പുതുക്കാട്: പുതുക്കാട് സെന്ററില്‍ ട്രെയ്ലര് നിയന്ത്രണം വിട്ട് മറിഞ്ഞ സംഭവത്തില്‍ അപകട കാരണം ദേശീയപാത നിര്‍മാണത്തിലെ അപാകത. പുതുക്കാട് സിഗ്നല്‍ കടന്നാലുടനെ സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള പ്രധാന റോഡ് ഉയര്‍ന്നു നില്‍ക്കുന്നതാണ് അപകടത്തിനിടയാക്കുന്നത്.
സിഗ്നല്‍ കിട്ടി വരുന്ന വാഹനങ്ങള്‍ ദേശീയപാതയുടെ വശത്തെ താഴ്ചയിലേക്ക് തെന്നിയിറങ്ങുന്നത് ഇവിടെ പതിവാണ്. താഴ്ന്നു നില്ക്കുന്ന സര്‍വീസ് റോഡിലേക്കിറങ്ങുന്ന വാഹനങ്ങള്‍ നിയന്ത്രണം വിട്ട് മറിയുന്നത് സ്ഥിരം സംഭവമാണ്.
റോഡിന്റെ ‘എഡ്ജ്’ ശ്രദ്ധയില്‍പ്പെടാതിരുന്ന വലിയ വാഹനമാണ് സര്‍വീസ് റോഡിന് കുറുകെ മറിഞ്ഞത്. റോഡില്‍ നിര്‍ത്തിയിട്ട ചരക്കു ലോറികളില്‍ ഇടിച്ച ട്രെയിലര്‍ മറ്റൊരു ലോറിക്ക് മുകളിലേക്കാണ് വീണത്. വെളുപ്പിന് 3.30 ന് ഈ ഭാഗത്ത് യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ അത്യാഹിതമൊഴിവായി.
ദേശീയപാത നിര്‍മാണ ചുമതല ടോള്‍ പിരിക്കുന്ന ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്കാണ്. ദേശീയപാതയുടെ പ്രധാന റോഡിലും സര്‍വീസ് റോഡിലും ഇത്തരം അപാകതകള്‍ വ്യാപകമാണ്. അപകടങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചിട്ടും റോഡ് നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: