Categories: Palakkad

ആര്‍ത്തവ ആരോഗ്യവും ശുചിത്വവും കാമ്പെയ്‌ന് തമിഴ്നാട്ടില്‍ തുടക്കമായി

ആര്‍ത്തവ ആരോഗ്യവും ശുചിത്വവും എന്ന വിഷയത്തില്‍ അമൃത വിശ്വവിദ്യാപീഠവും യുനെസ്‌കോയും സംയുക്തമായി നടത്തുന്ന ക്യാമ്പയിന് തമിഴ്നാട്ടില്‍ തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കോയമ്പത്തൂര്‍ അമൃത വിശ്വവിദ്യാപീഠം കാമ്പസില്‍ നടത്തി.

Published by

കോയമ്പത്തൂര്‍: ആര്‍ത്തവ ആരോഗ്യവും ശുചിത്വവും എന്ന വിഷയത്തില്‍ അമൃത വിശ്വവിദ്യാപീഠവും യുനെസ്‌കോയും  സംയുക്തമായി നടത്തുന്ന ക്യാമ്പയിന് തമിഴ്നാട്ടില്‍ തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കോയമ്പത്തൂര്‍ അമൃത വിശ്വവിദ്യാപീഠം കാമ്പസില്‍ നടത്തി. കോയമ്പത്തൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. എം. രവീന്ദ്രന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. ആരോഗ്യമെന്നത് ഏതൊരാളുടെയും  ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണെന്നും പോഷകാഹാരക്കുറവ് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളെ നമുക്ക് മറികടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ത്തവകാല ശുചിത്വത്തെപ്പറ്റി പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അറിവ് പകര്‍ന്നു നല്‍കുക എന്നതിനൊപ്പം  ആര്‍ത്തവത്തെപ്പറ്റിയുള്ള സമൂഹത്തിന്റെ തെറ്റായ ധാരണകളെ മാറ്റുന്നതിനുള്ള ബോധവ്തകരണം കൂടിയാണ് ഈ ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നതെന്ന് യുനെസ്‌കോ ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ് ഡോ. ഹുമ മസൂദ് പറഞ്ഞു. ആര്‍ത്തവ സമയത്ത് ശുചിത്വം ഉറപ്പാക്കാന്‍ കഴിയാത്തത് സ്ത്രീകളില്‍ വന്ധ്യത അടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇക്കാര്യത്തില്‍ ബോധവത്കരണത്തോടൊപ്പം അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കാനും ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതായി ഡോ. ഹുമ മസൂദ് കൂട്ടിച്ചേര്‍ത്തു. അമൃത വിശ്വവിദ്യാപീഠം കാമ്പസ് ഡയറക്ടര്‍ സതീഷ് മേനോന്‍, പി ആന്റ് ജി ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ വര്‍ഷ റാവത്ത്, ഡോ. സുധ രാമലിംഗം, ഡോ. സുഭാഷിണി, ഡോ.പി രംഗസാമി, ഡോ. രമ്യ കൃഷ്ണന്‍ സംസാരിച്ചു.

സ്പോട്ട്‌ലൈറ്റ് റെഡ് എന്ന പേരില്‍ സജ്ജമാക്കിയിരിക്കുന്ന ആര്‍ത്തവത്തെ കുറിച്ചുള്ള സമഗ്ര വിവരങ്ങളടങ്ങിയ ടീച്ചിങ് ലേണിംഗ് മൊഡ്യൂളിന്റെ പ്രകാശനവും ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് നിര്‍വഹിച്ചു. അംഗപരിമിതിയുള്ള പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള കൗമാരക്കാര്‍ക്ക് സ്‌കൂള്‍തലത്തിലും ദേശീയ, അന്താരാഷ്‌ട്ര തലങ്ങളിലും സൗഹാര്‍ദപരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും അവരെ ശാക്തീകരിക്കുകയുമാണ് സ്പോട്ട്ലൈറ്റ് റെഡ് മൊഡ്യൂളുകള്‍ വഴി ലക്ഷ്യമിടുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക