ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശില്‍ അരിവാള്‍ രോഗ നിര്‍മാര്‍ജന ദൗത്യം 2047 ഉദ്ഘാടനം ചെയ്തു. ഷാഹ്ദോല്‍ ജില്ലയിലെ ലാല്‍പൂര്‍ ഗ്രാമത്തിലായിരുന്നു ചടങ്ങ്.
ഇതിന് പുറമെ ഏകദേശം 3.57 കോടി ആയുഷ്മാന്‍ ഭാരത് പ്രധാന് മന്ത്രി ജന്‍ ആരോഗ്യ യോജന ഡിജിറ്റല്‍ കാര്‍ഡുകളും ഒരു കോടിയിലധികം പിവിസി ആയുഷ്മാന്‍ ഭാരത് കാര്‍ഡുകളും വിതരണം ചെയ്തു. ലോകത്തെ അരിവാള്‍ രോഗ കേസുകളില്‍ പകുതിയും ഇന്ത്യയിലാണെന്ന് ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു.സ്വാതന്ത്ര്യം നേടി 70 വര്‍ഷമായിട്ടും ഇത് ശ്രദ്ധിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഈ രോഗം ഗോത്രവര്‍ഗക്കാരിലാണ് പൊതുവെ കാണപ്പെടുന്നത്. ഇത് ഉന്മൂലനം ചെയ്യാനുളള പ്രവര്‍ത്തനം ആരംഭിക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
ആയുഷ്മാന്‍ ഭാരത് കാര്‍ഡ് പാവപ്പെട്ടവരുടെ പോക്കറ്റില്‍ അഞ്ച് ലക്ഷം രൂപയുടെ എടിഎം പോലെയാണെന്നും ഇതിന്റെ സഹായത്തോടെ രാജ്യത്തെവിടെയും ചികിത്സ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വൈകുന്നേരത്തോടെ പ്രധാനമന്ത്രി പക്കാരിയ ഗ്രാമത്തിലെത്തി. അവിടെ അദ്ദേഹം സ്വയം സഹായ സംഘങ്ങളിലെ വനിതാ അംഗങ്ങളുമായും പെസ ആക്ട് കമ്മിറ്റി അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: