കൊച്ചി: കെഎസ്ആര്‍ടിസി കോഴിക്കോട് ഡിപ്പോയില്‍ 1998 – 99 കാലത്ത് സീനിയര്‍ അസിസ്റ്റന്റായിരിക്കെ 1.62 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസില്‍ കോഴിക്കോട് കോട്ടൂളി സ്വദേശി ടി. അഗസ്റ്റിന് വിജിലന്‍സ് കോടതി വിധിച്ച രണ്ടു വര്‍ഷം കഠിന തടവും 1.64 ലക്ഷം രൂപ പിഴയും ഹൈക്കോടതി ശരിവച്ചു.
കോഴിക്കോട് വിജിലന്‍സ് കോടതിയുടെ വിധിക്കെതിരെ 2010 ല്‍ അഗസ്റ്റിന് നല്കിയ അപ്പീല്‍ തള്ളിയാണ് ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് വിധി പറഞ്ഞത്. ഹൈക്കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കെ അഗസ്റ്റിന് മരിച്ചു. തുടര്‍ന്ന് ഭാര്യയാണ് കക്ഷി ചേര്‍ന്ന് കേസ് നടത്തിയത്. അഗസ്റ്റിന് മരിച്ച സാഹചര്യത്തില്‍ കേസ് നടത്തിയ ഭാര്യ 1.64 ലക്ഷം രൂപ പിഴത്തുക രണ്ട് മാസത്തിനുള്ളില്‍ അടയ്ക്കണമെന്നും സിംഗിള്‍ബെഞ്ച് ഉത്തരവിട്ടു.
കോഴിക്കോട് ഡിപ്പോയില്‍ ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്ന ക്ലാര്‍ക്കിന്റെ അധികച്ചുമതല വഹിച്ചിരുന്ന അഗസ്റ്റിന് ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കള്ളയൊപ്പിട്ടും വ്യാജരേഖകള്‍ ചമച്ചും പണം തട്ടിയെടുത്തെന്നാണ് കേസ്. വ്യാജരേഖ ചമച്ചതിന്റെ തെളിവുകളടക്കം പരിശോധിച്ചാണ് വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ സിഐടിയു യൂണിയനില്‍ നിന്ന് എഐടിയുസി യൂണിയനിലേക്ക് പോയതിലുള്ള രാഷ്ട്രീയ വൈരാഗ്യം നിമിത്തമാണ് തന്നെ കേസില്‍ കുടുക്കിയതെന്നും കേസില്‍ തനിക്കെതിരെ ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അഗസ്റ്റിന് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ വാദങ്ങള്‍ ഹൈക്കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: