ചണ്ഡീഗഡ്: ഇന്‍ഷുറന്‍സ് തട്ടിപ്പിന് പഞ്ചാബില്‍ സുകുമാറക്കുറുപ്പ് മോഡല്‍ കൊലപാതകം. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ വ്യവസായി പിടിയില്‍. മരിച്ചത് താനാണെന്ന് വരുത്തി തട്ടിപ്പിന് ശ്രമിച്ച ഗുര്‍പ്രീത് സിങ്ങാണ് പിടിയിലായത്.
സുഹൃത്ത് സുഖ്ജിത്തിനെയാണ് ഗുര്‍പ്രീത് കൊലപ്പെടുത്തിയത്. നാലുകോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കാനാണ് കൊലപാതകം നടത്തിയത്. കേസില്‍ ഗുര്‍പ്രീതിന്റെ ഭാര്യ ഖുശ്ദീപ് കൗര്‍ ഉള്‍പ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബിസിനസ് തകര്‍ന്നതാണ് ഗുര്‍പ്രീത് സിങ്ങിനെ കൊലപാതകത്തിലേക്ക് നയിച്ചത്.
സുഖ്‌വിന്ദര്‍ സിങ് സംഘ, ജസ്പാല്‍ സിങ്, ദിനേഷ് കുമാര്‍, രാജേഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് നാലു പേര്‍. സുഖ്ജിത്തിനെ കാണാനില്ലെന്ന് ഭാര്യ നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. പട്യാല റോഡിലെ കനാലിന് സമീപം സുഖ്ജിത്തിന്റെ വാഹനവും ചെരുപ്പും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ആത്മഹത്യയെന്നാണ് ആദ്യം കരുതിയത്. ഇതിനിടെയാണ് സുഹൃത്ത് ഗുര്‍പ്രീത് തന്റെ ഭര്‍ത്താവ് സുഖ്ജിത്തിന് സ്ഥിരം മദ്യം നല്കിയിരുന്നതായി ഭാര്യ വെളിപ്പെടുത്തിയത്. ഇതേക്കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഗുര്‍പ്രീത് ഒരാഴ്ച മുന്‍പ് വാഹനാപകടത്തില്‍ മരിച്ചതായി കുടുംബം അറിയിച്ചു. ഈ വിവരത്തില്‍ അസ്വാഭാവികത തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ബിസിനസില്‍ നഷ്ടം വന്ന ഗുര്‍പ്രീത് വീട്ടിനടുത്ത് താമസിക്കുന്ന സുഖ്ജിത്തുമായി സൗഹൃദം സ്ഥാപിച്ചു. കൊലപാതകം തന്നെയായിരുന്നു ഗുര്‍പ്രീതിന്റെ ലക്ഷ്യമെന്നും പോലീസ് പറഞ്ഞു. മദ്യത്തില്‍ ലഹരിപദാര്‍ഥം ചേര്‍ത്ത് ബോധംകെടുത്തിയാണ് സുഖ്ജിത്തിനെ കൊന്നത്. ഗുര്‍പ്രീതിന്റെ വസ്ത്രവും സുഖ്ജിത്തിനെ അണിയിച്ചിരുന്നു. ട്രക്ക് കയറ്റിയാണ് സുഖ്ജിത്തിനെ കൊലപ്പെടുത്തിയത്. ട്രക്ക് കയറിയിറങ്ങിയ മൃതദേഹം തന്റെ ഭര്‍ത്താവിന്റേതാണെന്ന് ഗുര്‍പ്രീതിന്റെ ഭാര്യ ഖുശ്ദീപ് കൗര്‍ പോലീസിനോട് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: