വാഷിങ്ടണ്‍: നാം അധിവസിക്കുന്ന പ്രപഞ്ചത്തിന് ഒരു പശ്ചാത്തല ശബ്ദമുണ്ടോ? പ്രപഞ്ചത്തില്‍ സദാ ഒരു മുഴക്കമുണ്ടോ? ഒരിക്കല്‍ ആര്‍ബര്‍ട്ട് ഐന്സ്റ്റീന് പറഞ്ഞ, പിന്നീട് പല പല ശാസ്ത്രജ്ഞര്‍ ശരിവച്ച ആ സത്യം ഒടുവില്‍ ഒരുപറ്റം ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ഉണ്ട്, പ്രപഞ്ചത്തില്‍ സദാ ഒരു മുഴക്കം കേള്‍ക്കാനുണ്ട്,
പ്രപഞ്ചത്തില്‍ എല്ലായ്പ്പോഴും അലകടലെന്ന പോലെ ഗുരുത്വ തരംഗങ്ങള്‍ രൂപപ്പെടുന്നുണ്ടെന്നും അതുമൂലം ഒരു തരം മുഴക്കം (ശബ്ദം) ഉണ്ടാകുന്നുണ്ടെന്നും ഉള്ള സിദ്ധാന്തത്തിന് തെളിവ് ലഭിച്ചതായി ജ്യോതിശാസ്ത്രജ്ഞര്‍ ഇന്നലെ സ്ഥിരീകരിച്ചു. ഇന്ത്യ, അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി ജ്യോതിശസ്ത്രജ്ഞരാണ്, റേഡിയോ ടെലസ്കോപ്പ് ഉപയോഗിച്ച് ഇക്കാര്യം പഠിച്ചതും ഇക്കാര്യം സ്ഥിരീകരിച്ചതും. പ്രപഞ്ചത്തിലേക്ക് പുതിയ വാതായനം തുറക്കുന്ന സുപ്രധാന കണ്ടെത്തലാണിത്.
പ്രപഞ്ചത്തില്‍, ഓളങ്ങള്‍ പോലെയുള്ള ഗുരുത്വ തരംഗങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും ഇവ പ്രകാശത്തിന്റെ വേഗത്തില്‍, വായു, ജലം അടക്കമുള്ള മാധ്യമങ്ങളില്‍ കൂടി കടന്നു പോകുന്നുണ്ടെന്നും ഇതിന്റെ യാത്രയെ തടയാന്‍ ഒരു വസ്തുവിനും സാധ്യമല്ലെന്നുമാണ് ഐന്സ്റ്റീന് പറഞ്ഞത്. ഈ സിദ്ധാന്തമാണ് ഇപ്പോള്‍ ശരിയെന്ന് തെളിഞ്ഞരിക്കുന്നത്. പ്രപഞ്ചത്തിലുണ്ടാകുന്ന പല തരം പ്രവര്‍ത്തനങ്ങളാണ് ഇത്തരം തരംഗങ്ങള്‍ക്ക് കാരണം. രണ്ട് തമോഗര്‍ത്തങ്ങള്‍ കൂട്ടിയിടിച്ചതിന്റെ ഫലമായി ഗുരുത്വ തരംഗങ്ങള്‍ രൂപപ്പെട്ടിരുന്നതായി 2015ല്‍ യുഎസ്, ഇറ്റാലിയന്‍ ഒബ്സര്‍വേറ്ററികള്‍ കണ്ടെത്തിയിരുന്നു. ഇത്തരം അതിശക്തമായ കൂട്ടിയിടികളോ ചലനങ്ങളോ ആണ് ഉയര്‍ന്ന ആവേഗമുള്ള തരംഗങ്ങള്‍ ഉണ്ടാക്കുന്നത്. ഇത്തരം തരംഗങ്ങള്‍ ആഞ്ഞു വീശുമ്പോള്‍ നമ്മുടെ കാതുകള്‍ക്ക് അപ്രാപ്യമായ തരം ആവേഗത്തിലുള്ള ശബ്ദങ്ങളാണ് (മുഴക്കങ്ങള്‍) പുറത്തുവരുന്നത്. ഇത്തരം ഗുരുത്വ തരംഗങ്ങളെപ്പറ്റി പഠിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിയുക്തരായവരാണ് ഒടുവില്‍ ഇക്കാര്യം സ്ഥിരീകരിച്ചതെന്ന്,യൂറോപ്യന്‍ പള്‍സാര്‍ ടൈമിങ്ങ് അറേയിലെ മൈക്കിള്‍ കീത്ത് വാര്‍ത്താ ലേഖകരോട് പറഞ്ഞു.
കോസ്മിക് നോയിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഗാലാക്ടിക് റേഡിയോ നോയിസ് എന്നും ഇതിനെ വിളിക്കുന്നു. റേഡിയോ തരംഗങ്ങളെ നിരീക്ഷിക്കുന്ന റിസീവറുകള്‍ വഴിയാണ്, ഇവയെ നിരീക്ഷിക്കുന്നതും ശബ്ദം പിടിച്ചെടുക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: