കാഞ്ഞങ്ങാട്: യുകെയില്‍ നിന്നുള്ള ഫേസ്ബുക്ക് സുഹൃത്ത് ‘വിലപിടിപ്പുള്ള സമ്മാനം’ അയച്ചപ്പോള്‍ കാഞ്ഞങ്ങാട്ടെ ഒരു ബേക്കറി സ്ഥാപനത്തിലെ അക്കൗണ്ടന്റായ 39കാരിക്ക് നഷ്ടമായത് 8,01,400 രൂപ. അഞ്ചുമാസം മുമ്പാണ് യുവതിക്ക് ഡോ.കെന്നഡി നിക്ക് മൂര്‍സ് എന്ന പേരില്‍ ഒരു ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് വരുന്നത്. പ്രൊഫൈല്‍ പരിശോധിച്ചപ്പോള്‍ ജര്‍മനിയിലെ ബര്‍ലിന്‍ സ്വദേശിയാണെന്നും യുകെയിലെ ബിര്‍മിങ്ഹാമില്‍ ജോലി ചെയ്യുകയാണെന്നും കണ്ടു. ഇയാളെ ഫേസ്ബുക്ക് ഫ്രണ്ട് ആക്കിയെങ്കിലും ഇവര്‍ തമ്മില്‍ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. രണ്ടാഴ്ച മുമ്പാണ് ഈ ഐഡിയില്‍ നിന്നും ഒരു ‘ഹായ്’ മെസേജ് വരുന്നത്. യുവതി മറുപടിയും നല്കി. പിന്നീട് ഗുഡ് മോണിംഗ്, ഗുഡ് ആഫ്റ്റര്‍നൂണ്‍ മെസേജുകളും ഭക്ഷണം കഴിച്ചോ എന്നു തുടങ്ങിയ അന്വേഷണങ്ങളും തുടങ്ങി.
കഴിഞ്ഞയാഴ്ചയാണ് യുവതിയോട് ഇയാള്‍ വീട്ടുകാരെക്കുറിച്ച് അന്വേഷിക്കുന്നത്. യുവതി തന്റെ ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞു. തനിക്ക് മൂന്ന് കുട്ടികളാണെന്നും അതില്‍ ഒരാളെ ദത്തെടുത്തതാണെന്നും അയാള്‍ പറഞ്ഞെന്നും കുട്ടികളുടെ ഫോട്ടോ അയച്ചുതന്നതായും യുവതി പറഞ്ഞു. അതിനുശേഷം ഇയാള്‍ യുവതി മേല്‍വിലാസം ആവശ്യപ്പെട്ടു. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ വിലപിടിപ്പുള്ള ഒരു സമ്മാനം വാങ്ങിയിട്ടുണ്ടെന്നും അത് അയച്ചുതരാനാണെന്നുമായിരുന്നു മറുപടി. തനിക്ക് സമ്മാനമൊന്നും വേണ്ടെന്ന് യുവതി പറഞ്ഞെങ്കിലും അയാള്‍ നിര്‍ബന്ധിച്ച് മേല്‍വിലാസം വാങ്ങുകയായിരുന്നു.
രണ്ടുദിവസത്തിനുശേഷമാണ് യുവതിക്ക് പെര്‍ഫെക്ട് കാര്‍ഗോ എന്ന കൊറിയര്‍ കമ്പനിയില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു ഫോണ്‍കോള്‍ വരുന്നത്. കൊറിയര്‍ ലഭിക്കണമെങ്കില്‍ 25,400 രൂപ അടയ്ക്കണമെന്നായിരുന്നു അവര്‍ പറഞ്ഞത്. ”ഇന്റര്‍നെറ്റില്‍ തിരഞ്ഞപ്പോള്‍ ഇങ്ങനെയൊരു കമ്പനി നിലവിലുണ്ടെന്ന് മനസിലായി. എന്നാല്‍ കൊടുക്കാന്‍ എന്റെ കൈയില്‍ പണമുണ്ടായിരുന്നില്ല.” ഫേസ്ബുക്കിലൂടെ ഡോ.മൂറിനെ ബന്ധപ്പെട്ടപ്പോള്‍ സമ്മാനം എനിക്ക് കിട്ടണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ തന്നെ പണമടയ്ക്കണമെന്ന് യുവതി പറഞ്ഞു. ഇതുകേട്ട് ദേഷ്യപ്പെട്ട ഡോ.മൂര്‍ ഇതു തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്നും താന്‍ പണം തരില്ലെന്നും പറഞ്ഞു. ഇതിനുപിന്നാലെ ‘കൊറിയര്‍ കമ്പനി’യിലെ വനിത ജീവനക്കാരി വീണ്ടും യുവതിയെ വിളിച്ച്, ആപ്പിള്‍ ഐഫോണ്‍ ആണ് സമ്മാനമായി അയച്ചിരിക്കുന്നത് എന്നു പറഞ്ഞു. ഇതു വിശ്വസിച്ച യുവതി ജൂണ്‍ 17ന് ജിതേന്ദ്ര എന്നയാളുടെ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ അക്കൗണ്ടിലേക്ക് തുക അയച്ചുകൊടുത്തു.
പിറ്റേന്ന് വീണ്ടും യുവതിയെ ‘കൊറിയര്‍ കമ്പനി’ ബന്ധപ്പെട്ടു. ഐഫോണ്‍ പായ്ക്കറ്റിനകത്ത് 40,000 പൗണ്ട് (ഏകദേശം 40 ലക്ഷം രൂപ) രഹസ്യമായി വച്ചിരുന്നതായും ഇതിപ്പോള്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ കൈവശമാണുള്ളതെന്നുമാണ് അവര്‍ പറഞ്ഞത്. പണം തിരിച്ചുകിട്ടാനുള്ള കോടതി ഉത്തരവ് ലഭിക്കാനും പണം ഇന്ത്യന്‍ കറന്‍സിയാക്കി മാറ്റാനുമായി 87,000 രൂപ അയച്ചുതരാനും അവര്‍ ആവശ്യപ്പെട്ടു. വീണ്ടും യുവതി മൂറിനെ ബന്ധപ്പെട്ടപ്പോള്‍ യുവതിയുടെ സാമ്പത്തികബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് പണം അയച്ചതെന്നും പണം ആവശ്യമില്ലെങ്കില്‍ ആ സമ്മാനത്തിന്റെ കാര്യം മറന്നേക്കാനും പറഞ്ഞു. വീണ്ടും ചതിയില്‍പെട്ട യുവതി 87,000 രൂപ അടച്ചു.
എന്നാല്‍ അതുകൊണ്ടും തട്ടിപ്പ് അവസാനിച്ചില്ല. പിറ്റേന്ന് വീണ്ടും ‘കൊറിയര്‍ കമ്പനി’യില്‍ നിന്നും വിളിച്ചു. പണം യുവതിയുടെ അക്കൗണ്ടിലേക്ക് കൈമാറണമെങ്കില്‍ എന്‍ഒസി ആവശ്യമുണ്ടെന്നും അതിന് 2.17 ലക്ഷം രൂപ അടയ്ക്കണമെന്നുമായിരുന്നു ആവശ്യം. അത്രയും പണം യുവതിയുടെ കൈവശമുണ്ടായിരുന്നില്ല. ഒപ്പിട്ട ബ്ലാങ്ക് ചെക്ക് അയച്ചുതരാമെന്നും പണം അക്കൗണ്ടിലേക്ക് വരുമ്പോള്‍ ആ തുക കിഴിച്ചുതന്നാല്‍ മതിയെന്നും യുവതി പറഞ്ഞു. ഇത് ആദ്യം സമ്മതിച്ച കൊറിയര്‍ കമ്പനിക്കാര് പിന്നീട് വാക്ക് മാറ്റി. അക്കൗണ്ടില്‍ പണമില്ലാത്ത ചെക്ക് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കില്ലെന്നാണ് അവര്‍ പറഞ്ഞത്. ഇതിനു പിന്നാലെ യുവതി ജോലി ചെയ്യുന്ന ബേക്കറി സ്ഥാപനത്തിലെ മാനേജര്‍ കൊറിയര്‍ കമ്പനിക്കാരെ വിളിച്ച് ഇങ്ങനെ എല്ലാദിവസും പണം പിടുങ്ങുന്നതിനെ ചോദ്യം ചെയ്തു. ഇതിനുപിന്നാലെ മൂര്‍ യുവതിയെ ബന്ധപ്പെടുകയും നിനക്ക് ഇത്രയും പണം കിട്ടുന്നതില്‍ മാനേജര്‍ക്ക് അസൂയയാണെന്നും അദ്ദേഹത്തെ ഈ വിഷയത്തില്‍ ഇടപെടാന്‍ അനുവദിക്കരുതെന്നും പറഞ്ഞു.
ഒടുവില്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണം പണയംവെച്ചും ബന്ധുക്കളുടെ കൈയില്‍ നിന്നും കടം വാങ്ങിയതുമായ പണം ജൂണ്‍ 23ന് യുവതി അക്കൗണ്ടില്‍ ഇട്ടുകൊടുത്തു. അധികം വൈകാതെ വീണ്ടും 4.73 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ഫോണ്‍വിളിയെത്തി. പണം കൊറിയര്‍ ആയി അയക്കുന്നതിലെ നിയമപ്രശ്നം പരിഹരിക്കാനാണ് ഈ തുകയെന്നും അഞ്ചുമണിക്കൂറിനുള്ളില്‍ അക്കൗണ്ടില്‍ 40 ലക്ഷം രൂപയെത്തുമെന്നുമാണ് പറഞ്ഞത്. കൂടാതെ ഇതുവരെ വാങ്ങിച്ച മുഴുവന്‍ പണവും ഇതിനൊപ്പം തിരികെ നല്‍കുമെന്നും അറിയിച്ചു. ഏതാനും മണിക്കൂര്‍ നേരത്തേക്കെന്ന് പറഞ്ഞ് വീണ്ടും ബന്ധുക്കളുടെ പണം കടം വാങ്ങി യുവതി ജൂണ്‍ 26ന് ഈ തുകയടച്ചു. പണത്തിനായി കാത്തിരുന്ന യുവതിയോട് ഇന്നു ബാങ്ക് പ്രവൃത്തിസമയം കഴിഞ്ഞതായും 27നു രാവിലെ 11നു പണം നല്‍കാമെന്നും കൊറിയര്‍ കമ്പനി പറഞ്ഞു. പിറ്റേന്ന് പണത്തിനായി കാത്തിരുന്ന യുവതിയോട് വീണ്ടും 67,000 രൂപ കൂടി ആവശ്യപ്പെടുകയാണ് ചെയ്തത്. താന്‍ ചതിക്കപ്പെട്ടെന്ന് യുവതി വീണ്ടും മൂറിനെ ബന്ധപ്പെട്ടപ്പോള്‍ ‘തന്നെ ശല്യപ്പെടുത്തരുത്, തനിക്ക് സെന്റിമെന്റ്സ് ഇഷ്ടമല്ല’എന്നുമായിരുന്നു മറുപടി. കടം നല്കിയ ബന്ധുക്കള്‍ പണം തിരികെ ആവശ്യപ്പെടാന്‍ തുടങ്ങിയെന്നും ഇത് എങ്ങനെ തിരിച്ചുകൊടുക്കുമെന്ന് തനിക്കറിയത്തില്ലെന്നും യുവതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: