അനൂപ്. ഒ.ആര്
ചുരുങ്ങിയകാലംകൊണ്ട് ലോകമെമ്പാടുമുള്ള മലയാളികളുടെ നാവിന് പ്രിയപ്പെട്ടതാക്കി ബ്രാഹ്മിന്‍സിനെ വളര്‍ത്തിയ രുചിയുടെ തമ്പുരാന് മണക്കാട് പുതുക്കുളത്തില്ലത്ത് വി. വിഷ്ണുനമ്പൂതിരിയുടെ വിയോഗം തീരാനഷ്ടം. പായ്ക്കറ്റുകളില്‍ മുളകുപൊടി നിറച്ച് സൈക്കിളില്‍ കൊണ്ടു നടന്നു വിറ്റിരുന്ന ഒരു കാലമുണ്ടായിരുന്നു വിഷ്ണുനമ്പൂതിരിക്ക്. പ്രതിസന്ധികളില്‍ പതറാതെ ഇച്ഛാശക്തിയോടെ മുന്നോട്ടു പോയ അദ്ദേഹത്തിന്റെ മനഃശക്തി പണ്ടുതുതലമുറയ്ക്ക് പാഠമാണ്. ചെറിയ മുതല്‍മുടക്കില്‍ ആരംഭിച്ച സ്ഥാപനം ലോകം മുഴുവന്‍ പടര്‍ന്നുപന്തലിച്ച് വലിയ പ്രസ്ഥാനമായി മാറുന്നത് കണ്ടിട്ടാണ് അദ്ദേഹം വിടവാങ്ങിയത്. സംഘപ്രവര്‍ത്തനത്തിലൂടെ ആര്‍ജിച്ച കഴിവാണ് അദ്ദേഹത്തിന് പില്ക്കാലത്ത് മുതല്‍ക്കൂട്ടായത്.
വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മ മുഖമുദ്രയാക്കിയാണ് അദ്ദേഹം മൂന്നര പതിറ്റാണ്ടുമുമ്പ് തൊടുപുഴ കേന്ദ്രമാക്കി വിവിധതരം പൊടികളുടെ വിപണനം ആരംഭിച്ചത്. പിന്നീടാണിത് ബ്രാഹ്മിന്‍സ് ഫുഡ്സ് ഗ്രൂപ്പ് എന്ന പേരില്‍ പടര്‍ന്നുപന്തലിച്ചത്. കഷ്ടപ്പാടുകളും ദുരിതവും നിറഞ്ഞ ജീവിതത്തില്‍ നിന്ന് അദ്ദേഹം പടുത്തുയര്‍ത്തിയ രുചിക്കൂട്ടിന്റെ വിപണി ഇന്ന് ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, ഓസ്ട്രേലിയ, യുകെ, ദുബായ് തുടങ്ങി 12ല്‍പരം രാജ്യങ്ങളില്‍ വ്യാപണ്ടിച്ചുകിടക്കുകയാണ്. 1975ലെ അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ആര്‍എസ്എസിനെ നിരോധിച്ചു. അന്ന് പ്രീഡിഗ്രിക്ക് പഠിക്കുന്ന വിഷ്ണുവടങ്ങുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സംഘം തൊടുപുഴ ടൗണില്‍ പ്രകടനം നടത്തിയതിന് പിടിയിലായി. പിന്നീട് ഒന്നരമാസം ഏറെ ദുരിതം നിറഞ്ഞ ജയില്‍ വാസം അനുഭവിച്ചു. ഇതോടെ പഠനം പാതിവഴിയില്‍ നഷ്ടമായി. പിന്നാലെ തൊടുപുഴയില്‍ തന്നെ നമ്പൂതിരീസ് പിക്കിള്‍സ് എന്ന സ്ഥാപനത്തില്‍ ജോലിക്ക് കയറി. ഇവിടെ മാസങ്ങള്‍ ജോലി ചെയ്തു. പിന്നീട് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം ഭൂഗര്‍ഭ നിലയത്തിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എത്തുന്നതിന്റെ മുന്നോടിയായി 1976ല്‍ വീണ്ടും കരുതല്‍ തടങ്കലിലാക്കി. ഒന്നരമാസം വീണ്ടും ഇരുമ്പഴികള്‍ക്കുള്ളില്‍ കഴിയേണ്ടി വന്നു.
പുറത്തിറങ്ങിയ ശേഷം വിവിധ അമ്പലങ്ങളിലെ പൂജാരിയായി ഒന്നര വര്‍ഷത്തോളം ജോലി നോക്കി. ഇതിലും മനസ് ഉറയ്ക്കാതെ വന്നതോടെ വിജയ കറിപൗഡര്‍ എന്ന പേരില്‍ മട്ടാഞ്ചേരിയില്‍ നിന്ന് പൊടി വാങ്ങി തൊടു പണ്ടണ്ടുഴയില് എത്തിച്ച് പ്ലാസ്റ്റിക്ക് കവറില്‍ പായ്ക്ക് ചെയ്ത് വില്‍പ്പന നടത്തി. രാവിലെ ആറ് മുതല്‍ രാത്രിവരെ സൈക്കിളില്‍ നടന്നായിരുന്നു വില്പന. പിന്നീട് ആരതി ചപ്പല്സ് എന്ന പേരില്‍ ചെരുപ്പ് നിര്‍മാണ സ്ഥാപനം തുടങ്ങി. പിന്നീടങ്ങോട്ട് കൊപ്ര കച്ചവടം, വെളിച്ചെണ്ണ വ്യാപാരം തുടങ്ങിയ ഇരുപതോളം വിവിധങ്ങളായ ബിസിനസ് തുടങ്ങിയെങ്കിലും ഇതിലൊന്നും വിജയം കണ്ടെത്താനായില്ല. ഇതിനിടെ വിവാഹവും നടന്നു.
1987ല്‍ സംസ്ഥാന സര്‍ക്കാരിന്റെ സെല്‍ഫ് എംപ്ലോയിമെന്റ് പദ്ധതിയില്‍ നിന്ന് 30,000 രൂപ ലോണ്‍ ലഭിച്ചതാണ് വഴിത്തിരിവായത്. പെണ്ടാടിയ്ക്കാനുപയോഗിക്കുന്ന മെഷീന് വാങ്ങി വീടിനോടുചേര്‍ന്ന് ചാര്‍ത്ത് കെട്ടിയായിരുന്നു നിലവിലെ കമ്പനിയുടെ തുടക്കം. പിന്നീടങ്ങോട്ട് തൊട്ടതെല്ലാം പൊന്നാക്കി വലിയൊരു കുതിച്ചുകയറ്റമാണ് കണ്ടത്. ആദ്യ കാലത്ത് രാവും പകലും ഉറക്കമില്ലാതെ എല്ലാ പണികളും വിഷ്ണു നമ്പൂതിരി തന്നെയാണ് ചെയ്തിരുന്നത്. തൊടുപുഴ മേഖലയില്‍ സൈക്കിളില്‍ കടകളിലെത്തി ഓര്‍ഡറെടുത്ത് സാധനങ്ങള്‍ എത്തിച്ച് നല്‍കുകയായിരുന്നു. കുടുംബാംഗങ്ങള്‍ പായ്ക്കിങ്ങിന് സഹായവുമായെത്തി. പിന്നീട് ഓര്‍ഡര്‍ കൂടിയതോടെ ഒരു വര്‍ഷത്തിലധികം മണക്കാട് സ്വദേശിയായ രാജഗോപാലിന്റെ ഓട്ടോറിക്ഷ വാടകയ്ക്ക് വിളിച്ചായിരുന്നു കച്ചവടം. ഈ സമയത്താണ് രണ്ട് തൊഴിലാളികളെ നിയമിക്കുന്നത്. അന്നത്തെ കാലത്ത് പ്രതിദിനം 3000 രൂപയുടെ വ്യാപാരം നടക്കുന്ന സമയത്തായിരുന്നു ഇത്.
തലവര മാറ്റി സാമ്പാര്‍ പൊടി
അടുത്തഘട്ടത്തിലാണ് സ്വന്തമായി സ്കൂട്ടര്‍ വാങ്ങിയത്. ഇതിലും സാധനങ്ങള്‍ എത്തിച്ച് നല്കാനാവാതെ വന്നതോടെ സെക്കന്റ് ഹാന്റ് മിനി വാന്‍ വാങ്ങി. ഇതിന് പതിവായി തകരാര്‍ വന്നെങ്കിലും അതിന്റെ അറ്റകുറ്റപ്പണിയടക്കം വിഷ്ണുനമ്പൂതിരി തന്നെയാണ് ചെയ്തിരുന്നത്. പിന്നീടങ്ങോട്ട് പടിപടിയായിരുന്നു വളര്‍ച്ച. 1991ല്‍ സാമ്പാര്‍ പൊടി വിപണിയിലെത്തിച്ചതോടെയാണ് ബ്രാഹ്മിന്‍സിന്റെ തലവര മാറുന്നത്. ഇതിന്റെ കൂട്ട് വ്യത്യസ്തമായതോടെ വിഷ്ണു നമ്പൂതിരിയുടെ കൈപ്പുണ്യം ഭക്ഷണപ്രിയരുടെ മനസില്‍ ഇടം നേടി.
പിന്നീടങ്ങോട്ട് വിശ്വാസ്യതയുടെ പേരായി മാറാന്‍ അദ്ദേഹത്തിന് അധികകാലം വേണ്ടി വന്നില്ല. ഇതിനിടെ ഭാര്യാപിതാവിന്റെ കൈപ്പുണ്യത്തില്‍ ആരംഭിച്ച അച്ചാറുകളും വന്‍ വിജയമായി. പിന്നീട് വിവിധതരം മസാലപ്പൊടികളും ഏറെ വൈകാതെ പുട്ടുപൊടി, അപ്പം, ഇടിയപ്പംപൊടി തുടങ്ങിയ ഉത്പന്നങ്ങളും വിപണിയിലെത്തിച്ചു. ഉത്പന്നത്തിന്റെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയ്ക്കു വിഷ്ണു നമ്പൂതിരി തയാറായിരുന്നില്ല. ഈ കൃത്യനിഷ്ഠയാണ് ഇന്ന് ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ ബ്രാന്‍ഡായി ബ്രാഹ്മിന്‍സിനെ വളര്‍ത്തിയത്.
വെജിറ്റേറിയന്‍ ബ്രാന്‍ഡ്
സമ്പൂര്‍ണ്ണമായും ഒരു വെജിറ്റേറിയന്‍ ബ്രാന്‍ഡ് എന്നതാണ് ബ്രാഹ്മിന്‍സ് ഉല്പന്നങ്ങളുടെ പ്രത്യേകത. ശുദ്ധമായ സസ്യാഹാരത്തിലൂടെ ആരോഗ്യകരമായ ജിവിതശൈലിയാണ് വാഗ്ദാനം. ഇതുതന്നെയാണ് കമ്പനിയുടെ മുഖമുദ്രയും. നിലവില്‍ പ്രതിവര്‍ഷം 9300 ടണ്‍ ഭക്ഷ്യോല്പന്നങ്ങള്, 120ല്‍ പരം വൈവിധ്യങ്ങളില്‍ ബ്രാഹ്മിന്‍സ് വിപണിയിലെത്തിക്കുന്നുണ്ട്. കറി പൗഡറുകള്‍, അച്ചാറുകള്‍, അരി ഉല്പന്നങ്ങള്, ഗോതമ്പ് ഉല്പന്നങ്ങള്, പ്രഭാതഭക്ഷണ ഉല്പന്നങ്ങള്, ഇന്‍സ്റ്റന്റ് ഫുഡ്സ്, ധാന്യങ്ങള്‍, സ്പൈസ് മിക്സുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
2006ല്‍ വിഷ്ണു നമ്പൂതിരിയുടെ മകന് ശ്രീനാഥ് വിഷ്ണു എംബിഎ പഠനം പൂര്‍ത്തിയാക്കി കമ്പനിയില്‍ ചുമതലയേറ്റതോടെ പുതിയ ട്രന്‍ഡുകള്‍ക്കനുസരിച്ച് ബ്രാഹ്മിന്‍സ് മുന്നേറാന്‍ തുടങ്ങി. ഇന്ന് മക്കളും മരുമക്കളും അടങ്ങുന്ന കുടുംബമാണ് കമ്പനിയെ വിഷ്ണു നമ്പൂതിരി തെളിയിച്ച മാതൃകയിലൂടെ മുന്നോട്ടുനയിക്കുന്നത്. ബിസിനസ് എതു തരത്തില്‍ മുന്നോട്ടു കൊണ്ടുപോകണമെന്നതും ഓരോ സമയങ്ങളില്‍ എന്താണ് ചെയ്യേണ്ടതെന്നതും കൃത്യമായ ദീര്‍ഘവീക്ഷണമുണ്ടായിരുന്നു അദ്ദേഹത്തിന്. ബിസിനസിന്റെ പണം മറ്റാവശ്യങ്ങള്‍ക്ക് മാറ്റാനണ്ടും അദ്ദേഹം തയ്യാറായില്ല. പിന്നീട് സഹായം തേടി എത്തുന്നവരെ എല്ലാം സഹായിക്കുകയും ജീവനക്കാര്‍ക്ക് മികച്ച രീതിയില്‍ ശമ്പളമടക്കം നല്കി മുന്നേറാനും കമ്പനിക്കായി.
ഗുണനിലവാരം ഉറപ്പാക്കി മുന്നേറ്റം
തൊടുപുഴയില്‍ സൗകര്യം പോരാതെ വന്നതോടെ എറണാകുളം പൈങ്ങോട്ടൂര്‍ ചാത്തമറ്റത്ത് 12 ഏക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ കെട്ടിടം പണിത് ആധുനിക മെഷിനറികള്‍ സ്ഥാപണ്ടിച്ച് നണ്ടിര്മാണ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. നണ്ടിര്മിച്ച ശേഷം ഇവ തൊടുപുഴയിലേക്ക് മാറ്റും. ഇവിടെ നിന്നാണ് പിന്നീട് മൊത്ത, ചില്ലറ വില്‍പ്പന നടത്തുക. കൂടാതെ എറണാകുളം നെല്ലാട്, വയനാട് അടക്കം വിവിധയിടങ്ങളില്‍ ഗോതമ്പ് പൊടി, അച്ചാറുകളുടെ അടക്കം നിര്‍മാണം നടക്കുന്നുണ്ട്.
മികച്ച നിലവാരമുള്ള ഉത്പന്നങ്ങള്‍ തെരഞ്ഞെടുത്ത് അവ പ്രത്യേകം വാങ്ങിയാണ് എല്ലാ ഭക്ഷ്യോത്പന്നങ്ങളും തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായി സ്വന്തം ലാബിലും സര്‍ക്കാര്‍ ലാബിലും പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കിയാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. ആവശ്യകത കൂടിയതോടെ കഴിഞ്ഞ രണ്ടു വര്‍ഷമായി വിദേശരാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റി അയക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്നത്. തൊടുപുഴയിലും കമ്പനിയുടെ വിവിധ ബ്രാഞ്ചുകളിലായി 250ഓളം ജീവനക്കാരടക്കം ഏകദേശം 600ല്‍ അധികം പേരാണ് ബ്രാഹ്മിന്‍സിന് കീഴില്‍ ഇപ്പോള്‍ വിതരണക്കാരായി അടക്കം പ്രവര്‍ത്തിക്കുന്നത്.
അപ്രതീക്ഷിത വിയോഗം
2007ലാണ് വിഷ്ണു നമ്പൂതിരിയുടെ വൃക്ക മാറ്റിവയ്ക്കുന്നത്. പിന്നീട് അദ്ദേഹത്തെ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയെങ്കിലും ഇതെല്ലാം മറികടന്ന് വീണ്ടും സജീവമായി എത്തി. മുമ്പും പലതവണ ഗുരുതര പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും അതെല്ലാം മറികടന്ന് അദ്ദേഹം തിരികെ എത്തിയിരുന്നു. ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥതയുണ്ടായതോടെ തിങ്കളാഴ്ച രാത്രി എട്ടിനാണ് അദ്ദേഹത്തെ തൊടുപുഴയിലെ സെന്റ് മേരീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായെങ്കിലും ചൊവ്വാഴ്ച വൈകിട്ടോടെ വഷളായി. പിന്നീട് രാത്രി 10 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
തികഞ്ഞ ഗണപതി ഭക്തനായിരുന്നു വിഷ്ണു നമ്പൂതിരി. മൂന്ന് പതിറ്റാണ്ടോളം മനയില്‍ ഗണപതിപൂജ നടത്തിയിരുന്ന അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതോടെ പൂജ മുടങ്ങി. അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു പുതുക്കുളം മനവക നാഗരാജ ക്ഷേത്രത്തില്‍ ഗണപതിയുടെ ശില്പം സ്ഥാപിക്കുകയെന്നത്. അടുത്തിടെയാണ് 27.5 അടി ഉയരമുള്ള ബാലഗണപതി ഭഗവാന്റെ ചതുര്‍ബാഹു ശില്പം നണ്ടിര്മാണം പൂര്‍ത്തിയാക്കി ഭക്തര്‍ക്ക് സമര്‍പ്പിച്ചത്. ജൂണ്‍ 13ന് നടന്ന വിഗ്രഹ സമര്‍പ്പണ പരിപാടിയിലാണ് അദ്ദേഹം അവസാനിമായി പങ്കെടുത്തത്. മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി 20ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് അദ്ദേഹത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: