തിരുവനന്തപുരം: ആഗോള ബാങ്കിംഗ് ടെക്നോളജി കമ്പനിയായ സാഫിന്‍ പ്രശസ്തമായ മൈക്രോസോഫ്റ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പാര്‍ട്ണര്‍ പുരസ്ക്കാരം 2023 ന് അര്‍ഹമായി. മൈക്രോസോഫ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപഭോക്തൃ സേവനത്തില്‍ നൂതനത്വം ഏര്‍പ്പെടുത്തിയതിനാണ് പുരസ്ക്കാരം.
മൈക്രോസോഫ്റ്റിന്റെ ഈ പുരസ്ക്കാരം ലഭിക്കുന്ന ആദ്യ കനേഡിയന്‍ കമ്പനിയായതില്‍ അഭിമാനമുണ്ടെന്ന് സാഫിന്റെ സിഇഒ അല്‍ കരീം സോംജി പറഞ്ഞു. മൈക്രോസോഫ്റ്റുമായുള്ള സഹകരണത്തോടെ ആഗോളതലത്തിലുള്ള ബാങ്കുകളുടെ പ്രവര്‍ത്തനം ആധുനീകരിക്കാനുള്ള സേവനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മൈക്രോസോഫ്റ്റ് ക്ലൗഡ് പ്ലാറ്റ് ഫോം വഴി നൂതനമായ സാമ്പത്തികസേവനങ്ങള്‍ നല്‍കാനുള്ള സംവിധാനം വികസിപ്പിച്ചെടുത്തതിനാണ് പുരസ്ക്കാരം ലഭിച്ചത്. മൈക്രോസോഫ്റ്റ് പ്ലാറ്റ് ഫോമിലൂടെ ശക്തമായ മികച്ച വ്യവസായ വിജ്ഞാനം, നവീകരണം, എന്നിവ സാഫിന് നേടാനായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൈക്രോസോഫ്റ്റിന്റെ ഉപകരണങ്ങളോ, സോഫ്റ്റ് വെയറുകളോ ഉപയോഗിച്ച് മികച്ച സേവനങ്ങള്‍ നല്‍കുന്നതിനാണ് പാര്‍ട്ണര്‍ ഓഫ് ദി ഇയര്‍ പുരസ്ക്കാരം നല്‍കുന്നത്. 100 ല്‍പരം രാജ്യങ്ങളില്‍ നിന്ന് ലഭിച്ച 4,200 നാമനിര്‍ദ്ദേശങ്ങളില്‍ നിന്നാണ് വിവിധ മേഖലകളില്‍ പുരസ്ക്കാരങ്ങള്‍ നല്‍കുന്നത്.
കാനഡയില്‍ വാന്‍കുവര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയ്‌ക്ക് തിരുവനന്തപുരം ടെക്നോപാര്‍ക്ക്, ചെന്നൈ എന്നിവിടങ്ങളില്‍ ഓഫീസുണ്ട്. ആഗോളതലത്തിലുള്ള 600 ജീവനക്കാരില്‍ 300 പേരും ജോലി ചെയ്യുന്നത് ഇന്ത്യയിലെ ഓഫീസുകളിലാണ്.
ബാങ്കിംഗ് സേവനങ്ങള്‍ ക്രമീകരിച്ച് മികച്ച ലാഭമുണ്ടാക്കാനും ഉപഭോക്തൃ സൗഹൃദ സേവനങ്ങള്‍ നല്‍കാനുമുള്ള സേവനങ്ങളാണ് സാഫിന്‍ നല്‍കുന്നത്.
വിജയികള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍ നേരുന്നവെന്ന് മൈക്രോസോഫ്റ്റിന്റെ കോര്‍പറേറ്റ് വൈസ് പ്രസിഡന്‍റ് നിക്കോള്‍ ഡെസെന്‍ പറഞ്ഞു. മൈക്രോസോഫ്റ്റ് ക്ലൗഡ് ഉപയോഗിച്ച് എന്തൊക്കെ നൂതനത്വം സാധ്യമാകുമെന്ന് പുരസ്ക്കാരജേതാക്കള്‍ ലോകത്തിന് കാണിച്ചു കൊടുത്തു. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനും ഡിജിറ്റല്‍ പരിണാമത്തില്‍ നിര്‍ണായകമായ പങ്ക് നല്‍കാനും ഈ ഉദ്യമങ്ങളിലൂടെ സാധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൈക്രോസോഫ്റ്റിന്റെ ആഗോളപങ്കാളിത്ത സമ്മേളനമായ ‘മൈക്രോസോഫ്റ്റ് ഇന്‍സ്പയറി’ന് മുന്നോടിയായാണ് പാര്‍ട്ണര്‍ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. ജൂലായ് 18-19 തിയതികളില്‍ നടക്കുന്ന ഈ വര്‍ഷത്തെ ‘ഇന്‍സ്പയര്‍’ സമ്മേളനത്തില്‍ സാഫിന് പുരസ്ക്കരങ്ങള്‍ സമര്‍പ്പിക്കും.
2002 ല്‍ സ്ഥാപിതമായ സാഫിന്‍ ‘സാസ്’ (സോഫ്റ്റ് വെയര്‍ ആസ് എ സര്‍വീസ്) വിഭാഗത്തില്‍പ്പെടുന്ന കമ്പനിയാണ്. ഡിസൈന്‍, ഉത്പന്നം, വിലനിര്‍ണയം, പാക്കേജുകള്‍ എന്നീ മേഖലകളിലാണ് സാഫിന്റെ സേവനങ്ങള്‍ മുഖ്യമായും പ്രദാനം ചെയ്യുന്നത്. ഐഎന്‍ജി, എച്എസ്ബിസി, സിഐബിസി, വെല്‍സ് ഫാര്‍ഗോ, പിഎന്‍സി, എഎന്‍സീ എന്നീ മുന്‍നിര സ്ഥാപനങ്ങള്‍ സാഫിന്റെ ഉപഭോക്താക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: