കാസര്‍കോഡ് : വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ ഹാജരായി. ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഒഴിവാകുകയായിരുന്നു.
കരിന്തളം ഗവ. കോളേജില്‍ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഗസ്റ്റ് ലെക്ചറര്‍ നിയമനം നേടിയ കേസിലാണ് നീലേശ്വരം പോലീസിന്റെ അന്വേഷണം. മഹാരാജാസ് കോളേജിലെ പേരിലുള്ള വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റാണ് വിദ്യ കരിന്തളം ഗവ. കോളേജില്‍ സമര്‍പ്പിച്ചിരുന്നത്.
വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ തന്നെ ആരും സഹായിച്ചിട്ടില്ല. മൊബൈല്‍ ആപ്പ് വഴിയാണ് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതെന്നാണ് വിദ്യ അന്വേഷണ സംഘത്തിന് മുന്നില്‍ ആവര്‍ത്തിച്ചത്. ആ ഫോണ്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ നശിപ്പിച്ചെന്നും വിദ്യ പോലീസിനെ അറിയിച്ചു. അഭിഭാഷകന് സെബിന് സെബാസ്റ്റ്യനൊപ്പമാണ് വിദ്യ എത്തിയത്. കേസുമായി ബന്ധപ്പെട്ട് നിലേശ്വരം പോലീസ് വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത് സംബന്ധിച്ച് വിദ്യയെ വിശദമായി ചോദ്യംചെയ്യാനാണ് നീലേശ്വരം പോലീസിന്റെ നിലവിലെ തീരുമാനം.
എന്നാല്‍ വിദ്യയുടേത് ഗുരുതര കുറ്റമല്ലെന്നാണ് പോലീസിന്റെ വിശദീകരണത്തില്‍ പറയുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ സിപിഎമ്മും എസ്എഫ്ഐയും വിദ്യയെ തള്ളി പറഞ്ഞെങ്കിലുംസിപിഎം പ്രവര്‍ത്തകരാണ് ഒളിത്താവളം ഒരുക്കി നല്‍കിയത്. ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ക്കെതിരെ കേസെടുക്കില്ലെന്നാണ് വിഷയത്തില്‍ അഗളി പോലീസിന്റെ നിലപാട്. കേസെടുക്കേണ്ട സാഹചര്യമില്ലെന്നാണ് പോലീസ് അറിയിച്ചത്.
സൃഹൃത്തിനൊപ്പമുള്ള സെല്‍ഫിയിലൂടെയാണ് വിദ്യയുടെ ഒളിത്താവളം പോലീസ് കണ്ടെത്തിയത്. ഒളിവില്‍ കഴിഞ്ഞിരുന്ന വിദ്യ വിവരങ്ങള്‍ അറിഞ്ഞിരുന്നത് ഈ സുഹൃത്ത് വഴിയാണ്. ഇതിനായി സുഹൃത്ത് പുതിയ സിം കാര്‍ഡും എടുത്തിരുന്നു. ഈ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: