തൊടുപുഴയിലെ ബ്രാഹ്മിന്‍സ് രുചിക്കൂട്ടുകള്‍ ആഗോളതലത്തില്‍ത്തന്നെ മലയാളികളുടെ അവശ്യ ഭക്ഷ്യസഹായി ആയിട്ട് ദശകങ്ങളായി. അതിന്റെ നിര്‍മാതാവായ കെ. വിഷ്ണുനമ്പൂതിരി കഴിഞ്ഞ ദിവസം ഇഹലോകജീവിതം അവസാനിപ്പിച്ചു. അതിന്റെ നഷ്ടബോധം മാറുമെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്റെ കുടുംബവുമായി എത്രയോ ദശകങ്ങളായി അടുപ്പമുള്ള ഞങ്ങള്‍ക്ക് അതു അസാധ്യമാണ്. പഴയകാലത്തെ മണക്കാട് പകുതിയുടെ ജന്മിമാരായി എട്ടില്ലക്കാരുണ്ടായിരുന്നത്രേ. രാജഭരണകാലത്ത് ജന്മിക്കരം പിരിച്ചിരുന്നു. സര്‍ക്കാര്‍ അത് അവര്‍ക്ക് വര്‍ഷംതോറും കൊടുത്തുവന്നിരുന്നു. അവയില്‍ ഒന്നു പുതുക്കുളത്തു മനയായിരുന്നു. തൊടുപുഴയാറ് മണക്കാട്ടു കരയിലേക്കു പ്രവേശിക്കുന്നിടത്തെ കടവിന് മനയ്ക്കല്‍ കടവ് എന്നു പറഞ്ഞുവന്നു. അതിന് സമീപമാണ് പുതുക്കുളത്തുമന. ഞങ്ങളുടെ കുടുംബത്തിലെ സര്പ്പക്കാവില് വര്‍ഷംതോറും നടക്കുന്ന സര്‍പ്പപൂജ നടത്താന്‍ വരാറ് അദ്ദേഹമായിരുന്നു. എന്റെ ഇളയ അനുജന് ഡോ. കേസരി അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. അതുപോലെ മറ്റൊരു സഹപാഠി ‘തപസ്യ’ കലാസാഹിത്യവേദിയുടെ കാര്യദര്‍ശിയായിരുന്ന മണിലാല്‍, അദ്ദേഹത്തിന്റെ സംരംഭങ്ങള്‍ക്കൊക്കെ വേണ്ടതായ ഉപദേശങ്ങള്‍ നല്കിവന്നു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായിരുന്ന അദ്ദേഹത്തിന്റെ ഉപദേശം വിഷ്ണുനമ്പൂതിരിക്കു സഹായകമായി. അവരോടൊപ്പം അദ്ദേഹം സംഘത്തിലും സജീവമായി.
നേരത്തെതന്നെ തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചുവന്ന നമ്പൂതിരീസ് പിക്കിള്‍സ് എന്ന സ്ഥാപനത്തിലും വിഷ്ണു സഹകരിച്ചുവന്നു. നമ്പൂതിരീസ് പിക്കിള്‍സിന്റെ വ്യാപാരശേഷി നിര്‍ഭാഗ്യവശാല്‍ കുറഞ്ഞുവന്നു. അതിനിടെ സ്വന്തം നിലയ്ക്കു അച്ചാറുകള്‍ നിര്‍മിച്ച് പാക്കറ്റുകളിലാക്കി വീടുകൡലും മറ്റും കൊണ്ടുനടന്നു വില്പന നടത്തി അദ്ദേഹം മെല്ലെ മെല്ലെ പച്ചപിടിച്ചുവന്നു. അച്ചാറിനു പുറമെ കറിപ്പൊടികള്‍ നിര്‍മിക്കാനും ആരംഭിച്ചു. മാങ്ങായുടെ സീസണായാല്‍, നാട്ടിന്‍പുറങ്ങളില്‍നിന്നും അതു ശേഖരിച്ച് എത്തിക്കാനായി ധാരാളം ചെറുപ്പക്കാര്‍ മുന്നോട്ടുവന്നു. കയറും തോട്ടിയുമായി അവര്‍ ഗ്രാമങ്ങള്‍തോറും നടന്നു. മാങ്ങാ ശേഖരിച്ചു. പാഴായിപ്പോകുമായിരുന്ന മാങ്ങ വീട്ടുകാര്‍ക്കും ചെറുവരുമാനമായി.
അതിനിടെ കറിപ്പൊടികള്ക്കു പുറമേ കാപ്പി, തേയിലപ്പൊടികളും സ്വന്തം ബ്രാന്‍ഡില്‍ ഇറങ്ങിത്തുടങ്ങി. ഇന്‍സ്റ്റന്റ് കാപ്പി വന്‍ ആഗോളകമ്പനികളുടെ കുത്തകയാണല്ലോ. നെസ്ലേ പോലത്തെ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ നിറയെ. വിഷ്ണുനമ്പൂതിരി തന്റേതായ രീതിയില്‍ ഇന്‍സ്റ്റന്റ് കാപ്പി വിപണിയിലിറക്കി. ബ്രാഹ്മിന്‍സ് ഇന്‍സ്റ്റന്റ് കോഫിയുടെ പരസ്യം പെരിയാറിനു കുറുകെ കാലടിയിലെ താന്നിപ്പുഴപ്പാലത്തിന്റെ വശങ്ങളിലുള്ളത് വര്‍ഷങ്ങളായി കാണാന്‍ കഴിയുന്നു.
പുതുക്കുളത്തു നാഗരാജാക്ഷേത്രം ഏതാനും വര്‍ഷങ്ങളായി പ്രസിദ്ധിയാര്ജിച്ചുവരുന്നു. ഇല്ലത്തിനു സമീപം മുമ്പ് സര്‍പ്പപൂജ പോലത്തെ ആരാധനകള്‍ക്കായി ഭക്തര്‍ എത്തുമായിരുന്നു. അദ്ദേഹത്തിന് സര്‍പ്പസംബന്ധമായി ഏതു പരിഹാരക്രിയയും നടത്തിക്കൊടുക്കാന്‍ സാധിക്കുമെന്ന് പ്രസിദ്ധമായിരുന്നു. സര്‍പ്പങ്ങളെ ആവാഹിച്ച് ഉദയംപേരൂര്ക്കോ പാമ്പുംമേയ്ക്കാട്ടേക്കോ കൊണ്ടുപോകാന്‍ പലരും സമീപിച്ചുവന്നു. എന്റെ പത്നിയുടെ ചില ഉറ്റ ബന്ധുക്കള്‍ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിനു പിന്നില്‍ താമസിക്കുന്നുണ്ട്. സംഗതിവശാല്‍ ഒരിക്കല്‍ അവരെ കാണാന്‍ പോയപ്പോള്‍ അവിടത്തെ ഒരംഗത്തെ പരിചയപ്പെടാനിടയായി. അദ്ദേഹം പുരാവസ്തുപ്രിയനാണ്. അതുസംബന്ധമായ പല പുസ്തകങ്ങളും അവിടെയുണ്ട്. അവിടത്തെ വസ്തുക്കള്‍ നോക്കി മനസ്സിലാക്കാനുള്ള എന്റെ താല്പര്യം അദ്ദേഹത്തിന് കൗതുകമുണ്ടാക്കി. ഞാന്‍ ‘ആര്‍എസ്എസ് മൂരാച്ചി’യാണെന്നവര്ക്കൊക്കെ അറിയാമായിരുന്നു. പുരാവസ്തുക്കളില്‍ തല്പരനാണെന്നു കണ്ടപ്പോള്‍ സമീപനത്തില്‍ മാറ്റം വന്നുതുടങ്ങി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അളവുകളുടെയും തൂക്കങ്ങളുടെയും ഉപകരണങ്ങള്‍ കാണിച്ചുതന്നു. പറ, ചങ്ങഴി, നാഴി, ഉറി മുതലായ അളവുപാത്രങ്ങള്‍. എള്ളിട, നെല്ലിട, യവം, വിരല്‍, അംഗുലം, ചാണ്, മുഴം, കോല്, ദണ്ഡ്, നാഴിക തുടങ്ങിയ ദൈര്ഘ്യമാനവും പറഞ്ഞുതന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊച്ചിരാജ്യത്തെയും പറങ്കികളുടെയും ഡച്ചുകാരുടെയും ഉപകരണങ്ങള്‍ അവിടെയുണ്ട്.
അങ്ങനെ സംസാരിച്ചു വരുമ്പോഴാണ് സ്വന്തം സ്ഥലത്തെപ്പറ്റി പരാമര്‍ശമുണ്ടായത്. തൊടുപുഴ എന്നു പറഞ്ഞപ്പോള്‍, അവിടെ വിഷ്ണുനമ്പൂതിരിയെ കാണാന്‍ വരാറുണ്ട് എന്നു പറഞ്ഞു. സര്‍പ്പപൂജ സംബന്ധമായിട്ടാണോ എന്നന്വേഷിച്ചപ്പോള്‍, ചൈതന്യം നഷ്ടപ്പെട്ട സര്‍പ്പവിഗ്രഹങ്ങള്‍ തേടിയാണ് എന്നു പറഞ്ഞു. അതുപേക്ഷിക്കാന്‍ പ്രയാസമാണ്. ഒഴുക്കുമൂലം ആളുകള്ക്കിറങ്ങാന് പ്രയാസമായ പുഴയില്‍ താഴ്ത്തുകയാണ് സാധാരണ ചെയ്യുന്നത്. അദ്ദേഹത്തെ കണ്ടാല്‍ തനിക്കുതന്നെ മുങ്ങിയെടുത്തു കൊണ്ടുപോകാന്‍ കഴിയും. പുരാവസ്തു സംരക്ഷണച്ചട്ടങ്ങള്‍ അനുസരിച്ച് താന്‍ ആവശ്യമായ രേഖകളും രജിസ്റ്ററുകളും ഉണ്ടാക്കി സൂക്ഷിക്കുമെന്നു പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് വിഷ്ണുനമ്പൂതിരി അതിനെതിരായ പ്രതിരോധത്തില്‍ സജീവമായിരുന്നു. 1975 ഡിസംബര്‍ പത്തിന് തൊടുപുഴ ബസ് സ്റ്റാന്‍ഡിനടുത്താണ് സത്യഗ്രഹം നടന്നത്. അന്ന് ഗാന്ധി സ്ക്വയറിനടുത്താണ് ബസ്സ്റ്റാന്‍ഡ്. കെ. രാജന്റെ നേതൃത്വത്തില്‍ 12 പേര് സത്യഗ്രഹത്തില്‍ പങ്കെടുത്തു. മൂവാറ്റുപുഴ സബ്ജയിലില്‍ ഒരു മാസത്തിലേറെ കിടക്കേണ്ടിവന്നു.
തൊടുപുഴയിലും മണക്കാട്ടും നടന്ന എല്ലാവിധ ആധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം കരുത്തുപകര്‍ന്നു. അന്നു ജയിലില്‍ പ്രവേശിച്ച കെ. രാജന് മിസാപ്രകാരം, അടിയന്തരാവസ്ഥക്കാലം മുഴുവന്‍ തിരുവനന്തപുരം പൂജപ്പുര ജയിലില്‍ കഴിഞ്ഞശേഷമാണ് പുറത്തുവന്നത്.
തറവാട്ടുവക നാഗരാജക്ഷേത്രത്തെ കൂടുതല്‍ ചൈതന്യവത്താക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. പതിനഞ്ച് അടിയോളം ഉയരമുള്ള നാഗരാജാ പ്രതിഷ്ഠ നടത്തുകയും ആയില്യം നാളുകളില്‍ വിശേഷാല്‍പൂജകളും ദര്ശനസൗകര്യങ്ങളും ഏര്‍പ്പെടുത്തുകയും ചെയ്തു. അതിനുശേഷം ആയിരക്കണക്കിനു ഭക്തജനങ്ങള്‍ ദൂരസ്ഥലങ്ങളില്‍നിന്നുപോലും എത്താന്‍ തുടങ്ങി. മഹാഗണപതി വിഗ്രഹപ്രതിഷ്ഠ ഈയിടെ കഴിഞ്ഞതേയുള്ളൂ. അതിന്റെ സമര്‍പ്പണമാണ് വിഷ്ണുനമ്പൂതിരി അവസാനമായി പങ്കെടുത്ത പരിപാടി. തൊടുപുഴയിലെ ഏറ്റവും ഭക്തജനത്തിരക്കുള്ള ആരാധനാകേന്ദ്രമായി പുതുക്കുളം ക്ഷേത്രത്തെ കണ്ടശേഷമാണ് വിഷ്ണുനമ്പൂതിരി സ്വധാമത്തിലേക്കു മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: