വടക്കാഞ്ചേരി: കാലവര്‍ഷം കനക്കുന്നു. മണ്ണിടിച്ചില്‍ ഭീതിയില്‍ പറമ്പായി ചോരത്തടം റോഡ് നിവാസികള്‍. മഴയില്‍ അനുദിനം മണ്ണും പാറയും ഇടിഞ്ഞുവീഴുന്ന ഉയരയിടത്തിനു താഴെ ആശങ്കയില്‍ കഴിയുകയാണ് 5 കുടുംബങ്ങള്‍. മഴക്കാലമായാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും ഓടേണ്ട ഗതികേടിലാണ് ഈ നിര്‍ധന കുടുംബങ്ങള്‍. ആക്കമറ്റത്തില്‍ വീട്ടില്‍ ബാബു, പാറേപ്പറമ്പില്‍ വീട്ടില്‍ സുരേഷ്, പാറയില്‍ വീട്ടില്‍ ഷൈലജ, വെള്ളപ്ലാക്കല്‍ ബ്ലെസന്റെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന സന്തോഷ്, പറങ്ങനാട് തങ്കമണി എന്നിവരുടെ കുടുംബങ്ങളാണ് ദുരിതക്കയത്തിലായത്.
ഇന്നലെ പാറയില്‍ വീട്ടില്‍ ഷൈലജയുടെ വീടിനു പുറകിലേക്കാണ് മണ്ണിടിഞ്ഞു വീണത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഉയരയിടം സ്ഥിതി ചെയ്യുന്നത്. ഉയരയിടത്തിലെ ഭീമന് പാറക്കല്ലും മണ്ണുമൊക്കെ താഴേക്ക് പതിക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍ ഓരോ ദിനവും തള്ളിനീക്കുന്നത്. കഴിഞ്ഞവര്‍ഷം പറങ്ങനാട് തങ്കമണിയുടെ വീടിനു പുറത്തെ ശുചിമുറി മണ്ണും പാറയും ഇടിഞ്ഞുവീണ് പൂര്‍ണമായും തകര്‍ന്നിരുന്നു.
പാറപ്പറമ്പില് വീട്ടില്‍ സുരേഷിന്റെ വീടിന് പുറകിലേക്ക് ഭീമന് പാറക്കല്ല് വീണതും വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പ്രളയകാലത്തുള്‍പ്പെടെ വര്‍ഷങ്ങളായി തുടരുന്ന പ്രശ്ന പരിഹാരത്തിനായി കളക്ടര്‍ ഉള്‍പ്പെടെയുള്ളവരെ സമീപിച്ചിരുന്നതായും പറയുന്നു. പരാതികളെ തുടര്‍ന്ന് ഇന്നലെ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും ശാശ്വതപരിഹാരം കാണാതെ പിന്‍വാങ്ങില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: