ന്യൂദല്‍ഹി: പൊതുസിവില്‍ കോഡ് പാസാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് കോണ്‍ഗ്രസിലും പിന്തുണയേറുന്നു. വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍ സിവില്‍ കോഡ് ഏകീകരണത്തെ അനുകൂലിച്ച് രംഗത്തെത്തിയതോടെ വിഷയത്തില്‍ നിലപാട് തീരുമാനിക്കാന്‍ സോണിയയുടെ വസതിയില്‍ ഹൈക്കമാന്‍ഡ് പ്രത്യേക യോഗം ചേര്‍ന്നു. നിയമ, നീതി, പേഴ്സണല്‍ കാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി നാളെ യോഗം ചേരാനിരിക്കെയാണിത്.
പ്രതിപക്ഷ പാര്‍ട്ടികളിലെ ഭിന്നതയ്‌ക്ക് പിന്നാലെയാണ് പൊതു സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിലും അഭിപ്രായ വത്യാസങ്ങള്‍ ശക്തമായത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും പൊതു സിവില്‍ കോഡ് ആവശ്യമാണെന്ന് ഹിമാചല്‍ പ്രദേശ് പൊതുമരാമത്ത്-കായിക മന്ത്രി വിക്രമാദിത്യ സിങ് പ്രസ്താവിച്ചു.
പൊതു സിവില്‍ കോഡിനെ രാഷ്‌ട്രീയവല്‍ക്കരിക്കരുതെന്നും വിക്രമാദിത്യ സിങ് ആവശ്യപ്പെട്ടു. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് പ്രതിഭാ സിങ്ങിന്റെയും മുന്‍ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെയും മകനാണ് വിക്രമാദിത്യസിങ്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും ആം ആദ്മി പാര്‍ട്ടിയും പൊതു സിവില്‍കോഡിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.
കൂടുതല്‍ എന്‍ഡിഎ ഇതര കക്ഷികള്‍ വരുംദിവസങ്ങളില്‍ പൊതുസിവില്‍ കോഡിന് വേണ്ടി രംഗത്തുവന്നാല്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലാകും. തിങ്കളാഴ്ച രാവിലെ ചേരുന്ന പാര്‍ലമെന്ററികാര്യ സ്റ്റാന്‍ഡിങ്കമ്മറ്റി യോഗത്തില്‍ കേന്ദ്ര നിയമ കമ്മിഷന്റെയും നിയമ മന്ത്രാലയത്തിന്റെയും പ്രതിനിധികളോട് ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമ കമ്മിഷന് ഇതുവരെ ലഭിച്ച പത്തു ലക്ഷത്തോളം നിര്‍ദ്ദേശങ്ങളുടെ സംക്ഷിപ്ത രൂപം പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: