വടക്കഞ്ചേരി: ഒന്നേകാല്‍ കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കിഴക്കഞ്ചേരി പാണ്ടാംകോട് കിഴക്കുമശേരി ഷാജി (48) ആണ് അറസ്റ്റിലായത്. വടക്കഞ്ചേരി റോളക്സ് ഓഡിറ്റോറിയത്തിന് സമീപം ‘അക്യുമെന്‍ ഡയമണ്ട്’ എന്ന സ്ഥാപനത്തിന്റെ പേരില്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ച് ബാങ്ക് പലിശയെക്കാള്‍ കൂടുതല്‍ ലാഭവിഹിതം തരാമെന്ന് പറഞ്ഞ് ആറുപേരില്‍ നിന്നായി ഒന്നേകാല്‍ കോടി രൂപ തട്ടിപ്പ് നടത്തിയതായാണ് കേസ്.
2021 ജനുവരി മുതല്‍ 2022 ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് വിവിധ ആളുകളില്‍ നിന്നായി ഇയാള്‍ പണം തട്ടിയെടുത്തത്. പരാതികളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ നവംബര്‍ 18ന് ഇയാള്‍ക്കെതിരെ വടക്കഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് ഇയാള്‍ മുങ്ങിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജ്ജതമാക്കി. ഇതിനിടെ പ്രതി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് അടിസ്ഥാനത്തില്‍ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു അപേക്ഷിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാവാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്നലെ ഇയാള്‍ വടക്കഞ്ചേരി പോലീസില്‍ കീഴടങ്ങിയത്.
വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇത്തരത്തില്‍ പലരില്‍ നിന്നുമായി 40 കോടിയോളം രൂപ ഇയാള്‍ തട്ടിയെടുത്തതായാണ് വിവരം. തട്ടിപ്പിനിരയായവര്‍ പലരും പരാതിയുമായി മുന്നോട്ട് വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: