത്രം എഴുതിയിരുന്നത്. എട്ടു ലക്കത്തോടെ മാസിക നിലച്ചുപോയി. പുത്തേഴത്തുരാമന്‍ മേനോനും പുതുക്കുളങ്ങര രാമചന്ദ്രമേനോനും ചേര്‍ന്ന് കൊല്ലവര്‍ഷം 1125 മേടമാസത്തില്‍ ചിറ്റൂരില്‍ നിന്നും ‘തുഞ്ചത്തെഴുത്തച്ഛന്‍’ എന്ന പേരില്‍ ഒരു മാസിക തുടങ്ങി. തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതത്തെക്കുറിച്ച് തലമുറകള്‍ കൈമാറിയ നാട്ടറിവുകള്‍ അറിയാവുന്ന മുത്തശ്ശിമാര്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടു മുമ്പുവരെ വെട്ടത്തു നാട്ടിലുണ്ടായിരുന്നു.

ഇതിലൊന്നും തന്നെ തുഞ്ചത്തെഴുത്തച്ഛന്റെ രക്ഷിതാവായി ഇന്ന് ഉയര്‍ത്തിക്കാണിക്കുന്ന ജലാലുദ്ദീന്‍ മൂപ്പനോ നാടുകടത്തലോ ചക്ക് ആട്ടിച്ചതോ ചാവേറുപോയതോ ഒന്നും പറഞ്ഞിട്ടില്ല.

വെട്ടത്തു നാട് പണ്ഡിതരുടെ പുണ്യഭൂമി

ഇന്നത്തെ തിരൂര്‍ താലൂക്കിലാണ് പഴയകാലത്തെ വെട്ടത്തു നാട്. അറിവില്ലായ്മയുടെ അന്ധകാരമില്ലാത്ത വിജ്ഞാനികളുടെ നാട് അഥവാ പണ്ഡിതരുടെ നാടാണ് വെട്ടത്തു നാട്. വെട്ടം എന്ന പദത്തിന് വെളിച്ചം പ്രകാശം അറിവ് എന്നെല്ലാമുള്ള നാനാര്‍ത്ഥമുണ്ടല്ലോ. കേരളത്തില്‍ ജീവിച്ചിരുന്ന ആദ്യകാല 48 പണ്ഡിതന്‍മാരില്‍ 38 പണ്ഡിതന്‍മാരുടെ ജന്മഭൂമിയും കര്‍മ്മഭൂമിയുമാണ് വെട്ടത്തു നാട്. ഗണിതം, ജോതിഷം, വൈദ്യം, വ്യാകരണം, അലങ്കാരം തുടങ്ങി സകല മേഖലകളിലേയും പണ്ഡിതന്‍മാര്‍ വെട്ടത്തു നാട്ടുകാരാണ്.

കേളല്ലൂര്‍ നീലകണ്ഠസോമയാജിപ്പാട്, തലക്കുളത്തൂര്‍ ഭട്ടതിരി, വടശ്ശേരി പരമേശ്വരന്‍, തിരുമംഗലത്ത് നീലകണ്ഠന്‍ മൂസ്സത്, തൃക്കണ്ടിയൂര്‍ അച്ചുതപിഷാരടി തുടങ്ങിയ പണ്ഡിതവ്യൂഹം വെട്ടത്തു നാട്ടിലുണ്ടായിരുന്നു. ശങ്കരാചാര്യസ്വാമികളുടെ പ്രഥമശിഷ്യന്‍ പത്മപാദാചാര്യര്‍, യുക്തിചികിത്സയുടെ ഉപജ്ഞാതാക്കളായ ആലത്തിയൂര്‍ നമ്പിമാര്‍ തുടങ്ങിയവരും വെട്ടത്തുനാട്ടുകാരാണ്. കേരളത്തിലെ ആദ്യത്തെ സാംസ്‌കാരിക നാട്, ആദ്യകാല പണ്ഡിതരുടെ തലസ്ഥാന കേന്ദ്രം എന്നീ നിലകളിലൊക്കെ വെട്ടത്തു നാട് പ്രസിദ്ധമായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ കേരളത്തിലെ പണ്ഡിതരുടെ അമരക്കാരനായിരുന്നു തൃക്കണ്ടിയൂര്‍ അച്യുതപിഷാരടി. ഷാരടിയുടെ പടിഞ്ഞാറെ പിഷാരം ആ കാലഘട്ടത്തില്‍ ഒരു സര്‍വ്വകലാശാലയ്‌ക്ക് തുല്യമായിരുന്നു. ഇപ്രകാരമുള്ള പണ്ഡിതരുടെ പവിത്ര മണ്ണിലാണ് തുഞ്ചത്തെഴുത്തച്ഛന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ ജീവിതകാലം പതിനാറാം നൂറ്റാണ്ടിലാണ്.

തുഞ്ചത്തെ പറമ്പിലെ ചക്കും ചക്കാലക്കുടിലിലെ ചക്കുന്ത്യാരും

തുഞ്ചന്‍ എന്നു പേരുള്ള ഒരാള്‍ കാടുവെട്ടിത്തെളിച്ചുണ്ടായതാണ് തുഞ്ചന്‍ പറമ്പ് എന്ന പുതിയ ചരിത്രം യുക്തിക്കും രേഖകള്‍ക്കും വിരുദ്ധമാണ്. തൃക്കണ്ടിയൂര്‍ ദേശത്തിന്റെ പടിഞ്ഞാറെ അറ്റം തിരൂര്‍-പൊന്നാനി പുഴയാണ്. ദേശത്തിന്റെ അറ്റത്തെ പറമ്പ് അഥവാ തലപ്പത്തെ പറമ്പിനെ തുഞ്ചത്തെ പറമ്പ് എന്നു വിളിച്ചുവന്നു. തുഞ്ചം എന്നതിന് അറ്റം, അഗ്രഭാഗം, തലപ്പ് എന്നെല്ലാം ആന്തരാര്‍ത്ഥമുണ്ടല്ലോ.

വടക്കെ പുല്ലങ്കോട് പാലം നിലം എന്നതാണ് തുഞ്ചന്‍ പറമ്പിന്റെ ഔദ്യോഗികനാമം. ഇത് തൃക്കണ്ടിയൂര്‍ റീസ: 36 ല്‍ 1 ലാണ്. തുഞ്ചത്തെ പറമ്പ് പൂര്‍വ്വികമായി കൃഷിയിടമായിരുന്നുവെന്നും, പിന്നീട് മണ്ണിട്ടുനികത്തി പറമ്പാക്കിയതാണെന്നും റീസര്‍വ്വെ സെറ്റില്‍മെന്റ് റജിസ്റ്ററില്‍ നിന്നും നമുക്കു മനസ്സിലാവും. തുഞ്ചത്തെ പറമ്പില്‍ ഒരു ചക്കാലപ്പുരയും ചക്കുംകാളയും ഒരു ചക്കുന്ത്യാരും അയാളുടെ ഭാര്യയും മകനും ജീവിച്ചിരുന്നു. ചക്കാലനായര്‍ പുരുഷനെ ചക്ക് ഉന്തുന്ന നായര്‍ എന്ന അര്‍ത്ഥം വരുന്ന ചക്കുന്ത്യാര് എന്നാണ് വിളിച്ചു വന്നിരുന്നത്. ഇപ്രകാരം തുഞ്ചത്തെ പറമ്പില്‍ മാത്രമല്ല തൃക്കണ്ടിയൂര്‍ ദേശത്തിന്റെ കിഴക്കുള്ള മുത്തൂരിലും തിരൂര്‍ അംശത്തിലെ പൊറൂരിലും ചക്കുപുരകളും ചക്കാല നായന്മാരും ജീവിച്ചിരുന്നു. തുഞ്ചത്തെ പറമ്പിലെ ചക്കുന്ത്യാര് മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയും മകനും ഒറ്റപ്പെട്ടു. മകന്റെ പേര് രാമന്‍ എന്നായിരുന്നുവെന്ന് പണ്ഡിതന്മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അമ്മയുടെ പേര് അജ്ഞാതമാണ്.

ചക്കുന്ത്യാര് തിരുന്നാവായ മാമാങ്ക കാലത്ത് വള്ളുവനാടിനു വേണ്ടി ചാവേറായി പോയി വെട്ടേറ്റാണ് മരിച്ചതെന്നാണ് പുതിയ ചരിത്രം. എന്നാല്‍ ചക്കാട്ടിക്കൊണ്ടിരിക്കെ വീണു മരിച്ചെന്നാണ് നൂറ്റാണ്ടുകളായി പകര്‍ന്നു കിടക്കുന്ന വാമൊഴിച്ചരിത്രം. മാമാങ്കം നടത്താനുള്ള അധികാരം സാമൂതിരി പിടിച്ചടക്കിയ ശേഷം വെട്ടത്തു രാജാക്കന്‍മാര്‍ക്കാണ് കൂരിയാല്‍ അലങ്കരിക്കാനുള്ള ചുമതല. ഒരു നിലപാടുതറ വെട്ടത്തരചനു വേണ്ടിയും നിര്‍മ്മിക്കുന്നുണ്ടെന്ന് സാമൂതിരിയുടെ ലിഖിത ചരിത്രങ്ങളിലുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ചക്കുന്ത്യാരോ, മകന്‍ രാമനോ മാമാങ്ക കാലത്ത് ചാവേറായി എന്നു പറയുന്നത് തെറ്റായ ചരിത്ര നിര്‍മ്മിതിയാണ്.

തട്ടാറമ്പത്ത് ഇല്ലവും എഴുത്തച്ഛന്റെ ജനനവും

ചക്കുന്ത്യാര് മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ പത്‌നി തട്ടാറമ്പത്ത് ഇല്ലത്തെ അടിച്ചുതളി ജോലി ചെയ്തു വന്നു. തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രത്തിലെ കഴകക്കാരായ ഈ മൂസ്സത് ഭവനം ഇപ്പോഴും തൃക്കണ്ടിയൂര്‍ ശിവക്ഷേത്രത്തിന്റെ തെക്കു ഭാഗത്തുണ്ട്. തൃക്കണ്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മാസത്തിലൊരിക്കല്‍ ദര്‍ശനത്തിനു വരാറുള്ള ചെറുമുക്ക് മനയിലെ നമ്പൂതിരി ഒരിക്കല്‍ തൃക്കണ്ടിയൂരില്‍ വന്ന സമയത്ത് ഈ നായര്‍ സ്ത്രീയില്‍ അനുരക്തനാവുകയും, അക്കാലത്തെ നാട്ടുനടപ്പനുസരിച്ചുണ്ടായ സംബന്ധത്തില്‍ എഴുത്തച്ഛന്‍ ജനിക്കുകയും ചെയ്തു.

മഹാന്മാരുടെയെല്ലാം പിതൃത്വം നമ്പൂതിരിമാരില്‍ ചാര്‍ത്തുന്നത് സവര്‍ണ്ണമേധാവികളുടെ തന്ത്രമാണെന്ന ഒരപഖ്യാതി ജാതീയ കോമരങ്ങള്‍ ഉറഞ്ഞുതുള്ളി പറയാറുണ്ട്. തുഞ്ചത്തെഴുത്തച്ഛന്റെ അച്ഛന്‍ ഒരു നമ്പൂതിരിയാണെന്നു പറയുന്നതിലും അവര്‍ കുപിതരാവുന്നു. ശൂദ്രസ്ത്രീകളില്‍ സംബന്ധങ്ങളിലൂടെ നമ്പൂതിരിമാര്‍ക്ക് കുഞ്ഞുങ്ങള്‍ ജനിക്കുന്നത് സാധാരണമാണ്. ആ ചരിത്രം പറയുമ്പോള്‍ ഇന്ന് ജാള്യതപ്പെടുന്നവരുണ്ട്. അങ്ങനെ തുഞ്ചത്തെ പറമ്പിലെ ശൂദ്ര സ്ത്രീക്ക് ചക്കുന്ത്യാരില്‍ രാമന്‍ എന്ന മകനും ചെറുമുക്കില്‍ മനയിലെ നമ്പൂതിരിയില്‍ എഴുത്തച്ഛനും ജനിച്ചു. തട്ടാറമ്പത്ത് ഇല്ലത്തെ അകത്തളത്തിലാണ് എഴുത്തച്ഛനെ പ്രസവിച്ചതെന്ന് തലമുറകള്‍ കൈമാറി പകര്‍ന്നു കിട്ടിയ അറിവുവച്ച് തട്ടാറമ്പത്ത് ഇല്ലത്തെ കുട്ടന്‍ മൂസ്സത് ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്. ചെറുമുക്ക് മന ഒരു വൈദിക കുടുംബമാണ്. അത് ഇന്നുമുണ്ട്.

തുഞ്ചത്തെഴുത്തച്ഛന്റെ അച്ഛനായ ചെറുമുക്കില്‍ നമ്പൂതിരിയുടെ ഇല്ലം സ്ഥിതി ചെയ്തിരുന്നത് എടപ്പാള്‍ ചങ്ങരംകുളം റോഡില്‍ പന്താവൂര്‍ പാലത്തിന്റെ വടക്കുഭാഗത്താണ്. പ്രസ്തുത മന നാമാവശേഷമായി. ഒരുലക്ഷ്മീ നരസിംഹ ക്ഷേത്രം ഇതിനു സമീപമുണ്ട്.

അടുത്തത്: എഴുത്തച്ഛനും ബ്രാഹ്മണസമൂഹവും

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക