ന്യൂദല്‍ഹി:കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഇന്ത്യ മധ്യപൂർവമേഖലയിലെ സുപ്രധാന സാന്നിധ്യമായി മാറിയെന്ന് അമേരിക്കയിലെ പ്രശസ്ത വിദേശകാര്യ മാസിക.
‘ഫോറിന് പോളിസി’ എന്ന പേരിലുള്ള മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ വെളിപ്പെടുത്തല്‍. മേഖലയിലെ ഭൗമരാഷ്ട്രീയ കാര്യങ്ങളിലെ രസകരമായ മാറ്റമാണിതെന്ന് ലേഖനത്തില്‍ പറയുന്നു.
ഇസ്രായേല്‍, സൗദി അറേബ്യ, യുഎഇ എന്നിവയുള്‍പ്പെടെ മേഖലയിലെ പ്രധാന രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ആഴമേറിയതും വളരുന്നതുമായ ബന്ധത്തെക്കുറിച്ച് ലേഖനം ചൂണ്ടിക്കാട്ടുന്നു. ഈ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മാറുന്ന ലോകക്രമത്തെ പ്രതിഫലിപ്പിക്കുന്നു. പുതിയ ബഹുധ്രുവത്വത്തിൽനിന്ന് പ്രയോജനം നേടാൻ ഇന്ത്യയുമായുള്ള ബന്ധത്തില്‍ മറ്റ് രാജ്യങ്ങള്‍ക്ക് സാധിക്കുമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
ഈ കാര്യത്തില്‍ അമേരിക്കയ്ക്ക് ഒന്നും ചെയ്യാനില്ലെന്നും അതോടൊപ്പം പ്രത്യേകിച്ച് നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലെന്നും ലേഖകനായ സ്റ്റീവന്‍ എ കുക്ക് പറയുന്നു. മധ്യപൂർവ മേഖലയിലെ അമേരിക്കയുടെ പങ്കാളികള്‍ അമേരിക്കയ്ക്ക് പകരക്കാരെ ആ സ്ഥാനത്തേക്ക് തേടുന്നുവെങ്കില്‍ ഇന്ത്യ മികച്ച തിരഞ്ഞെടുപ്പാണ്. മേഖലയിലെ എതിരാളികളില്ലാത്ത വലിയ ശക്തിയായി അമേരിക്ക നിലനിന്നിരുന്ന കാലം അവസാനിച്ചു. ഇന്ത്യ ഈ മേഖലയില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനാൽ ആ സ്ഥാനത്തേക്ക് ഒരിക്കലും റഷ്യയോ ചൈനയോ കടന്നുകയറില്ലെന്നും ലേഖകന്‍ വിലയിരുത്തുന്നു.
പത്ത് വര്‍ഷം മുന്‍പ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യക്ക് മധ്യപൂർവ മേഖലയിൽ വലിയ താൽപ്പര്യം ഇല്ലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നുവെന്നും സ്റ്റീവന്‍ കുക്ക് പറയുന്നു. അമേരിക്കന്‍ ഉദ്യോഗസ്ഥരും നിരീക്ഷകരും ചൈന മധ്യപൂർവ മേഖലയില്‍ നടത്തിയിരുന്ന എല്ലാ നീക്കങ്ങളേയും സംശയത്തോടെയാണ് നോക്കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഇന്ത്യയുടെ ഈ മേഖലയിലെ സാന്നിധ്യത്തെ രസകരമായ ഭൗമരാഷ്ട്രീയ മാറ്റമായാണ് അമേരിക്ക നോക്കി കാണുന്നതെന്നും ലേഖകന്‍ കുറിയ്ക്കുന്നു.
ഗള്‍ഫ് മേഖലയിലെ കാര്യങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ യുഎഇ, സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്താനുള്ള തീവ്രശ്രമമാണ് നടത്തുന്നത്. ഇത് സുപ്രധാനമായ മാറ്റമാണ്. കാരണം ഇരുരാജ്യങ്ങളും, പ്രത്യേകിച്ച് സൗദി അറേബ്യ, വളരെക്കാലമായി പാകിസ്ഥാനുമായി ചേര്‍ന്നുനില്‍ക്കുന്നതായിരുന്നു. ഇപ്പോള്‍ ഇന്ത്യയുമായി കൂടുതല്‍ അടുത്ത് നില്‍ക്കാനുള്ള തീരുമാനത്തിന് പിന്നിലുള്ളത് ഇസ്ലാമിക തീവ്രവാദത്തിനെതിരെ പോരാടുകയെന്ന പൊതുതാൽപ്പര്യമാണ്. സാമ്പത്തിക മേഖലയിലും ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുകയാണ്. ഇതിന് ഉദാഹരണമായി ഇരുരാജ്യങ്ങള്‍ക്കും ഇന്ത്യയുമായുള്ള സാമ്പത്തിക സഹകരണത്തെക്കുറിച്ചു ലേഖനത്തില്‍ പറയുന്നു.
ഇസ്രായേലുമായുള്ള ഇന്ത്യയുടെ ബന്ധം മേഖലയിലെ മറ്റേത് രാജ്യത്തോടുമുള്ളതിനേക്കാള് ദൃഢമാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. ഇന്ത്യ- ഇസ്രായേല്‍ ബന്ധം വളരെ വേഗത്തില്‍ പ്രതിരോധം ഉള്‍പ്പെടെയുള്ള മേഖലകളിലെ സഹകരണത്തിലേക്ക് എത്തി. ഇത് സംഭവിച്ചത് 2017ല്‍ ഇന്ത്യന്‍ രാഷ്ട്രത്തലവന് എന്ന നിലയിലുള്ള ഒരു നേതാവിന്റെ ആദ്യ ഇസ്രായേല്‍ സന്ദര്‍ശനത്തിന് ശ്രീ മോദി എത്തുകയും ഒരു വര്‍ഷത്തിന് ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്ത ശേഷമാണെന്നും ലേഖനം പ്രതിപാദിക്കുന്നു.
മുന്‍പ് ഇന്ത്യയുടെ വ്യവസായ രംഗത്തുള്ളവര്‍ക്ക് ഇസ്രായേലില്‍ നിക്ഷേപം നടത്താന്‍ വലിയ താൽപ്പര്യം ഇല്ലായിരുന്നു. ഇതിന് കാരണം ഇസ്രായേലിലെ ചെറുകിട വിപണിയും ഒപ്പം ഇന്ത്യക്ക് രാഷ്ട്രീയ കാരണങ്ങളാല്‍ നിലനിന്നിരുന്ന ചില എതിര്‍പ്പുകളുമാണ്. എന്നാല്‍ ഇതിപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. 2022ല്‍ ഇന്ത്യയിലെ അദാനി ഗ്രൂപ്പും ഇസ്രായേലിലെ പങ്കാളികളും ചേര്‍ന്ന് 1.2 ബില്യണ്‍ അമേരിക്കന്‍ ഡോളറിന് ഹൈഫ തുറമുഖത്തിന്റെ ടെന്‍ഡർ സ്വന്തമാക്കിയിരുന്നു. അതോടൊപ്പം ഇന്ത്യ – ഇസ്രായേല്‍ സൗജന്യ വ്യാപാര കരാറിന്റെ ചര്‍ച്ചകളും പുരോഗമിക്കുകയാണ്.
ഇന്ത്യയുടെ ഇസ്രായേലുമായുള്ള ബന്ധം സങ്കീര്‍ണവുമാണ്. പലസ്തീനെ പിന്തുണയ്ക്കുന്ന നിലപാടില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോയിട്ടില്ല. അതോടൊപ്പം ഇറാനുമായും ഇന്ത്യക്ക് നല്ല ബന്ധമുണ്ട്. ഇറാനില്‍ നിന്ന് ഇന്ത്യ വലിയ അളവില്‍ എണ്ണ വാങ്ങുന്നുമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തിടെ സമാപിച്ച രണ്ട് ദിവസത്തെ ഈജിപ്ത് സന്ദര്‍ശനത്തെക്കുറിച്ചും ലേഖനത്തില്‍ പറയുന്നു. ആറ് മാസം മുന്‍പ് ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരിപാടികളില്‍ മുഖ്യ അതിഥിയായി ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താഹ് അല്‍ സിസി പങ്കെടുത്തിരുന്നു. രാജ്യത്തിന്റെ പരമാധികാരിയായി സ്ഥാനമേറ്റെടുത്ത ശേഷമുള്ള സിസിയുടെ മൂന്നാം ഇന്ത്യന്‍ സന്ദര്‍ശനമായിരുന്നു ഇത്.
ചൈനയെപ്പോലെ, ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും തങ്ങളുടെ കയറ്റുമതിക്കുള്ള വാതിലായാണ് ഇന്ത്യയും ഈജിപ്തിനെ കാണുന്നത്. ഇന്ത്യയുടെ ഈ മേഖലയിലെ വളര്‍ച്ച ചൈനയ്ക്ക് കടുത്ത ഭീഷണിയുയര്‍ത്തുന്ന മത്സരമാണ് എന്നതിനെ വളരെ കൗതുകത്തോടെയാണ് അമേരിക്ക കാണുന്നതെന്നും ലേഖനത്തില്‍ പറയുന്നു.
മധ്യപൂർവ മേഖലയില്‍ ചൈനയ്ക്ക് ഒരു എതിരാളികൂടിയുള്ളത് തങ്ങള്‍ക്ക് നല്ലതാണെന്നും ഇത് തങ്ങള്‍ക്ക് സഹായകമാണെന്നും ബൈഡന് ഭരണകൂടം കരുതുന്നുവെന്നും ലേഖനത്തില്‍ സ്റ്റീവന്‍ കുക്ക് വ്യക്തമാക്കുന്നു. ജൂണിൽ ശ്രീ മോദി നടത്തിയ അമേരിക്കന്‍ സന്ദര്‍ശനവും ഒപ്പം യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തതും ഇന്ത്യ- അമേരിക്ക ബന്ധം വളരുന്നതിന്റെ തെളിവായി ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യ – അമേരിക്ക ബന്ധത്തിന്റെ എല്ലാ നല്ല വശങ്ങളെക്കുറിച്ചു പറയുമ്പോഴും അമേരിക്ക കരുതുന്നതുപോലെയോ പ്രതീക്ഷിക്കുന്നതുപോലെയോ ഇന്ത്യ തന്ത്രപരമായ പങ്കാളിയാകാന്‍ സാധ്യതയില്ലെന്നും ലേഖനം വ്യക്തമാക്കുന്നു. മധ്യപൂർവ മേഖലയിലേക്കു വരുമ്പോള്‍, ഇന്ത്യ അമേരിക്കയില്‍ നിന്നും ഇസ്രായേലില്‍ നിന്നും ഇറാന്റെ കാര്യത്തില്‍ അകലുകയാണ്. മധ്യപൂർവ മേഖലയുമായുള്ള ഇന്ത്യയുടെ സാമ്പത്തിക, സുരക്ഷാ ബന്ധങ്ങളുടെ വിപുലീകരണം എന്താണ് അർഥമാക്കുന്നത് എന്നതിനെക്കുറിച്ചുള്ള അമിതപ്രതീക്ഷ അമേരിക്ക നിയന്ത്രിക്കണമെന്നും ലേഖനം സൂചിപ്പിക്കുന്നു.
ഇന്ത്യ അമേരിക്കയ്ക്ക് ഒപ്പം അണിനിരക്കാന്‍ സാധ്യതയില്ലെങ്കിലും റഷ്യയും ചൈനയും ചെയ്യുന്നത് പോലെ അമേരിക്കയ്ക്ക് എതിരെ നില്‍ക്കാനോ താഴ്ത്തിക്കെട്ടാനോ ഇന്ത്യ തയ്യാറാകില്ലെന്ന് ലേഖനത്തില്‍ പറയുന്നു. അതോടൊപ്പം മധ്യപൂർവ മേഖലയിലെ കാര്യങ്ങള്‍ ഇന്ത്യ ഗൗരവത്തോടെ കാണേണ്ട സമയമാണെന്നും ലേഖനത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: