വി. സുരേഷ്കുമാര്‍
മഴ തോര്‍ന്ന ഇടവഴിയിലേക്ക് കണ്ണുംനട്ട് ഇരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായിരുന്നു. വഴിയുടെ ഇരുവശങ്ങളിലുമുള്ള മരങ്ങളില്‍നിന്ന് മഴത്തുള്ളികള്‍ ഇറ്റുവീഴുന്നുണ്ട്. മഴ പെയ്തിറങ്ങിയ വെള്ളം, ഒഴുക്ക് ശോഷിച്ചെങ്കിലും താഴ്ന്ന നിലങ്ങള്‍ തേടി യാത്ര തുടരുന്നു. ഇരുട്ടിന്റെ മൂടുപടം ഭൂമിക്കു മീതെ വിരിച്ചുതുടങ്ങിയിരുന്നു. മഴ മാറിയപ്പോള്‍ നിശ്ശബ്ദത വീണ്ടും ഒരു പുതപ്പുമായി അരികിലെത്തി. ഇന്നും ഇന്നലെകളിലും ഏകാന്തത തന്നെയാണ് കൂട്ട്. ഭൂതകാലത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോള് നനവുള്ള ഓര്‍മകള്‍.
രണ്ടു പുരികങ്ങള്ക്കിടയിലായൊരു കറുത്ത പൊട്ട്….
നീണ്ട മുടിയിഴകളില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന തുളസിക്കതിര്
ഇഷ്ടമായിരുന്നു…
ഒരു പുഞ്ചിരി, ഒന്നോ രണ്ടോ വാക്കുകള്‍…. അത്രമാത്രം. എന്നാലും കാണാന്‍ വേണ്ടി മാത്രം മനസ്സ് ഏറെ ആഗ്രഹിച്ചിരുന്നു.
പക്ഷേ….
രണ്ടു കൈവഴികളായി പിരിഞ്ഞ് എങ്ങോ മറഞ്ഞുപോയി. പ്രണയം നിറഞ്ഞ മനസ്സുമായാണ് വിവാഹത്തെ സമീപിച്ചത്. മനസ്സുകള്‍ ഐക്യപ്പെടുമ്പോഴാണ് പ്രണയം യാഥാര്‍ത്ഥ്യമാകുന്നത്. പ്രണയിക്കാന്‍ ശരീരത്തിന്റെ ആവശ്യമില്ല. കാമത്തിനാണ് ശരീരത്തിന്റെ ആവശ്യം.
വലിയ വീട്, ജോലിക്കാര്‍, നല്ല ഭക്ഷണം, സുഖസൗകര്യങ്ങള്‍…
ജീവിതം ഇതുമാത്രമാണോ?
ഒരു മുറിയില്‍, ഒരേ കട്ടിലില്‍, മനസ്സ് രണ്ട് ധ്രുവങ്ങളിലായി ഒരുമിച്ചു ശയിച്ചു.
അഴിച്ചുമാറ്റാന്‍ പറ്റാത്തവിധം കുരുക്കുകള്‍ മുറുകിയപ്പോള്‍ മുറിച്ചുമാറ്റാന്‍ തീരുമാനിച്ചു. മോഹങ്ങള്‍ ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. ഒന്നും എവിടേക്കും എത്തുന്നില്ല. എത്രയോ ഋതുക്കള്‍ മാറി മാറി വന്നിരിക്കുന്നു. എന്നിട്ടും…
പകലുകളും രാത്രികളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ആവര്‍ത്തന വിരസത ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. അപ്പോഴും ഓര്മയിലേക്കെത്തും.
രണ്ടു പുരികങ്ങള്‍ക്കിടയിലായി ഒരു കറുത്തപൊട്ട്…
നീണ്ട മുടിയിഴകളില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന തുളസിക്കതിര്. എവിടെനിന്നോ ഇലഞ്ഞി പൂത്ത മണം. മഴയില്‍ പൂക്കളെല്ലാം താഴെ വീണു കിടക്കുന്നുണ്ടാകും. മഴയുടെ ലാളനമേറ്റ്, മണ്ണിനോട് പറ്റിച്ചേര്‍ന്ന്, സുഗന്ധം പൊഴിച്ച്, അവ കിടക്കും. പെറുക്കി എടുക്കാന്‍ ആരുമില്ലെങ്കില്‍ അതങ്ങനെ തന്നെ കിടക്കും. പിന്നെ…, പിന്നെ സാവധാനം എല്ലാം മണ്ണോട് ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: