ബെംഗളൂരു: സാഫ് കപ്പ് ഫുട്ബോളില്‍ ഏറ്റവും ആവേശകരമായ പോരാട്ടത്തില്‍ കുവൈറ്റിനെ തോല്‍പ്പിക്കാനുള്ള അവസരം ഇന്ത്യ നഷ്ടപ്പെടുത്തി. ആദ്യപകുതിയുടെ അവസാനം(45+2) നായകന് സുനില്‍ ഛേത്രി നേടിയ ഗോളില്‍ ആധിപത്യം പുലര്‍ത്തിയ ഇന്ത്യ ജയം കളഞ്ഞുകുളിക്കുകയായിരുന്നു.
90-ാം മിനിറ്റ് വരെ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചുനില്ക്കുകയായിരുന്നു ഇന്ത്യ. ഇന്‍ജുറി ടൈമില്‍ വഴങ്ങിയ ദാനഗോളിലാണ് സമനില വഴങ്ങേണ്ടിവന്നത്. ഇന്ത്യന്‍ താരം അന്‍വര്‍ അലിയിലൂടെയാണ് ഗോള്‍ വഴങ്ങിയത്.
കളിക്ക് 90-ാം മിനിറ്റെത്തിയപ്പോള്‍ കളിയില്‍ റെഫറി ഡബിള്‍ റെഡ്കാര്‍ഡ് പുറത്തെടുത്തു. ഇന്ത്യയുടെ റഹീം അലിയെയും കുവൈറ്റിന്റെ ഹമദ് അല്‍ ഖല്ലാഫിനെയും പുറത്താക്കുകയായിരുന്നു.
വിലക്കിന് ശേഷം ഇന്ത്യന്‍ പരിശീലകന് ഇഗോര്‍ സിറ്റിമോച്ച് ഡഗൗട്ടില്‍ തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും കുവൈറ്റും ഏഴ് വീതം പോയിന്റുകളാണ് നേടിയതെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ ആനുകൂല്യത്തില്‍ കുവൈറ്റ് ഗ്രൂപ്പ് എ ജേതാക്കളായി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നേപ്പാള്‍ ജയിച്ചു. 80-ാം മിനിറ്റില്‍ ആഷിഷ് ചൗധരി നേടി ഏകപക്ഷീയമായ ഒരു ഗോളില്‍ പാക്കിസ്ഥാനെ തോല്‍പ്പിക്കുകയായിരുന്നു. ഇന്ന് നടക്കുന്ന ഗ്രൂപ്പ് ബി മത്സരഫലത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സെമിയിലെ എതിരാളികളാരെന്നറിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: