മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അടുത്ത മാസം ബംഗ്ലാദേശ് പര്യടനത്തിന്. ഫെബ്രുവരിയിലെ ട്വന്റി20 ലോകകപ്പിന് ശേഷം ടീം ആദ്യമായാണ് വിദേശപര്യടനത്തിനൊരുങ്ങുന്നത്. മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20യുമാണ് പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മത്സരങ്ങളെല്ലാം ധാക്കയിലെ ഷേര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടക്കും. അടുത്ത മാസം 9ന് ട്വന്റി20 മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുക. 11, 13 തീയതികളില്‍ യഥാക്രമം രണ്ടും മൂന്നും ട്വന്റി20കള്‍ നടക്കും. ജൂലൈ 16, 19, 22 തീയതികളിലായി ഏകദിന മത്സരങ്ങളും ക്രമീകരിച്ചിരിക്കുന്നു. ഇതിന് മുമ്പ് ഇന്ത്യന്‍ വനിതാ ടീമിന്റ അവസാന കളി വനിതാ ട്വന്റി20 ലോകകപ്പ് സെമിയില്‍ പരാജയപ്പെട്ടതായിരുന്നു. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ വനിതകള്‍ ബംഗ്ലാദേശില്‍ ക്രിക്കറ്റ് കളിക്കാനെത്തുന്നത്. അന്ന് മൂന്ന് മത്സര ട്വന്റി20 പരമ്പര ഇന്ത്യ തൂത്തുവാരിയാണ് മടങ്ങിയത്. എന്നാല്‍ ഇത്തവണ വനിതാ ടീം ബംഗ്ലാദേശില്‍ ആദ്യമായി ഏകദിനക്രിക്കറ്റ് കളിക്കുന്നുവെന്ന പ്രത്യേകതയുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ രമേഷ് പവാര്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറിയ ശേഷം ഇന്ത്യന്‍ വനിതാ ടീമിന് പ്രധാന പരിശീലകന്‍ ഇല്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. മുന്‍ ഇന്ത്യന്‍ താരം ഋഷികേശ് കനിത്കര്‍ ബാറ്റിങ് കോച്ചായുണ്ട്. എന്നാല്‍ ഫെബ്രുവരിയില്‍ നടന്ന ലോകകപ്പിലുള്‍പ്പെടെ ഇന്ത്യയ്‌ക്ക് പ്രധാന പരിശീലകനുണ്ടായിരുന്നില്ല. ഇപ്പോഴും ആ തസ്തിക ഒഴിവായിക്കിടക്കുകയാണ്. പുതിയ കോച്ചിനെ നിയമിക്കാനുള്ള അഭിമുഖമടക്കമുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ നടക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. പുതിയ പരിശീലകന് കീഴിലായിരിക്കും ടീം ധാക്കയിലേക്ക് അടുത്ത മാസം പുറപ്പെടുകയെന്നും ബിസിസിഐ സൂചന നല്‍കുന്നു. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഇന്ത്യന്‍ വനിതാ താരങ്ങള്‍ ക്യാമ്പ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: