ന്യൂദല്‍ഹി : രാഹുല്‍ ഗാന്ധിയുടെ യുഎസ് സന്ദര്‍ശനത്തില്‍ ഹിന്ദുസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന സ്ഥാപനത്തിന്റെ ഉടമ സുനിതാ വിശ്വനാഥിനെ കണ്ടുമുട്ടിയത് സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
ശതകോടീശ്വരന്‍ ജോര്‍ജ് സോറോസുമായുള്ള സുനിതാ വിശ്വനാഥിന്റെ ബന്ധം ചൂണ്ടിക്കാട്ടിയാണ് സ്മൃതി ഇറാനി ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. അഫ്ഗാന് വുമണ്‍ ഫോര്‍വേര്‍ഡ് എന്ന സംഘടനയുടെ സഹസ്ഥാപകയാണ് സുനിത. ഈ സംഘടന ജോര്‍ജ് സോറോസില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണം സുനിത വിശ്വനാഥിനെതിരെ നേരത്തെ ഉയര്‍ന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിനെതിരെ കേന്ദ്രമന്ത്രി ചോദ്യം ഉന്നയിച്ചത്.
ഹംഗേറിയന്‍ വംശജനായ യുഎസ് ശതകോടീശ്വരനും നിക്ഷേപകനുമാണ് 92 വയസ്സുകാരനായ ജോര്‍ജ് സോറോസ്. രാജ്യത്തെ ജനങ്ങള്‍ക്ക് ജോര്‍ജ് സോറോസിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് സ്മൃതി ഇറാനി പറഞ്ഞു. പിന്നെ എന്തിനാണ് രാഹുല്‍, സോറോസിന്റെ സഹായിയെ കണ്ടത്. ഒരു സംസ്ഥാനത്ത് ഭരണം ലഭിച്ചാലും സത്യത്തെ അടിച്ചമര്‍ത്താന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് ഗാന്ധികുടുംബം തെളിയിച്ചു. ജമാഅത്തുമായി ബന്ധമുള്ളവരാണ് യോഗം സംഘടിപ്പിച്ചതെന്നും സോറോസുമായി ബന്ധമുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തതെന്നും സ്മൃതി ഇറാനി ആരോപിച്ചു.
ഇത് കൂടാതെ യോഗത്തിലുണ്ടായിരുന്ന തസിം അന്‍സാരി, സലില്‍ ഷെട്ടി എന്നിവരെ കുറിച്ചും സ്മൃതി ഇറാനി ചോദ്യങ്ങള്‍ ഉന്നയിച്ചു. രാഹുലിന്റെ ന്യൂയോര്‍ക്ക് യോഗത്തിന്റെ രജിസ്ട്രേഷനായി അന്‍സാരിയുടെ പേരും നമ്പറും നല്‍കിയിരുന്നു. ഇദ്ദേഹത്തിന് ഇസ്ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്കയുമായുള്ള ബന്ധം തെളിയിക്കപ്പെട്ടതാണ്.
ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയ്ക്കൊപ്പമുള്ള സലില്‍ ഷെട്ടിയുടെ ഫോട്ടോ എല്ലായിടത്തും പ്രസിദ്ധീകരിക്കപ്പെട്ടതാണ്. ജോര്‍ജ് സോറോസ് പണം മുടക്കുന്ന ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ആഗോള വൈസ് പ്രസിഡന്റാണ് അദ്ദേഹം. രാജ്യത്തെ സര്‍ക്കാറിനെ അസ്ഥിരമാക്കുമെന്ന് അവകാശവാദം ഉന്നയിക്കുന്ന വിദേശിയുമായി രാഹുലിനെന്താണെന്ന് വിശദമാക്കണം. ജനങ്ങള്‍ ഇക്കാര്യം മനസ്സിലാക്കട്ടെയെന്നും കേന്ദ്രമന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: