കണ്ണൂര്‍ :ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പ്രിയ വര്‍ഗീസിന്റെ നിയമനത്തിനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങി കണ്ണൂര്‍ സര്‍വകലാശാല. നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നല്കിയ സ്റ്റേയ്ക്ക് ഇനി നിലനില്‍പ്പില്ല. നിയമന നടപടിയുമായി മുന്നോട്ട് പോകാമെന്നാണ് ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഐ.വി. പ്രമോദ് സര്‍വകലാശാലയ്ക്ക് നല്കിയ നിയമോപദേശം.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ചാന്‍സിലറെ അറിയിച്ചശേഷം നിയമന നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്. ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഐ.വി. പ്രമോദാണ് നിയമോപദേശം നല്‍കിയിരിക്കുന്നത്. നിയമ വിരുദ്ധമായ നടപടികളുണ്ടായാല്‍ ചാന്‍സിലര്‍ക്ക് ഇടപെടാന്‍ സാധിക്കുമെന്ന് യൂണിവേഴ്സിറ്റി ആക്ട് സെക്ഷന്‍ 7ല്‍ പ്രതിപാദിക്കുന്നുണ്ട്. ഇത് മുന്‍ നിര്‍ത്തിയാണ് നിയമന നടപടികള്‍ ചാന്‍സിലറെ അറിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമന ഉത്തരവ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 17നാണ് ആരോപണങ്ങളെ തുടര്‍ന്ന് ഗവര്‍ണര്‍ മരവിപ്പിച്ചത്. എന്നാല്‍ ഹൈക്കോടതി പ്രിയയ്ക്ക് അനുകൂല ഉത്തരവ് നല്‍കിയെങ്കിലും ഈ വിധി അന്തിമമല്ലെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിഷയത്തില്‍ പ്രതികരിച്ചത്. സുപ്രീംകോടതിയെ സമീപിക്കാന്‍ പരാതിക്കാരന് അവകാശമുണ്ട്. മന്ത്രിമാരുടെ പ്രതികരണങ്ങളിലും വിമര്‍ശനങ്ങളിലും മറുപടി അര്‍ഹിക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രിയക്ക് നിയമനം നല്കിയ റാങ്ക് ലിസ്റ്റ് പുനപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന് ബഞ്ച് റദ്ദാക്കുകയായിരുന്നു. യോഗ്യതയായി എട്ട് വര്‍ഷം അധ്യാപനം പരിചയം വേണമെന്നതിനാല്‍ തന്റെ ഗവേഷണകാലവും, നാഷണല്‍ സര്‍വീസ് സ്കീമിലെ ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ്സ് സര്‍വീസിലെ പ്രവര്‍ത്തനകാലവും അധ്യാപന പരിചയമായി പ്രിയ ഉള്‍പ്പെടുത്തിയതാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബഞ്ച് 2022ല്‍ തള്ളിയത്. ഈ ഉത്തരവ് ചോദ്യം ചെയ്ത് പ്രിയാ വര്‍ഗീസ് നല്കിയ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസമാണ് അനുകൂല ഉത്തരവ് ലഭിച്ചത്. ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവര്‍ ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് അനുകൂല വിധി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: