ഈ ഡിജിറ്റൽ യുഗത്തിൽ സൈബർ കുറ്റവാളികൾ ജാഗ്രതക്കുറവുള്ള വ്യക്തികളെ ചൂഷണം ചെയ്യാൻ നാൾക്കുനാൾ പുതിയ രീതികൾ ആവിഷ്കരിക്കുന്നു. വമ്പിച്ച തുകയുടെ സമ്മാനം ഉറപ്പു നൽകി വ്യക്തികളെ കബളിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ഉപാധിയായി ഡിജിറ്റൽ-ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ മാറിയിരിക്കുന്നു. ഫോൺ കോളുകൾ, ഇമെയിലുകൾ, എസ്എംഎസ് സന്ദേശങ്ങൾ, വാട്ട്‌സ്ആപ്പ് അറിയിപ്പുകൾ തുടങ്ങിയ പല മാർഗങ്ങളിലൂടെ തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നു. വലിയ തുക സമ്മാനം നേടിയെന്ന് പറഞ്ഞു പലരെയും ഈ കൂട്ടർ കബളിപ്പിക്കുന്നു.
ഈ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ വേണ്ടി ജാഗ്രത പാലിക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും നിയമ നിർവ്വഹണ ഏജൻസികളും സൈബർ സുരക്ഷാ വിദഗ്ധരും പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഉപദേശങ്ങളിലൊന്ന് പ്രായോഗികമായി ചിന്തിക്കുക എന്നുള്ളത്:
ഇത്തരത്തിലുള്ള തട്ടിപ്പുകാർക്ക് സെൻസിറ്റീവ് വിവരങ്ങൾ വെളിപ്പെടുത്തരുത്. നിയമാനുസൃതമായി ലോട്ടറി വിജയിക്കുന്നവർക്കു ഒരിക്കലും അവരുടെ സമ്മാനങ്ങൾ ശേഖരിക്കുന്നതിന് മുൻകൂർ ചാർജുകളോ ഫീസോ നൽകേണ്ടതില്ല. തട്ടിപ്പുകാർ ഇരകളോട് സമ്മർദം ചെലുത്തി, മുൻകൂറായി പണം അയക്കാൻ ആവശ്യപ്പെടും.
ഉദാഹരണത്തിന് കൊക്കോകോള നടത്തിയ ലോട്ടറിയിൽ നിങ്ങൾക്കു 10 കോടി രൂപ സമ്മാനം കിട്ടിയെന്നു മെസ്സേജ് വരും. അതിനു വേണ്ടി സർവീസ് ചാർജ് ഇനത്തിൽ ഒരു ലക്ഷം രൂപ അയക്കാൻ തട്ടിപ്പുകാർ ആവശ്യപ്പെടും. പ്രായമാവരെയും റിട്ടയേഡ് ആളുകളെയും ഇത്തരത്തിൽ തട്ടിപ്പുകാർ വൻ തുക വാഗ്ദാനം നൽകി കബളിപ്പിക്കും.
ലോട്ടറി തട്ടിപ്പിന് ഇരയാകാതിരിക്കാൻ, ചില കാര്യങ്ങൾ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഒരിക്കലും ഒരു ടിക്കറ്റ് വാങ്ങാതെ നിങ്ങൾക്ക് ലോട്ടറി നേടാനാവില്ലെന്ന് ഓർമ്മിക്കുക. നിങ്ങൾ എടുക്കാത്ത ലോട്ടറി എങ്ങനെയാണു അടിക്കുക? വാങ്ങാത്ത ലോട്ടറി നിങ്ങൾ നേടിയതായി സ്ഥിരീകരിക്കുന്ന അറിയിപ്പുകൾ ലഭിച്ചാൽ അത് ഒരു തട്ടിപ്പാണ്. കൂടാതെ, സമ്മാനം കൈപ്പറ്റാനായി വേഗത്തിൽ പ്രവർത്തിക്കണമെന്ന് നിർബന്ധിച്ചു കൊണ്ട് തട്ടിപ്പുകാർ ഇടയ്‌ക്കിടെ തിടുക്കം കാട്ടുന്നു. ഇരകൾ മറ്റുള്ളവരുമായി കൂടിയാലോചിക്കുന്നതിൽ നിന്നും തടയുന്നതിനാണ് അവർ അങ്ങനെ ചെയ്യുന്നത്.
നിയമ നിർവ്വഹണ ഏജൻസികൾ ഈ തട്ടിപ്പു പ്രവർത്തനങ്ങളെ സജീവമായി നേരിടുകയാണ്. ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികാരികളോട് വെളിപ്പെടുത്താൻ പൗരന്മാരോട് ദേശീയ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ് അഭ്യർത്ഥിക്കുന്നു. സംശയാസ്പദമായ ഫോൺ കോളുകൾ, ഇമെയിലുകൾ, SMS സന്ദേശങ്ങൾ, അല്ലെങ്കിൽ WhatsApp അറിയിപ്പുകൾ എന്നിവ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെങ്കിൽ cybercrime.gov.in സന്ദർശിച്ച് അവ റിപ്പോർട്ട് ചെയ്യുക. അല്ലെങ്കിൽ 1930 എന്ന ഹെൽപ്പ്‌ലൈനിൽ നമ്പറിൽ വിളിച്ച് സംഭവം ദേശീയ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റിനെ ഉടൻ അറിയിക്കുക.
ഡിജിറ്റൽ കമ്മ്യൂണിക്കേഷന്റെ വ്യാപനം തട്ടിപ്പുകാർക്ക് പുതിയ മേച്ചിൽ പുറങ്ങൾ നൽകിയിട്ടുണ്ട്. ജനങ്ങൾ സദാ ജാഗ്രത പാലിക്കുകയും സംശയാസ്പദമായ എന്തെങ്കിലും പ്രവൃത്തികൾ ഉടനടി റിപ്പോർട്ട് ചെയ്യുകയും ചെയ്താൽ, ലോട്ടറി തട്ടിപ്പുകളെ ചെറുക്കാനും സാമ്പത്തിക നാശത്തിൽ നിന്ന് നമ്മുടെ സമൂഹത്തെ സംരക്ഷിക്കാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: