മുംബൈ:ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ മലയാളി താരം മിന്നു മണിയെ ഉള്‍പ്പെടുത്തി. ആദ്യമായാണ് മിന്നു ദേശീയ ടീമില്‍ ഇടംപിടിക്കുന്നത്. വയനാട്ടില്‍നിന്നുള്ള ഈ ഇരുപത്തിനാലുകാരി ഓള്‍റൗണ്ടറാണ്- ഇടങ്കൈ ബാറ്ററും ഓഫ്സ്പിന്നറും. വനിതാ ഐപിഎല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് ടീമംഗമായിരുന്നു. ട്വന്റി20 ടീമില്‍ മാത്രമാണ് മിന്നുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബംഗ്ലാദേശിനെതിരേ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും മിര്‍പൂരിലെ ഷേര്‍-ഇ-ബംഗ്ലാ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ബിസിസിഐ അറിയിച്ചു. ഏകദിനത്തിലും ടി 20യിലും ഹര്‍മന്‍പ്രീത് കൗര്‍ ടീമിനെ നയിക്കും. സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍.മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയോടെ പര്യടനം ആരംഭിക്കും. ആദ്യ മത്സരം ഈ മാസം 9 ന് നടക്കും. രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ യഥാക്രമം ജൂലായ് 11 നും ജൂലായ് 13 നും നടക്കും.
രണ്ട് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ജൂലായ് 16ന് ആരംഭിക്കും.രണ്ടാം ഏകദിനം ജൂലായ് 19നും മൂന്നാം ഏകദിനം ഈ മാസം 22നും നടക്കും. മിന്നു മണിയെ കൂടാതെ ഇടങ്കൈ സ്പിന്നര്‍മാരായ അനുഷ ബാറെഡ്ഡി, റാഷി കനോജിയ എന്നിവര്‍ക്കും ആദ്യമായി ദേശീയ ടീമില്‍ ഇടംകിട്ടി. ടി20 ലോകകപ്പില്‍ റിസര്‍വ് കളിക്കാരായിരുന്ന ബാറ്റര്‍ എസ്. മേഘന, പേസര്‍ മേഘന സിങ് എന്നിവരെ മെയിന്‍ ടീമില്‍ ഉള്‍പ്പെടുത്തി. ഇടങ്കൈ സീമര്‍ മോണിക്ക പട്ടേല്‍, ബാറ്റര്‍ പ്രിയ പൂനിയ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി.
അതേസമയം, ട്വന്റി20, ഏകദിന ടീമുകളില്‍ നിന്ന് സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിനെയും പേസ് ബൗളിങ് കുന്തമുന രേണുക സിങ്ങിനെയും ഒഴിവാക്കി. പേസ് ബൗളര്‍ ശിഖ പാണ്ഡെ, ഇടങ്കൈ സ്പിന്നര്‍മാരായ രാജേശ്വരി ഗെയ്‌ക്ക്വാദ്, രാധ യാദവ് എന്നിവരാണ് പുറത്തായ മറ്റു പ്രമുഖര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക