ബദരീനാഥില്‍ നവംമ്പര്‍ അവസാനവാരത്തോടെ ആരംഭിച്ച മഞ്ഞുവീഴ്ച മെയ് മാസമാദ്യമായിട്ടും പൂര്‍ണ്ണമായും വിട്ടൊഴിഞ്ഞിട്ടില്ല. ‘നാടാറുമാസം’ കഴിഞ്ഞ് ശങ്കരേട്ടന്‍ ബദരിയില്‍ തിരിച്ചെത്തിക്കഴിഞ്ഞു. കഴിഞ്ഞ മൂന്നര പതിറ്റാണ്ടോളമായി ആദ്യം ബദരിയിലെത്തുന്നതും ഒടുവില്‍ ബദരിയൊഴിഞ്ഞു പോകുന്നതും ഇദ്ദേഹമാണ്. കൂടെ റാവല്‍ജിയും സംഘവും! ബദരീനാരായണനെ കണ്ടുതൊഴാനെത്തുകയും, ബദരീ ശങ്കരന്റെ തണലില്‍ സ്വഛന്ദം അത് നിര്‍വ്വഹിയ്‌ക്കുവാന്‍ സാധ്യമാവുകയും ചെയ്തതിന്റെ സായുജ്യത്തില്‍, വര്‍ഷം തോറും ഹിമാലയ സാനുക്കള്‍ വിട്ടിറങ്ങുന്ന മലയാളികള്‍ മാത്രം പതിനായിരത്തിലേറെ വരും.
ഇന്ത്യന്‍ നേവിയില്‍ ഉദ്യോഗസ്ഥനായിരുന്ന വടക്കേ മലബാറുകാരന്‍ ശങ്കരേട്ടന്‍, ഒരേസമയം, ഭാരതത്തിന്റെ വടക്കന്‍ അതിര്‍ത്തിയിലുള്ള ബദരീനാഥുകാരന്‍ കൂടിയാണ്. ബദരീദര്‍ശനത്തിനായെത്തുന്ന തീര്‍ത്ഥാടകര്‍ക്ക്, മലയാളികള്‍ മാത്രമല്ല തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക ദേശക്കാര്‍ക്കു മുഴുവന്‍- പ്രിയങ്കരനാണ്. ഇദ്ദേഹത്തിന്റെ ആതിഥ്യസുഖം നുകരാത്ത ബദരീതീര്‍ത്ഥാടനം ദക്ഷിണ ഭാരതീയര്‍ക്ക് അചിന്ത്യമാവും.
1974-ല്‍ അമ്മാമന്‍ ചന്ദ്രമന വിഷ്ണുഗണപതി നമ്പൂതിരി റാവലായിരിക്കുന്ന (മേല്‍ശാന്തി) അവസരത്തിലാണ് അദ്ദേഹത്തിന് സഹായമെന്ന നിലയില്‍ പെരുമ്പയില്ലത്ത് ശങ്കരന്‍ നമ്പൂതിരി ആദ്യമായി ബദരീനാഥില്‍ എത്തുന്നത്. (1971 മുതല്‍ അദ്ദേഹമായിരുന്നു റാവല്‍). അതേ വര്‍ഷം ഇന്ത്യന്‍ നേവിയില്‍ ജോലി കിട്ടി. അക്കാലങ്ങളിലൊന്നും തീര്‍ത്ഥാടകത്തിരക്ക് ഇത്രയേറെ ഉണ്ടായിരുന്നില്ല. നേവിയില്‍ ‘റഡാര്‍ പ്ലോട്ടര്‍’ തസ്തികയില്‍ പത്തുവര്‍ഷത്തെ സേവനം. 1984-ല്‍ വിരമിച്ചയുടന്‍ ഒ.എന്‍.ജി.സി. ഓഫ് ഷോര്‍ വെസ്സല്‍സില്‍ ‘ലീഡിങ് സീമാ’നായി ചേര്‍ന്നു. 1983 ലായിരുന്നു വിവാഹം. പയ്യന്നൂര്‍ പാച്ചമംഗലം പതിയേടത്ത് ഈശ്വരന്‍ നമ്പൂതിരിയുടെ മകള്‍ സാവിത്രി സഹധര്‍മ്മിണിയായി. അര്‍ച്ചന, നാരായണന്‍, ഹരി – കുട്ടികള്‍ മൂവരുമിന്ന് ഓരോ ഇടങ്ങളില്‍ ജോലിയിലാണ്.
1987-ല്‍ ഷിപ്പില്‍ ആയിരുന്ന അവസരത്തിലാണ് റാവലായിരുന്ന അമ്മാമന്റെ മരണം. ശങ്കരേട്ടന്റെ അനുജന്‍ പെരുമ്പ നാരായണന്‍ നമ്പൂതിരി തുടര്‍ന്ന് റാവലായി. തന്ത്രവിദ്യാപീഠത്തില്‍ കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിയുടെ ശിഷ്യനായിരുന്ന ഇദ്ദേഹം അമ്മാമന് സഹായമായി 1978-ല്‍ ബദരിയിലെത്തിയിരുന്നു.
നാരായണന്‍ റാവലായപ്പോള്‍ ജോലി ഉപേക്ഷിച്ച് കൂടെ പോകാതിരിക്കുവാന്‍ നിര്‍വ്വാഹമില്ലാതായി. അന്നുമുതല്‍ വര്‍ഷത്തില്‍ പകുതി ശങ്കരേട്ടന്‍ ഇവിടെത്തന്നെയാണ്. നവംമ്പര്‍ 25-ഓടെ മഞ്ഞുവീണു ബദരീനാഥം മൂടിക്കിടക്കുന്ന സാഹചര്യത്തില്‍ ക്ഷേത്രമടച്ച് ഏവരും മടങ്ങുമ്പോള്‍, ജന്മദേശമായ കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം പെരുമ്പയില്ലത്തേക്ക് ശങ്കരേട്ടനും മടങ്ങും. ഒരു മര്‍ച്ചന്റ് നേവിക്കാരന്റെ ആവാസവ്യവസ്ഥ ഇന്നും തുടരുകയാണിദ്ദേഹം.
ശങ്കരേട്ടന്‍ ശ്രദ്ധേയനാകുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വബോധത്തിന്റേയും സേവനോത്സുകത യുടേയും ദീനാനുകമ്പയുടേയും നിസ്വാര്‍ത്ഥകര്‍മ്മ പരിപാലനത്തിന്റെയും സര്‍വ്വോപരി സ്വഭാവവൈശിഷ്ട്യത്തിന്റേയും ആകര്‍ഷണീയത കൊണ്ടാണ്. ഒരു പാട് സംസാരിക്കുവാനിഷ്ടപ്പെടുന്ന, അതേസമയം കേള്‍വിക്കാരുടെ മനസ്സിനും കാഴ്ചപ്പാടുകള്‍ക്കും അഭികാമ്യമായ വിധത്തില്‍ മാത്രം സംസാരിക്കുന്ന ആ വ്യക്തിത്വം ആരേയും ആകര്‍ഷിക്കും. സാഹിത്യതല്‍പ്പരരുടെകൂടെയാണെങ്കില്‍ പുരാണേതിഹാസങ്ങളടക്കമുള്ള ലോക ക്ലാസ്സിക്കുകള്‍ മുതലിങ്ങോട്ടെല്ലാം അദ്ദേഹം സംസാരിക്കും. ഭക്തിരസപ്രധാനവേദിയാണെങ്കില്‍ മഹാഭാരതവും ഭാഗവതവും ഗീതയും വേദങ്ങളും സമയാസമയങ്ങളില്‍ ഒഴുകി വരും. സയന്‍സാണെങ്കില്‍ പ്രാചീനശാസ്ത്രവും ആധുനിക ശാസ്ത്രത്രഗതിവിഗതികളും അദ്ദേഹത്തിന് വിഷയമാണ്. കലയാണെങ്കില്‍ അങ്ങനെ. തന്റെ വായിച്ചറിവുകളിലൂടെ, അനുഭവപരിചയങ്ങളിലൂടെ സ്വാംശീകരിച്ച വിഷയസംബന്ധിയായ പരിജ്ഞാനത്തെ ഹൃദ്യമായ ഭാഷയില്‍ അവതരിപ്പിക്കുന്ന ശങ്കരേട്ടന് അദ്ദേഹത്തിന്റേതായ ഒരു വാചികശൈലിയുണ്ട്. സമുദ്രജീവിതത്തിലെ വിരസതകളെ അതിജീവിക്കുവാനായി ആശ്രയിച്ച വായന, തുടര്‍ന്നൊരു ശീലമാക്കിയതിന്റെ ഗുണം!
2015-ല്‍ ഗോമുഖ് മുതല്‍ ബദരീനാഥം വരെയുള്ള യാത്ര ആസൂത്രണം ചെയ്യുമ്പോള്‍, ഞങ്ങളുടെ യാത്രാസൂത്രധാരനായ ചേലക്കര വെമ്പോലമനക്കല്‍ ഹരിനാരായണന്‍ ”ചെര്‍പ്പുളശ്ശേരി പൊകയില ഞങ്ങള്‍ക്കു മാത്രം പോരാട്ടോ, ശങ്കരേട്ടനുംകൂടി കൂട്ടി വാങ്ങണേ” എന്ന് ഓര്‍മ്മപ്പെടുത്തിയിരുന്നു. ഹരിയുടെ ഒരു മുറുക്കുകാരന്‍ സുഹൃത്ത് എന്നേ തത്സമയം കരുതിയിരുന്നുള്ളൂ. മുഖദാവില്‍ കണ്ടപ്പോഴല്ലേ ഒരു സംഭവമാണ് ഇദ്ദേഹമെന്ന് തിരിച്ചറിയുന്നത്.
ആദിശങ്കരാ അദൈ്വതപ്രതിഷ്ഠാനം ട്രസ്റ്റ് ഗോമുഖില്‍ നിന്നുമാരംഭിച്ച ചതുര്‍ധാം യാത്രയുടെ മുഴുവന്‍ പരവേശവും ക്ഷീണവുമായി ബദരീനാഥിലിറങ്ങുമ്പോഴേക്കും കേട്ടറിവുകളോടെ ശങ്കരേട്ടന്‍ പരിചിതനായിക്കഴിഞ്ഞിരുന്നു. നേരെ ശങ്കര്‍മഠത്തിലേക്ക്! ‘ആദിശങ്കരാ അദൈ്വത പ്രതിഷ്ഠാനം ട്രസ്റ്റ് ഫൗണ്ടേഷന്‍’ എന്ന പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മലയാളി സേവാകേന്ദ്രം! ശങ്കരേട്ടന്റെ അനുജന്‍ പെരുമ്പ നാരായണന്‍ നമ്പൂതിരി റാവലായ 1991-ലാണ്, ദക്ഷിണേന്ത്യക്കാര്‍ക്ക്, വിശിഷ്യാ മലയാളികള്‍ക്ക് ബദരീനാഥില്‍ ഒരു ആശ്രയകേന്ദ്രം എന്ന ചിന്ത പ്രബലമാകുന്നതും, ശങ്കരേട്ടന്‍ തന്നെ പ്രഥമ സെക്രട്ടറിയായി അതേവര്‍ഷം നവംബര്‍ രണ്ടിന് ട്രസ്റ്റ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്നത്. അതാത് കാലങ്ങളിലെ റാവല്‍മാര്‍ അദ്ധ്യക്ഷരായിക്കൊണ്ട്, കേരളത്തില്‍ ജനിച്ചുവളര്‍ന്ന പതിനാല് നമ്പൂതിരിമാരടങ്ങുന്ന ഈ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് ഇരുപത് സെന്റ് സ്ഥലം വാങ്ങി കെട്ടിടം പണിതു. ഇന്ന് രണ്ടരക്കോടി രൂപയോളം ചെലവിട്ട് മൂന്നുനിലകളായുള്ള ഈ കെട്ടിടം ബദരീനാഥന് അഭിമുഖമായി അളകനന്ദാ തീരത്ത് തീര്‍ത്ഥാടകാലയമായി നിലകൊള്ളുന്നു. 2012 മുതല്‍ ഈ ട്രസ്റ്റിന്റെ ആജീവനാന്ത സെക്രട്ടറി കൂടിയാണ് ശങ്കരേട്ടന്‍!
”മഹാരാഷ്‌ട്ര, ഗുജറാത്ത്, തുടങ്ങിയ വടക്കേ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനക്കാര്‍ക്കും ബദരീനാഥില്‍ അവര്‍ക്കായി താവളമുണ്ട്. കേരളം തമിഴ്‌നാട്, ആന്ധ, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ ദക്ഷിണേന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ഒരു ആശ്രയകേന്ദ്രമിവിടില്ലെന്നത് പലവിധ പ്രയാസങ്ങള്‍ക്കും ഇടവരുത്തിയിട്ടുണ്ട്. 1971-ല്‍ അമ്മാമന്‍ ചന്ദ്രമന വിഷ്ണുഗണപതി നമ്പൂതിരി റാവലായിരിക്കുമ്പോള്‍ത്തന്നെ ഇത്തരമൊരാശയം ഉടലെടുത്തിരുന്നു. പ്രാബല്യത്തിലാകുവാന്‍ രണ്ടു പതിറ്റാണ്ടുകള്‍ പിന്നിടേണ്ടിവന്നെന്നു മാത്രം”- മുറുക്കാന്‍ കുഴമ്പ് വായിലൊതുക്കി, നരച്ചു നീണ്ട താടിയിലൂടെ വിരലോടിച്ച് ശങ്കരേട്ടന്‍ പറഞ്ഞു തുടങ്ങുമ്പോഴേക്കും ആരെങ്കിലും അന്വേഷിച്ചെത്തിയിരിക്കും. അല്ലെങ്കില്‍ അടുക്കളയിലൊന്നു പോയിവരാനുണ്ടാകും. തേവനംകോട് കേശവന്‍നമ്പൂതിരി റാവാലായിരുന്ന 1968-ല്‍, കൂടെ വന്ന ബാലേട്ടനാണ് ശങ്കരേട്ടന്റെ വലംകൈ. ബദരീനാഥില്‍ ശങ്കരേട്ടനേക്കാള്‍ സീനിയറായ മലയാളിയാണ് ബാലേട്ടന്‍!
”വിവിധങ്ങളായ മേഖലകളില്‍ ഇന്നീ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, തീര്‍ത്ഥാടനം എന്നീ ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട്. ചുറ്റുവട്ടങ്ങളിലായുള്ള താഴ്‌വാരങ്ങളിലേതടക്കം അഞ്ഞൂറോളം കുട്ടികള്‍ക്ക് പുസ്തകം, ജേഴ്‌സികള്‍, പുള്‍ ഓവര്‍, ടൂത്ത്‌പേസ്റ്റ്, ടൂത്ത് ബ്രഷ്, സ്‌ക്കൂള്‍ബാഗ് എന്നിവ വര്‍ഷംതോറും സൗജന്യമായി വിതരണം ചെയ്തുവരുന്നു. വിദ്യാലയങ്ങളില്‍നിന്നും കുട്ടികളുടെ എണ്ണം ചോദിച്ചറിഞ്ഞ് സാമഗ്രികള്‍ അതാതിടങ്ങളില്‍ എത്തിച്ചുകൊടുക്കും. വിതരണം അദ്ധ്യാപകര്‍ തന്നെ! പൊതുപരിപാടിക്കൊന്നും മിനക്കെടാറില്ല. ആരോഗ്യരംഗത്ത് ഒരു ഡിസ്പന്‍സറി തന്നെ ഇവിടെ നിരവധി തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായി പ്രവര്‍ത്തിച്ചുവരുന്നു. വരുമാനത്തിന്റെ എഴുപത്തഞ്ചുശതമാനവും ഇവിടെ ചിലവഴിക്കണമെന്ന് ട്രസ്റ്റ് ബൈലോ അനുശാസിക്കുന്നു. ‘ശങ്കര്‍മഠ് കിദര്‍ ഹെ?’ എന്നന്വേഷിച്ചറിഞ്ഞെത്തുന്ന രീതിയാണ് നിലവിലുള്ളത്. ബോര്‍ഡുകളോ ഇതര പ്രചരണോപാധികളോ നമുക്കില്ല.
സാങ്കേതികമായ ചില പ്രശ്‌നങ്ങള്‍ കൂടി ഇതിന് തടസ്സമായുണ്ട്. താമസക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ളതാണതില്‍ മുഖ്യം. ഇവിടെ പാചകക്കാരനോ പരിചാരകനോ ഇല്ല. വടക്കേ ഇന്ത്യക്കാര്‍ നമ്മപ്പോലെയല്ല. ബോര്‍ഡെല്ലാം കണ്ട് ഇവിടെ വന്ന് മുറിയെടുത്ത് ‘കമരാ ഹേ?’ എന്ന ചോദിച്ചാല്‍ ഇല്ല എന്നുതന്നെ പറയേണ്ടിവരും. അമ്പലത്തിലെ നിവേദ്യവും ഒതുങ്ങിയ ചുറ്റുപാടുകളുമായി സമരസപ്പെടുവാന്‍ മലയാളിക്ക് കഴിയും. മറ്റുള്ളവര്‍ക്കത് പ്രയാസമാണ്.
ബദരീദര്‍ശനം നടത്തി, ഒന്നോരണ്ടോ ദിവസമിവിടെ താമസിച്ച് യാത്രതിരിക്കുന്നവര്‍ ‘ഞങ്ങളെന്താ തരേണ്ടതെന്ന്’ ചോദിയ്‌ക്കുമ്പോള്‍ ‘തരുന്നെങ്കില്‍ തന്നോളൂ’ എന്നേ പറയാറുള്ളൂ. ഭക്ഷണമിവിടെ വില്‍ക്കാറില്ല. ഭക്ഷണം വില്‍ക്കുന്നത് ധര്‍മ്മച്യുതിയാണെന്ന് ഭാഗവതം ഓര്‍മ്മപ്പെടുത്തുന്നുണ്ടല്ലോ?
സംസാരശൈലിയില്‍ വടക്കന്‍ മൊഴിവഴക്കം വല്ലപ്പോഴുമേ ശങ്കരേട്ടനില്‍ കടന്നുവരുന്നുള്ളൂവെന്നത് ശ്രദ്ധേയമാണ്. ഒരുപക്ഷേ വര്‍ഷങ്ങളായി ഇടപഴകി നേടിയ സംസാരശൈലീഭേദങ്ങളുടെ സങ്കരസമന്വയമാവാം ഇതിനു നിദാനം.
”എന്തെങ്കിലും ഒരു പ്രത്യേക ലക്ഷ്യത്തോടെ അല്ലെങ്കില്‍ ഉദ്ദേശ്യത്തോടെ ബദരീനാഥനരികില്‍ ഒരു വട്ടമെത്തിയാല്‍ പിന്നീട് വിട്ടുപോവുക പ്രയാസം. അതിവിടത്തെ പ്രത്യേകതയാണ്.”
”ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളുടെ നാലു മഹാക്ഷേത്രങ്ങള്‍ ഭാരതത്തിന്റെ ആദ്ധ്യാത്മിക സംസ്‌ക്കാരത്തിന് മുതല്‍ക്കൂട്ടായുണ്ട്. കൃതയുഗത്തില്‍ മോക്ഷത്തിന്റെ ക്ഷേത്രമായാണ് ബദരീനാഥം വിശ്രുതമാവുന്നത്. മഹാപ്രസ്ഥാനത്തിനായി പാണ്ഡവരും പാഞ്ചാലിയും യാത്രപുറപ്പെടുന്നത് ഇവിടെനിന്നുമാണ്. അന്ന് ‘മുക്തിപ്രദ’ എന്നായിരുന്നു നാമം. ത്രേതായുഗത്തില്‍ രാമേശ്വരം അര്‍ത്ഥത്തിന്റെ ക്ഷേത്രം, ദ്വാപരയുഗത്തില്‍ ഗുജറാത്തിലെ ദ്വാരകാപീഠം! ഓരോ കല്‍പ്പനകളും എത്രത്തോളം അര്‍ത്ഥഗര്‍ഭങ്ങളാണെന്ന് നോക്കൂ.”
ബദരീനാഥദര്‍ശനം മനസ്സിനും ശരീരത്തിനും മോക്ഷസുഖം പ്രദാനംചെയ്യുന്നുവെങ്കില്‍ ‘ബദരീ ശങ്കര’സമ്പര്‍ക്കം ആത്മാവിനേയും അറിവുകളേയും നമ്മിലേക്ക് ആവാഹിച്ചെടുക്കുന്നു. വീണ്ടും ശങ്കരേട്ടനെ കാണണം, അദ്ദേഹത്തോടൊപ്പം രണ്ടുനാള്‍ തങ്ങണമെന്ന അഭിവാഞ്ഛ, ഇദ്ദേഹത്തെ അടുത്തറിഞ്ഞിടപഴകിയവര്‍ക്ക് വര്‍ഷാവര്‍ഷം തോന്നിപ്പോയാല്‍ അത്ഭുതമില്ല-തികച്ചും സ്വാഭാവികം!
കേരള സംസ്ഥാനത്തിന്റെ ചെങ്കോലില്ലാത്ത അമ്പാസഡറായി വേണം ശങ്കരേട്ടനെ അറിയേണ്ടത്. 2014-ലെ ഉത്തരാഖണ്ഡ് പ്രളയക്കെടുതിയില്‍ കുടുങ്ങിക്കിടന്ന മലയാളികളുടെ മുഴുവന്‍ ചുമതലയും ശങ്കരേട്ടന്‍ സ്വയമേറ്റെടുത്ത് നിര്‍വ്വഹിച്ചു. ഇവിടത്തെ സ്ഥിതിഗതികളും ചുറ്റുപാടുകളുമറിയുവാനായി മന്ത്രിയും വകുപ്പും നിരന്തരം ബന്ധപ്പെട്ടിരുന്നത് ഇദ്ദേഹത്തെയായിരുന്നു. വളരെ സാവധാനം, സര്‍ക്കാര്‍ കാര്യങ്ങള്‍ മുറപോലെ ഇഴഞ്ഞിഴഞ്ഞ് ബദരീനാഥിലെത്തുമ്പോഴേക്കും ഇവിടെ അവശേഷിച്ച അവസാനതീര്‍ത്ഥാടകനേയും വണ്ടികയറ്റിവിട്ടശേഷം ശങ്കരേട്ടന്‍ ‘ഇല്ലക്കാല’ത്തിലേക്ക് മടങ്ങിത്തുടങ്ങിയിരുന്നു.
‘ശങ്കര്‍മഠ് കിദര്‍ ഹേ ഭായി?’ ബദരീനാഥില്‍ വന്നിറങ്ങിയ തീര്‍ത്ഥാടകസംഘം അന്വേഷിക്കുന്നത് കേള്‍ക്കുന്നു. ‘ഡാ, ബടെ വാടാ.’ എന്നൊന്നുച്ച ത്തില്‍ ശങ്കരേട്ടന്‍ പ്രതിവചിച്ചാല്‍ യാത്രാക്ഷീണം വിട്ടകന്ന് അവരുടെ മുഖം പ്രസന്നമാകുന്നതു കാണാം. 74- ല്‍ വ്യക്തിയായിവന്ന് ഇവിടെ ഒരു പ്രസ്ഥാനമായി നിറഞ്ഞുനില്‍ക്കുകയാണ് ഇദ്ദേഹം! ബദരീനാഥില്‍ മാത്രമല്ല അവിടംവിട്ടിറങ്ങുന്ന തീര്‍ത്ഥാടകരുടെ മനസ്സിലും!
പ്രതികരിക്കാൻ ഇവിടെ എഴുതുക