ഒരുനാടിന്റെ കരുത്ത് എന്നത് ആരോഗ്യമുള്ള തലമുറയാണ്. ശാരീരികവും മാനസികവുമായ അവരുടെ വളര്‍ച്ച ഉറപ്പുവരുത്തേണ്ടത് ഭരണകര്‍ത്താക്കളുടെ കടമയാണ്. ആ കടമകള്‍ അറിഞ്ഞോ അറിയാതെയോ നിര്‍വഹിക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്ന് മറുപടി പറയേണ്ടി വരും. അങ്ങനെയുള്ള ചില വിഷയങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയാണ്. വിദ്യാഭ്യാസപരമായി നമ്മുടെ പൊതു വിദ്യാലയങ്ങള്‍ ലോകത്തിനു തന്നെ മാതൃകയാണ്.
സൂചി ഗോതമ്പും ഉപ്പുമാവും പിന്നെ കഞ്ഞിയും പയറുമൊക്ക ആയിരുന്നു പണ്ട് ഉച്ചഭക്ഷണമായി നല്‍കിയിരുന്നത്. ഇപ്പോള്‍ അത് വിഭവ സമൃദ്ധമായ ഉച്ചയൂണിന്റെ മാതൃകയില്‍ എത്തിനില്‍ക്കുന്നു. കൂടാതെ പാലും മുട്ടയും ഒക്കെ ആഴ്ചയില്‍ രണ്ടു തവണ കൊടുക്കുന്നുമുണ്ട്. ഈ മാറ്റങ്ങള്‍ എല്ലാം മാതൃകാപരമാണ്. പല സ്കൂളുകളിലും ഇപ്പോള്‍ പ്രഭാതഭക്ഷണം കാര്യക്ഷമമായി നടക്കുന്നുമുണ്ട്. മലയാളികളെ ഇപ്പോള്‍ കാര്‍ന്നുതിന്നുന്ന ഒരു ആരോഗ്യ പ്രശ്നമായി ക്യാന്‍സര്‍ മറിക്കഴിഞ്ഞു. വിഷം തീണ്ടിയ പച്ചക്കറിയുടെ ഉപയോഗമാണ് വര്‍ദ്ധിച്ചു വരുന്ന ക്യാന്‍സറിനു മുഖ്യകാരണമെന്ന് ആരോഗ്യ വിദഗ്ധരെല്ലാം പലതവണ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇത് ഇവിടെ സൂചിപ്പിക്കാന്‍ കാരണം നമ്മുടെ സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ ദിനംപ്രതി ഉപയോഗിക്കുന്നത് അന്യ സംസ്ഥാനത്തു നിന്നുവരുന്ന പച്ചക്കറികളാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ദിവസം ഞാന്‍ സ്കൂളില്‍ കണ്ട കാഴ്ചയാണ് ഈ പോരാട്ടത്തിലേക്ക് എത്തുവാന്‍ എനിക്ക് പ്രേരണയായത്. നൂറ് രൂപയുടെ പത്തു കിറ്റുകള്‍ സ്കൂള്‍ വരാന്തയില്‍ ഇരിക്കുന്നു. എങ്ങനെയാണ് ഇത് കറി വെയ്ക്കുന്നതെന്നു നിരീക്ഷിച്ചു. ഹോട്ടലില്‍ എങ്ങനെ ആണോ ചെയ്യുന്നത് അതുപോലെ തന്നെ ഇവിടങ്ങളിലും. മറ്റ് പല സ്കൂളുകളിലും അന്വേഷിച്ചു. അവിടെ എല്ലാം ഇങ്ങനെ തന്നെ. പച്ചക്കറി കഴുകിയെന്ന് വരുത്തി തീര്‍ത്ത് അരിഞ്ഞിടുന്നു. നമ്മുടെ വീടുകളില്‍ ഇത് ഒരു മണിക്കൂര്‍ സമയം ഉപ്പുവെള്ളത്തിലോ മഞ്ഞള്‍ വെള്ളത്തിലോ കഴുകുന്നു. എന്നാല്‍ സ്കൂളുകളില്‍ ഇതൊന്നും നടക്കുന്നില്ല. പാചക തൊഴിലാളികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്ക് സമയക്കുറവുണ്ട്. ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെ ഈ പച്ചക്കറികള്‍ ഉപയോഗിച്ചുള്ള ഉച്ചഭക്ഷണമാണ് കുട്ടികള്‍ കഴിക്കുന്നത്. ഒരാള്‍ സ്ഥിരമായി ഹോട്ടല്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് ഭാവിയില്‍ കുട്ടികള്‍ക്കും ഉണ്ടാകാന്‍ പോകുന്നതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ആരോഗ്യമുള്ള പുതുതലമുറയെ സൃഷ്ടിക്കുന്നതിന് ഈ വിഷയത്തില്‍ ഭരണാധികാരികള്‍ പരിഹാരം കാണേണ്ടതുണ്ട്. സ്കൂള്‍ പിടിഎയുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും സഹകരണത്തോടെ ഗ്രാമീണ കര്‍ഷക സംഘത്തില്‍ നിന്നും ചേന, ചേമ്പ്, വാഴ, കാച്ചില് തുടങ്ങിയ കാര്‍ഷിക ഇനങ്ങള്‍ സ്കൂളില്‍ ശേഖരിക്കുന്നത് വിഷം തീണ്ടിയ പച്ചക്കറികള്‍ ഒഴിവാക്കുന്നതിനുള്ള ഒരു നിര്‍ദ്ദേശമാണ്. കൂടാതെ രാജ്യത്തെ സ്കൂളുകളിലെ പച്ചക്കറിത്തോട്ടത്തിനായി കോടിക്കണക്കിന് രൂപയാണ് എല്ലാവര്‍ഷവും ചെലവഴിക്കുന്നത്. കുട്ടികളില്‍ കാര്‍ഷിക അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനും ഉച്ചഭക്ഷണത്തില്‍ വിഷമില്ലാത്ത പച്ചക്കറി ഉള്‍പ്പെടുത്തുന്നതിനുമാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാകുന്നുണ്ടോ എന്ന് സംശയമാണ്. നിലവില്‍ ഇതിന്റെ പരിപാലനം അധ്യാപകരും കുട്ടികളും കൂടെയാണ് ചെയ്യുന്നത്. ഇത് പ്രായോഗികതലത്തില്‍ എത്തിക്കുവാന്‍ ബുദ്ധിമുട്ടാണ്. മൂന്ന് വെക്കേഷന് കഴിഞ്ഞു വരുന്ന സമയത്ത് അതിന്റെ പരിപാലനവും മുടങ്ങിയിരിക്കും.
അന്യ സംസ്ഥാന പച്ചക്കറി സ്ഥിരമായി ഉപയോഗിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന ആരോഗ്യ വിധഗ്ധരുടെ അഭിപ്രായം കണക്കിലെടുത്താണ് ഞാന്‍ ഒറ്റയാള്‍ പോരാട്ടം നടത്തുന്നത്. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി പോരാട്ടം തുടരുമ്പോഴും ഇതിന്റെ പരിഹാരമായി നിരവധി ഉത്തരവുകള്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ അതൊന്നും കാര്യമായി നടപ്പാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. സ്കൂള്‍ പച്ചക്കറിത്തോട്ടത്തിന് സ്ഥിരമായി ഒരു പരിപാലന സമിതി ആവശ്യമാണ്. അതിനായി സ്കൂള്‍ പച്ചക്കറിത്തോട്ട പരിപാലനം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ അതുറപ്പാക്കാന്‍ പറ്റും. സ്കൂളിന് സമീപമുള്ള രണ്ട് തൊഴിലാളികളെ ഇതിന് തിരഞ്ഞെടുക്കാം. ഈ കൂട്ടരെ സ്കൂളിലെ പരിസര ശുചീകരണത്തിനും വിനിയോഗിക്കാവുന്നതാണ്. പല സ്കൂളുകളുകളുടെയും ചുറ്റുപാട് കാടുപിടിച്ചു കിടക്കുന്നതുകൊണ്ട് ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും ശല്യം ഏറി വരികയാണ്. ഈ അടുത്ത കാലത്ത് തെരുവ് നായ്ക്കളുടെ അക്രമത്തില്‍ ഒരു കുട്ടി മരിക്കുകയും നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്കൂള്‍ കാമ്പസുകള്‍ വൃത്തിയാക്കുന്നതിന്, തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഒരു പരിഹാരമാകുമെന്ന കാര്യം ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: