പട്ടാമ്പി: മഴക്കാലം ആരംഭിച്ചതോടെ പുഴകളിലും തോടുകളിലും അനധികൃത മത്സ്യബന്ധനം വ്യാപകമാകുന്നു. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ ചെമ്പ്ര, പയിലിപ്പുറം കടവില്‍ കുന്തിപ്പുഴക്ക് കുറുകെ അനധികൃതമായി വലകള്‍ കുറ്റിയടിച്ച് സ്ഥാപിച്ചത് കണ്ടെത്തി. ജില്ലാ ഫിഷറീസ് ഓഫീസര്‍ അബ്ദുള്‍ മജീദ് പോത്തന്നൂരാന്റെ നിര്‍ദ്ദേശപ്രകാരം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ ദേവദാസ്, ശ്രുതി എന്നിവരുടെ നേതൃത്വത്തില്‍ വലകള്‍ നീക്കി.
പൈലിപ്പുറം കടവില്‍ കുന്തിപ്പുഴക്ക് കുറുകെയായി വലകള്‍ കുറ്റിയടിച്ച് സ്ഥാപിച്ചിരുന്നത്. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ ദേവദാസ്, ശ്രുതി, സിവില്‍ പോലീസ് ഓഫീസര്‍ നിഷാദ്, പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍മാരായ ജോയല്‍ ജോസഫ്, അജീഷ്, അജിത്, ഷാമില്‍, രാജു നേതൃത്വം നല്കി.
കേരളാ ഉള്‍നാടന്‍ ഫിഷറീസ് ആക്ട് പ്രകാരം പുഴകളിലും തോടുകളിലും കായലോരത്തും പൊതു ജലാശയങ്ങളിലും അനധികൃതമായി മത്സ്യം പിടിക്കുന്നത് 15,000/ രൂപ വരെ പിഴയും കുറ്റം ആവര്‍ത്തിച്ചാല്‍ 6 മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ്, ഫിഷറീസ് വകുപ്പ്, റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്ക് നടപടികള്‍ സ്വീകരിക്കാവുന്നതാണ്. വരും ദിവസങ്ങളില്‍ പുഴകള്‍, തോടുകള്‍, ഡാമുകള്‍, എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന അനധികൃത മത്സ്യബന്ധനം തടയുന്നതിനായി പട്രോളിങ് ശക്തമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ഫിഷറീസ് ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: