ഭോപ്പാല്‍: മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ ശൈശവ വിവാഹത്തിനും മനുഷ്യക്കടത്തിനും പ്രേരിപ്പിച്ചതിന് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ജൂണ്‍ 27 ന് ഭോപ്പാലിനടുത്തുള്ള ഗുനാഗ പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു ഗ്രാമത്തില്‍ 12 വയസ്സുള്ള ആദിവാസി പെണ്‍കുട്ടിയെ 27 കാരനുമായുള്ള വിവാഹം വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് ബുധനാഴ്ച പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ 40,000 രൂപയ്ക്ക് പെണ്‍കുട്ടിയെ വിറ്റ് 20,000 രൂപ അഡ്വാന്‍സ് കൈപ്പറ്റിയതായും ബാക്കി തുക വിവാഹശേഷം അവര്‍ക്ക് കൈമാറാമെന്നും പറഞ്ഞാതായി പോലീസ് അറിയിച്ചു.
ജൂണ്‍ 26ന് ഗുനാഗ പോലീസ് സ്റ്റേഷന് പരിധിയില്‍ ഒരു ശൈശവ വിവാഹത്തെക്കുറിച്ച് വനിതാ ശിശുവികസന വകുപ്പില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംഭവസ്ഥലത്തെത്തിയത്. അവിടെ ആ സമയം ‘ഹല്‍ദി’ ചടങ്ങ് നടക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് (എസ്പി, ഭോപ്പാല്‍ റൂറല്‍) കിരണ്‍ലത കെര്‍ക്കേറ്റ പറഞ്ഞു.
അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് 12 വയസ്സും അവള് വിവാഹം കഴിക്കുന്നയാള്‍ക്ക് 27 വയസ്സും ആണെന്ന് കണ്ടെത്തി. 40,000 രൂപയ്ക്ക് മാതാപിതാക്കള്‍ തന്റെ വിവാഹം നിശ്ചയിച്ചിരുന്നതായും അവര്‍ തന്റെ പ്രതിഷേധം തള്ളിക്കളഞ്ഞതായും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, വരന്, വരന്റെ മാതാപിതാക്കള്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ മനുഷ്യക്കടത്ത്, ജുവനൈല്‍ ജസ്റ്റിസ് ആക്ട്, ശൈശവ വിവാഹ നിരോധന നിയമം, എസ്സി/എസ്ടി ആക്ട് എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ പ്രതികളെല്ലാം അറസ്റ്റിലായതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ബ്രോക്കര്‍മാരായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെയും കേസില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കേസെടുക്കുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: