പാലക്കാട്: നഗരസഭയുടെ ഖരമാലിന്യസംസ്‌കരണ പ്ലാന്റില്‍ തീപ്പിടിത്തം. വാളയാര്‍ ദേശീയപാത കൂട്ടുപാത ജങ്ഷനു സമീപം കൊടുമ്പ് പഞ്ചായത്തിലുള്ള നഗരസഭയുടെ മാലിന്യസംസ്‌കരണ പ്ലാന്റിലാണ് ഇന്നലെ പു ലര്‍ച്ചെ രണ്ടരയോടെ തീപിടുത്തമുണ്ടായത്. മതിയായ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നുവെന്നും ആരെങ്കിലും തീവച്ചതാണോ എന്നതുസംബന്ധിച്ച് അന്വേഷണം വേണമെന്നും നഗരസഭ ആവശ്യപ്പെട്ടു.
ക്ലീന്‍ കേരള കമ്പനി ഏറ്റെടുക്കേണ്ടിയിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ അഗ്‌നിശമനസേനയെയും, നഗരസഭാധികൃതരെയും വിവരമറിയിക്കുകയായിരുന്നു. ജില്ലാ ഫയര്‍ഓഫീസര്‍ ടി. അനൂപിന്റെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ എട്ട് യൂണിറ്റ് അഗ്‌നിശമനസേനയെത്തിയാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രാവിലെ പത്തരയോടെ തീ പൂര്‍ണമായും അണച്ചത്. പ്ലാസ്റ്റിക് മാലിന്യത്തില്‍ തീ പടര്‍ന്നതോടെ കനത്തപുകയും ഉയരാന്‍ തുടങ്ങി. ഏഴ് ജെസിബിയും മറ്റും ഉപയോഗിച്ച് അവിടെയുണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്താണ് തീ പടരുന്നത് തടഞ്ഞത്.
ക്ലീന്‍ കമ്പനിക്ക് നല്‍കാനായി വേര്‍തിരിച്ചുവെച്ച നാല് ടണ്ണോളം പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീ പടര്‍ന്നത്. കഴിഞ്ഞ പത്ത് ദിവസമായി കമ്പനി ട്രഞ്ചിങ് ഗ്രൗണ്ടില്‍ നിന്നും മാലിന്യമെടുക്കാത്തതാണ് കുന്നുകൂടാന്‍ കാരണമായത്. ഇവിടെയുണ്ടായിരുന്ന ഒരു ജെസിബി, മാലിന്യം സൂക്ഷിച്ചിരുന്ന കെട്ടിടം എന്നിവയ്‌ക്ക് കേടുപാടുകള്‍ സംഭവിച്ചു. അമ്പത്ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണ് നഗരസഭക്കുണ്ടായത്.
വേനല്‍ക്കാലത്ത് പോലും അഗ്‌നിബാധയുണ്ടാവാതിരിക്കാനായി ഫയര്‍ ബെല്‍റ്റ്, വെള്ളം നനയ്‌ക്കല്‍ തുടങ്ങിയ സുരക്ഷാമുന്‍കരുതലെടുത്തിരുന്നതായി നഗരസഭ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സ്മിതേഷ് എന്നിവര്‍ പറഞ്ഞു. സംഭവത്തില്‍ അട്ടിമറിയുണ്ടോയെന്നത് ഉള്‍പ്പെടെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാസെക്രട്ടറി പോലീസില്‍ പരാതി നല്‍കി. ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍, വൈസ് ചെയര്‍മാന്‍ അഡ്വ. ഇ. കൃഷ്ണദാസ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സ്മിതേഷ്, നഗരസഭ സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സ്ഥലത്തുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: