കണ്ണൂര്‍ : എഐ ക്യാമറ അടക്കം റോഡ് ക്യാമറകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന മട്ടന്നൂര്‍ ആര്‍ടിഒ ഓഫീസ് വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ കെഎസ്ഇബി ഊരി. 57000 രൂപയുടെ വൈദ്യുതി ബില്‍ കുടിശ്ശിക ആയതിനെ തുടര്‍ന്നാണ് കെഎസ്ഇബി ആര്‍ടി ഓഫീസിന്റെ ഫ്യൂസ് ഊരിയത്.
വാഹനത്തില്‍ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്ഇബിക്ക് എഐ ക്യാമറ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റയിലെ കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയത്. ജില്ലകളിലെ എഐ ക്യാമറകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്.
മാസങ്ങളായി വൈദ്യുതബില്‍ കുടിശ്ശിക വന്നതിനെ തുടര്‍ന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതിന് മറുപടി ലഭിച്ചില്ല. ഇതിനെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെയോടെ കെഎസ്ഇബി അധികൃതരെത്തി ഫ്യൂസ് ഊരിയത്. ഇതോടെ ആര്‍ടിഒ ഓഫീസിലെ പ്രവര്‍ത്തനങ്ങളും താറുമാറായിട്ടുണ്ട്. കണ്ണൂരിലെ മുഴുവന്‍ റോഡ് ക്യാമറ നിരീക്ഷണവും മട്ടന്നൂര്‍ ഓഫീസില്‍ ആണ്. വൈദ്യൂതി ബന്ധം വിച്ഛേദിച്ചതിനാല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം എഐ ക്യാമറകളെല്ലാം കണ്ണടച്ച സ്ഥിതിയാണ്.
വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ കാസര്‍കോട് കറന്തക്കാട് ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഊരിയിരുന്നു. 23,000 രൂപ ബില്‍ അടക്കാത്തതിനെ തുടര്‍ന്നായിരുന്നു അവിടെ നടപടി സ്വീകരിച്ചത്. കല്‍പ്പറ്റ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതിയും കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. കെട്ടിടത്തിന്റെ വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്നായിരുന്നു ഇവിടെയും നടപടി. ബില്ലടയ്ക്കാന്‍ വൈകിയാലും സര്‍ക്കാര്‍ ഓഫീസുകളുടെ വൈദ്യുതി വിച്ഛേദിക്കുന്ന പതിവില്ലെന്ന് എംവിഡി പറയുന്നു. പിന്നാലെ അടിയന്തിര ഫണ്ടില്‍ നിന്ന് പണമെടുത്ത് എംവിഡി ബില്ലടച്ചു. ഇതോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: