പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാകുമ്പോള്‍ അത് ചരിത്രത്തില്‍ ഇടം പിടിക്കുകയാണ്. ആഗോളതലത്തില്‍ ഇന്ത്യ സുപ്രധാനമായ പദവിയിലെത്തിയിരിക്കു ന്നുവെന്ന് ഊട്ടിയുറപ്പിക്കുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. സാങ്കേതികവിദ്യാധിഷ്ഠിത സഹകരണത്തിന്റെ പുതുയുഗത്തിന് തുടക്കമിടുകയാണ് ഇന്ത്യയും അമേരിക്കയും.
കഴിഞ്ഞ 9 വര്‍ഷത്തിനിടെ, തന്ത്രപ്രധാനമായ പല മേഖലകളിലും കുതിച്ചുചാട്ടത്തിന് ഇന്ത്യക്കായി. അതിന്റെ ഫലമായി, ഒരു ഉദാഹരണം ചൂണ്ടിക്കാട്ടുകയാണെങ്കില്‍, ഇന്ത്യയുടെ ചുവടവയ്പുകള്ക്ക് ഏറെ വര്‍ഷങ്ങള്‍ക്കുമുമ്പ് ബഹിരാകാശയാത്ര ആരംഭിച്ച അമേരിക്ക, ആ മേഖലയിലെ ഭാവി പരിപാടികളില്‍ ഇന്ത്യയെ തുല്യപങ്കാളിയായി പരിഗണിക്കുന്നു.
ജൂണ്‍ 21ന് വാഷിങ്ടണിലെ വില്ലാര്‍ഡ് ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ആര്‍ട്ടെമിസ് ഉടമ്പടിയില്‍ ഒപ്പുവച്ച 27ാ മത്തെ രാജ്യമായി ഇന്ത്യ മാറി. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി രാജ്യങ്ങള്‍ക്കിടയില്‍ മനുഷ്യ ബഹിരാകാശ പര്യവേക്ഷണ സഹകരണം നയിക്കുന്നതിനുള്ള പ്രായോഗിക തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ആര്‍ട്ടെമിസ് ഉടമ്പടി. കരാറില്‍ ഒപ്പുവച്ചതോടെ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ബഹിരാകാശ പര്യവേക്ഷണങ്ങളുടെ ഭാഗമായി ഇന്ത്യയും മാറിയിരിക്കുന്നു. കരാറില്‍ പറയുന്നതനുസരിച്ച് ബഹിരാകാശ മേഖലയിലെ നിര്‍ണായക സാങ്കേതികവിദ്യകള്‍, പ്രത്യേകിച്ച് ഇലക്ട്രോണിക്സ്, ഇറക്കുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കപ്പെടും. ഇത് ഇന്ത്യന്‍ കമ്പനികള്‍ക്കു ഗുണകരമായി മാറും. ഒപ്പം അമേരിക്കന്‍ വിപണി നവീകരിക്കപ്പെടും. ഇത് ശാസ്ത്രമേഖലയിലെ ഇന്ത്യഅമേരിക്ക സഹകരണത്തിന് കൂടുതല്‍ സാധ്യതകള്‍ തുറക്കും. മനുഷ്യരെ ബഹിരാകാശത്തില്‍ എത്തിക്കല്‍, മൈക്രോ ഇലക്ട്രോണിക്സ്, ക്വാണ്ടം, ബഹിരാകാശസുരക്ഷ പോലുള്ള ദീര്‍ഘകാലപദ്ധതികളില്‍ അമേരിക്കയുമായി സഹകരണവും സാധ്യമാക്കും.
ആര്‍ട്ടെമിസ് ഉടമ്പടിയില്‍ സാമ്പത്തിക പ്രതിബദ്ധതകളേതുമില്ല. 2020 ഒക്ടോബര്‍ 13നാണ് ഓസ്ട്രേലിയ, കനഡ, ഇറ്റലി, ജപ്പാന്, ലക്സംബര്‍ഗ്, യുഎഇ, യുകെ, അമേരിക്ക എന്നീ എട്ട് സ്ഥാപക രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവച്ചത്. ജപ്പാന്, ഫ്രാന്‍സ്, ന്യൂസിലാന്‍ഡ്, യുകെ, കനഡ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, സ്പെയിന് തുടങ്ങിയ അമേരിക്കയുടെ പരമ്പരാഗത സഖ്യകക്ഷികള്‍ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. റുവാന്‍ഡ, നൈജീരിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളും കരാറിലെ പുതിയ പങ്കാളികളാണ്.
ആര്‍ട്ടെമിസ് ഉടമ്പടിയിലൂടെ ഇന്ത്യക്കുണ്ടാകുന്ന നേട്ടങ്ങള്‍ എന്താണെന്ന് നോക്കാം. ലഭ്യമാകുന്ന ഏകദേശക്കണക്കു പ്രകാരം, ബഹിരാകാശ പരിപാടികള്‍ക്കായുള്ള ആഗോള ഗവണ്മെന്റ് ചെലവ് കഴിഞ്ഞ വര്‍ഷം ഏകദേശം 103 ബില്യണ്‍ ഡോളറെന്ന നിലയില്‍ റെക്കോര്‍ഡിലെത്തിയിരുന്നു. ഇതില്‍ പകുതിയിലധികം, ഏകദേശം 62 ബില്യണ്‍ ഡോളര്‍, ചെലവാക്കിയത് അമേരിക്കയാണ്. രണ്ടാം സ്ഥാനത്തുള്ളത് ഈ കരാറിന്റെ ഭാഗമല്ലാത്ത ചൈന ചെലവാക്കിയ 12 ബില്യണ്‍ ഡോളറാണ്. 3.4 ബില്യണ്‍ ഡോളര്‍ വാര്‍ഷിക ചെലവുമായി അഞ്ചാം സ്ഥാനത്താണ് റഷ്യ. ഇന്ത്യ 1.93 ബില്യണ്‍ ചെലവാക്കി ഏഴാം സ്ഥാനത്തും.
2022ലെ ഭ്രമണപഥവിക്ഷേപണങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ രാജ്യങ്ങളുടെ ബഹിരാകാശ പരിപാടികള്‍ താരതമ്യം ചെയ്യുമ്പോള്‍, പേലോഡ്സ്പേസ് വെബ്സൈറ്റ് കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം 186 വിക്ഷേപണങ്ങളാണ് നടന്നിട്ടുള്ളത്. അമേരിക്ക 76, ചൈന 62, റഷ്യ 21, ഇന്ത്യ 5 എന്നിങ്ങനെയാണ് ഭ്രമണപഥവിക്ഷേപണങ്ങളുടെ കണക്ക്. 2023 മെയ് 4 വരെയുള്ള ബഹിരാകാശത്തെ ഉപഗ്രഹങ്ങളുടെ എണ്ണം പരിശോധിച്ചാല്‍, ഉപഗ്രഹ നിരീക്ഷണ വെബ്സൈറ്റായ ‘ഓര്‍ബിറ്റിങ് നൗ’ വിവിധ ഭൗമ ഭ്രമണപഥങ്ങളിലെ 7702 സജീവ ഉപഗ്രഹങ്ങളുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. പ്രവര്‍ത്തനക്ഷമമായ 2926 ഉപഗ്രഹങ്ങളുള്ള അമേരിക്കയാണ് പട്ടികയില്‍ ഒന്നാമത്, ചൈന 493, യുകെ 450, റഷ്യ 167, എന്നിങ്ങനെയാണ് കണക്കുകള്‍. 58 ഉപഗ്രഹങ്ങളുമായി ഇന്ത്യ ഈ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.
ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ക്ക് ആറ് ദശാബ്ദത്തിന്റെ പഴക്കമാണുള്ളത്. പിന്നെയും ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം 1969ലാണ് ഐഎസ്ആര്‍ഒ സ്ഥാപിതമായത്. റഷ്യയുടെ റസ്കോസ്മോസ്, യൂറോപ്പിന്റെ ഇഎസ്എ തുടങ്ങിയ വിവിധ വിക്ഷേപണ ഏജന്‍സികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന അന്താരാഷ്ട്ര സഹകരണമാണ് ഐഎസ്ആര്‍ഒയുടെ മുഖമുദ്രയും. 34 രാജ്യങ്ങളില്‍ നിന്നായി 385 വിദേശ ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചിട്ടുണ്ട്.
2014ന് മുമ്പ്, ഐഎസ്ആര്‍ഒ ഇടയ്ക്കിടെ വിക്ഷേപണങ്ങള്‍ നടത്തിയിരുന്നു, എന്നാല്‍, ബഹിരാകാശ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം സാധ്യമാക്കിയതിന് ശേഷം, ഐഎസ്ആര്‍ഒ ഏകദേശം 150 സ്വകാര്യ സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ആഴത്തിലുള്ള ബഹിരാകാശ ദൗത്യങ്ങള്‍ക്ക് കോടിക്കണക്കിന് ഡോളര്‍ ആവശ്യമാണ്. ഇത് മനുഷ്യരാശിക്ക് വലിയ തോതില്‍ പ്രയോജനം സൃഷ്ടിക്കുന്നവയുമാണ്. മനുഷ്യരാശിയുടെ പ്രയോജനത്തിനായി രാജ്യങ്ങള്‍ ലഭ്യമായ വിഭവങ്ങള്‍ ശേഖരിക്കേണ്ടത് അത്യാവശ്യമാണ്. സമാന ചിന്താഗതിക്കാരായ രാഷ്ട്രങ്ങള്‍ പരസ്പരം നേട്ടങ്ങളിലും അനുഭവങ്ങളിലും സഹകരിച്ച് മുന്നേറുകയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും വേണം.
ബഹിരാകാശ മേഖലയില്‍ ഇന്ത്യയും അമേരിക്കയും പരസ്പരം സഹകരിക്കുന്നതിന്റെ നേട്ടം അനുഭവിക്കാന്‍ നമുക്ക് അധികം കാത്തിരിക്കേണ്ടി വരില്ല. ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയെ അടുത്ത വര്‍ഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്ക് (ഐഎസ്എസ്) അയച്ചേക്കുമെന്ന് വൈറ്റ്ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് നാസ അത്യാധുനിക പരിശീലനം ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലെ സംയുക്ത പ്രസ്താവനയില്‍ ഇന്ത്യയും അമേരിക്കയും വ്യക്തമാക്കിയിരുന്നു.
മറ്റ് മേഖലകളിലും ഇന്ത്യ അമേരിക്ക സഹകരണം വന്‍ നേട്ടങ്ങള്‍ക്ക് കാരണമാകും. അമേരിക്കയിലെ മെമ്മറി ചിപ്പ് സ്ഥാപനമായ മൈക്രോണ്‍ ടെക്നോളജി ഗുജറാത്തില്‍ ചിപ്പ് അസംബ്ലിയില്‍ 825 മില്യണ്‍ ഡോളര്‍ വരെ നിക്ഷേപിക്കും. കമ്പനി ഇന്ത്യയില്‍ സജ്ജമാക്കുന്ന ആദ്യത്തെ ഫാക്ടറികൂടിയായ ഇവിടെ കേന്ദ്ര ഗവണ്മെന്റിന്റെയും ഗുജറാത്ത് ഗവണ്മെന്റിന്റെയും സഹകരണത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുക. 2.75 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണു പദ്ധതിക്കുണ്ടാകുക.
ഇന്ത്യഅമേരിക്ക സംയുക്ത ക്വാണ്ടം കോര്‍ഡിനേഷന്‍ മെക്കാനിസത്തിലൂടെ വ്യവസായം, വിദ്യാഭ്യാസവും ഗവേഷണവും, ഗവണ്മെന്റ് എന്നിവയിലെ സഹകരണം സുഗമമാക്കുന്നതിനും സമഗ്രമായ ക്വാണ്ടം വിവര ശാസ്ത്ര സാങ്കേതിക കരാറിനായി പ്രവര്‍ത്തിക്കുന്നതിനുമുള്ള നീക്കത്തിന് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധാരണയിലെത്തി. നിര്‍മിതബുദ്ധി, ക്വാണ്ടം സാങ്കേതികവിദ്യകള്‍ എന്നിവയുടെ സംയുക്ത വികസനത്തിനും വാണിജ്യവല്‍ക്കരണത്തിനുമായി യുഎസ്ഇന്ത്യ ശാസ്ത്രസാങ്കേതിക നിധിക്കു കീഴില്‍ 2 ദശലക്ഷം ഡോളറിന്റെ ധനസഹായ പദ്ധതി ആരംഭിക്കും. ഒപ്പം, ഇന്ത്യയില്‍ പൊതുസ്വകാര്യ സഹകരണത്തോടെ ഹൈ പെര്‍ഫോമന്‍സ് കമ്പ്യൂട്ടിങ് (എച്ച്പിസി) സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ചെയ്യും.
എച്ച്പിസി സാങ്കേതികവിദ്യയുടെയും സോഴ്സ് കോഡിന്റെയും ഇന്ത്യയിലേക്കുള്ള അമേരിക്കന്‍ കയറ്റുമതിക്കുള്ള തടസ്സങ്ങള്‍ കുറയ്ക്കാനായി പ്രവര്‍ത്തിക്കുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയും പ്രസിഡന്റ് ബൈഡന് ആവര്‍ത്തിച്ചു വ്യക്തമാക്കി. യുഎസ് ആക്സിലറേറ്റഡ് ഡാറ്റാ അനലിറ്റിക്സ് ആന്‍ഡ് കംപ്യൂട്ടിങ് (അഡാക്ക്) ഇന്‍സ്റ്റിറ്റിയൂട്ടുമായി ചേര്‍ന്ന് ഇന്ത്യയുടെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങിനെ പിന്തുണയ്ക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് അമേരിക്ക വ്യക്തമാക്കി. അതോടൊപ്പം സാങ്കേതികവിദ്യകളിലെ 35 നൂതന സംയുക്ത ഗവേഷണ സഹകരണങ്ങള്‍ക്ക് യുഎസ് ദേശീയ ശാസ്ത്ര സ്ഥാപനവും (എന്‍എസ്എഫ്) ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക വകുപ്പും (ഡിഎസ്ടി) ധനസഹായം നല്‍കും.
നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട ആഗോള പങ്കാളിത്തത്തില്‍ ഇന്ത്യയുടെ നേതൃത്വത്തിന് അമേരിക്കന്‍ പ്രസിഡന്റ് പിന്തുണ ഉറപ്പുനല്‍കി. പ്രാരംഭ ഘട്ടത്തിലുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് 10 ബില്യണ്‍ ഡോളറിന്റെ ഇന്ത്യ ഡിജിറ്റൈസേഷന് ഫണ്ടിലൂടെ നിക്ഷേപം നടത്തുന്നത് തുടരാനുള്ള ഗൂഗിളിന്റെ നീക്കത്തെ ഇരു രാഷ്ട്രത്തലവന്മാരും അഭിനന്ദിച്ചു.
അമേരിക്കന്‍ മണ്ണിലെ ആദ്യത്തേതും ഏറ്റവും വലുതുമായ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രമായ ലോങ് ബേസ് ലൈന്‍ ന്യൂട്രിനോ ഫെസിലിറ്റിക്കായി പ്രോട്ടോണ്‍ ഇംപ്രൂവ്മെന്റ് പ്ലാന്‍ 2 ആക്സിലറേറ്ററിന്റെ സഹകരണ വികസനത്തിനായി യുഎസ് ഊര്‍ജ വകുപ്പിന്റെ (ഡിഒഇ) ഫെര്‍മി നാഷണല്‍ ലബോറട്ടറിക്ക് ഇന്ത്യയുടെ ആണവോര്‍ജ വകുപ്പ് (ഡിഎഇ) 140 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കും.
ആരോഗ്യമേഖലയില്‍ അര്‍ബുദവുമായി ബന്ധപ്പെട്ട് ചെലവുകുറഞ്ഞ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന പദ്ധതികളില്‍ രണ്ട് രാജ്യത്തേയും ഗവേഷണ സ്ഥാപനങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. പ്രമേഹ ഗവേഷണം, നിര്‍മിതബുദ്ധിയുടെ സഹായത്തോടെയുള്ള ചികിത്സാരീതി തുടങ്ങിയവയിലും സഹകരിച്ച് പ്രവര്‍ത്തിക്കും.
ഇന്ത്യയിലെ വ്യോമയാന മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതിനായി എയര്‍ ഇന്ത്യ 34 ബില്യണ്‍ ഡോളര്‍ ചിലവാക്കി 220 ബോയിങ് വിമാനങ്ങള്‍ വാങ്ങും. ഇന്ത്യഅമേരിക്ക ബന്ധം ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിലാണെന്നതിന് തെളിവായി ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക എന്നതു മാത്രമല്ല ചൂണ്ടിക്കാട്ടാനുള്ളത്. പ്രതിരോധ മേഖലയില്‍ ഉള്‍പ്പെടെയുള്ള സഹകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ വിശ്വാസയോഗ്യമാക്കി മാറ്റിയിരിക്കുന്നു.
ഇരുരാജ്യങ്ങളിലെയും രാഷ്ട്രത്തലവന്മാര് സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയതുപോലെ, ‘ഇന്ത്യയുടെയും അമേരിക്കയുടേയും ലക്ഷ്യം കൂടുതല്‍ ഉയരങ്ങളിലെത്തുക എന്നതാണ്’.
ഡോ. ജിതേന്ദ്ര സിങ്
കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക: