”ഏകദേശം മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സാധാരണക്കാരനായി ഞാന്‍ അമേരിക്ക സന്ദര്‍ശിച്ചിരുന്നു. അന്നു വൈറ്റ് ഹൗസ് പുറത്തുനിന്നു കണ്ടു. പ്രധാനമന്ത്രിയായ ശേഷം പലതവണ ഇവിടെ വന്നിട്ടുണ്ട്. പക്ഷേ, ഇതാദ്യമായാണ് ഇത്രയും ഇന്ത്യക്കാര്‍ക്കായി വൈറ്റ് ഹൗസിന്റെ വാതിലുകള്‍ തുറക്കുന്നത്.” വൈറ്റ് ഹൗസിന്റെ സൗത്ത് ലോണില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ആര്‍പ്പുവിളികള്‍ക്കിടയില്‍ നരേന്ദ്രമോദി ഇതുപറയുമ്പോള്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും സമീപമുണ്ടായിരുന്നു.
സന്ദര്‍ശകനായി വൈറ്റ് ഹൗസിന്റെ മുന്നിലെത്തിയത് ഓര്‍മ്മിപ്പിച്ച മോദി, ഒന്നര പതിറ്റാണ്ടു മുന്‍പണ്ട് അലസിപ്പോയ ഒരു അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ കാര്യം പരാമര്‍ശിച്ചില്ല. തനിക്കുണ്ടായിരുന്ന സന്ദര്‍ശന വിസ റദ്ദാക്കിയ, ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നയതന്ത്ര വീസ നിഷേധിച്ച രാജ്യമാണ് അമേരിക്ക എന്നത് ഓര്‍മ്മിപ്പിക്കാത്തതാണ് അദ്ദേഹത്തിന്റെ നയതന്ത്രജ്ഞത. അന്ന് ‘ഇങ്ങോട്ടു വരേണ്ട’ എന്നു പറഞ്ഞ അമേരിക്ക പിന്നീട് 6 തവണ അദ്ദേഹത്തിനായി പച്ചപ്പരവതാനി വിരിച്ചു എന്നത് കാലം കരുതിവെച്ച കാവ്യനീതിയാകും.
ഇത്തവണത്തെ സന്ദര്‍ശനത്തിന് മറ്റൊരു പ്രത്യേകത സ്റ്റേറ്റ് വിസിറ്റ് ആയിരുന്നു എന്നതാണത്. യുഎസ് പ്രസിഡന്റ് തന്റെ രാജ്യത്തേക്ക് മറ്റ് രാജ്യങ്ങളിലെ തലവന്മാരെ ഔദ്യോഗികമായി ക്ഷണിക്കുന്നതാണ് സ്റ്റേറ്റ് വിസിറ്റ്. ഇങ്ങനെ ക്ഷണിക്കപ്പെടുമ്പോള്‍ അതിഥിയുടെ പേരിലല്ല, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാജ്യത്തിന്റെ സന്ദര്‍ശനമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതിഥിയുടെ താമസം, യാത്ര തുടങ്ങി എല്ലാചെലവുകളും ആതിഥേയ രാജ്യമായ യുഎസാണു വഹിക്കുക.
രാഷ്ട്രപതി എസ് രാധാകൃഷ്ണന് (1963), പ്രധാനമന്ത്രി ഡോ മന്മോഹന് സിംഗ് (2009) എന്നിവരാണ് മോദിക്ക് മുമ്പ് സ്റ്റേറ്റ് സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ നേതാക്കള്‍. രണ്ട് തവണ അമേരിക്കന്‍ കോണ്‍ഗ്രസില്‍ സംസാരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ നേതാവ് കൂടിയാണ് നരേന്ദ്രമോദി. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സംഘടന ആസ്ഥാനത്തു രാജ്യാന്തര യോഗാദിന ചടങ്ങുകള്‍ക്കു നേതൃത്വം നല്കല്, വൈറ്റ്ഹൗസില്‍ വന്‍ വരവേല്‍പ്പ്, ഔദ്യോഗിക അത്താഴവിരുന്ന്, ജോ ബൈഡനും ഭാര്യ ജില് ബൈഡനും നല്കിയ സ്വകാര്യ വിരുന്ന്, ഓവല്‍ ഓഫിസില്‍ ബൈഡനുമായി കൂടിക്കാഴ്ച, കോണ്‍ഗ്രസ് സംയുക്ത സമ്മേളനത്തില്‍ പ്രസംഗം, ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന…എല്ലായിടത്തും തന്റേതായ മുദ്ര പതിപ്പിച്ചാണ് നരേന്ദ്രമോദി മടങ്ങിയത്. സ്റ്റേറ്റ് സന്ദര്‍ശനം, രണ്ട് തവണ അമേരിക്കന്‍ കോണ്‍ഗ്രസില്‍ സംസാരിക്കുന്ന ആദ്യ ഇന്ത്യന്‍ നേതാവ് എന്നിവയൊന്നുമല്ല നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ മാറ്റ് കൂട്ടുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായക വഴിത്തിരിവ് സൃഷ്ടിച്ച സന്ദര്‍ശനം എന്നതാണത്. മാറുന്ന ലോകത്ത് ഇന്ത്യയുടെ വളര്‍ച്ചയും നരേന്ദ്രമോദിയെന്ന പ്രധാനമന്ത്രി നല്കുന്ന സുദൃഢ നേതൃത്വവും അമേരിക്കയ്ക്ക് ബോദ്ധ്യപ്പെട്ടു. അടുത്ത സുഹൃത്താകാന്‍ വിശ്വാസ്യതയുള്ള ഏക ഏഷ്യന്‍ രാജ്യം ഇന്ത്യയാണെന്ന തിരിച്ചറിവ് അമേരിക്കയ്ക്ക് ഉണ്ടാകുകയും ചെയ്തതിന്റെ നേര്‍ക്കാഴ്ചയാണ് സന്ദര്‍ശനത്തിലെ കാഴ്ചകളെല്ലാം.
‘കൊവിഡിന് ശേഷമുള്ള ലോകക്രമം ഒരു പുതിയ രൂപമെടുക്കുകയാണ്. ആഗോള നന്മയ്ക്കും ലോക സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’ എന്നാണ് വൈറ്റ് ഹൗസിലെ സ്വീകരണത്തിനുള്ള മറുപടിയില്‍ മോദി വ്യക്തമാക്കിയത്. ലോകം കേള്‍ക്കാന്‍ ആഗ്രഹിച്ച വാക്കുകള്‍ തന്നെയാണവ. താന്‍ പ്രധാനമന്ത്രി സ്ഥാനമേറ്റെടുക്കുമ്പോള്‍ സാമ്പത്തിക നിലയില്‍ ലോകത്തിലെ പത്താം സ്ഥാനത്തുനിന്ന് ഇന്ത്യ ഇന്ന് അഞ്ചാം സ്ഥാനത്തെത്തിയെന്നും മൂന്നാം സ്ഥാനത്തെത്താന്‍ അധിക ദൂരം വേണ്ടിവരില്ലന്നുമുള്ള മോദിയുടെ വാക്കുകള്‍ക്ക് കിട്ടിയ കയ്യടി അദ്ദേഹമെന്ന നേതാവിലുള്ള വിശ്വാസം കൂടി ഉറപ്പിക്കുന്നതാണ്.
സ്വീകരണത്തിനപ്പുറം ഇരുരാജ്യങ്ങളും തമ്മില്‍ ഏര്‍പ്പെട്ട കരാറുകള്‍ വലിയൊരു ഗതിമാറ്റമാണ്. പ്രതിരോധരംഗത്തെ സഹകരണം, സഹഉത്പാദനം, ഗവേഷണം, പരീക്ഷണം, ടെക്നോളജിയുടെ കൈമാറ്റം എന്നിവയിലേക്ക് കടന്ന ആദ്യത്തെ പ്രതിരോധ കരാരിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്. അമേരിക്ക ഇന്ത്യക്കു നല്കുന്ന യുദ്ധവിമാനങ്ങളുടെ എന്ജിന് ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും. ഭാവിയില്‍ യുദ്ധവിമാനങ്ങളുടെ എന്ജിന് നിര്‍മ്മാണത്തില്‍ ഇന്ത്യ സ്വയംപര്യാപ്തതമാകും എന്നതാണ് ധാരണയിലെ വലിയ നേട്ടം. ആകാശത്തും കരയിലും സമുദ്രത്തിലുമുള്ള പ്രതിരോധ സഹകരണത്തിനുള്ള വലിയ പാതയാണ് മോദിയുടെ സന്ദര്‍ശനം തുറന്നിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും സംയുക്തമായി 2024 ല്‍ ബഹിരാകാശ സ്പേസ് സ്റ്റേഷന് പദ്ധതി നടപ്പിലാക്കും. അണ്ടര്‍ വാട്ടര്‍ ഡൊമെയ്ന്‍ അവബോധം ഉള്‍പ്പെടെയുള്ള സമുദ്ര സംരക്ഷണ സഹകരണം ശക്തിപ്പെടുത്താനും ധാരണയായിട്ടുണ്ട്. ബഹിരാകാശവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉള്‍പ്പെടെയുള്ള പുതിയ പ്രതിരോധ മേഖലയിലേക്കാവും സഹകരണം നീങ്ങുക. എച്ച്-1 ബി വീസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇന്ത്യയില്‍ തിരിച്ചു പോകാതെ അമേരിക്കയില്‍ തന്നെ വീസ പുതുക്കാന്‍ സാധിക്കുന്ന പൈലറ്റ് പദ്ധതി, ഇന്ത്യയില്‍ ബെംഗളൂരുവിലും അഹമ്മദാബാദിലുംകൂടി അമേരിക്കന്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തനം, എല്ലാം കൊണ്ടും ഇന്ത്യയ്ക്ക് ഗുണപ്രദമാകുന്ന നിരവധി ധാരണകളാണ് പിറന്നത്.
വ്യവസായ ലോകത്തിന്റെ പിന്തുണയാണ് മറ്റൊന്ന്. മോദിയുടെ ആരാധകനാണ് താനെന്ന ഇലോണ്‍ മസ്ക്കിന്റെ പ്രതികരണം ലോകത്തെ മറ്റ് വ്യവസായികളില്‍ ഉണ്ടാക്കുന്ന ചലനവും ചെറുതാകില്ല. ഇലോണ്‍ മസ്കുമായുള്ള കൂടികാഴ്ചയെ തുടര്‍ന്ന് ടെസ്ല ഇലക്ട്രിക് കാര്‍ നിര്‍മാണം ഇന്ത്യയില്‍ ആരംഭിക്കുന്നത് വേഗത്തിലാക്കും. അമേരിക്കന്‍ സെമികണ്ടക്ടര്‍ കമ്പനിയായ അപ്ലൈഡ് മെറ്റീരിയല്‍സ് അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ 400 മില്യന്‍ ഇന്ത്യയില്‍ മുതല്‍ മുടക്കും. ഇന്ത്യ ഏറെക്കാലമായി നോക്കിയിരുന്ന സമുദ്ര സംരക്ഷണത്തിനുള്ള സീ ഗാര്ഡിയന് ഡ്രോണ്‍സ് എംക്യൂ-9 ബി ഇന്ത്യയ്ക്ക് ലഭ്യമാവും. ഗ്രാമ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനായി സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ഇന്ത്യയില്‍ അധികം താമസിയാതെ എത്തും. മൈക്രോ ചിപ്പ് നിര്‍മാണ കമ്പനി മൈക്രോണ്‍ ടെക്നോളജി് 2.75 ബില്യന്‍ ഡോളര്‍ മുടക്കി ഗുജറാത്തില്‍ ടെസ്റ്റ് പ്ലാന്റ് തുടങ്ങാനും ധാരണയായി. ആമസോണ്‍ കമ്പനി അടുത്ത ഏഴു വര്‍ഷത്തിനുള്ളില്‍ 13 ബില്യന്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താനും ധാരണയുണ്ട്.
ജനാധിപത്യവാദികള്‍ക്ക് ഏറെ പ്രതീക്ഷയും നല്ലൊരു ലോകത്തിലേക്കുള്ള കുതിപ്പിന് വഴികാട്ടുന്നതുമാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ദൃഢബന്ധം. അത് കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ വഴിതുറന്നതാണ് നരേന്ദ്രമോദിയുടെ സന്ദര്‍ശം. ജവഹര്‍ലാല്‍ നെഹ്രുവാണ് അമേരിക്ക സന്ദര്‍ശിച്ച ആദ്യ ഭാരത പ്രധാനമന്ത്രി. 1949ല്‍ നെഹ്രു കന്നി അമേരിക്കന്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ഹാരി എസ് ട്രൂമാന് ആയിരുന്നു അമേരിക്കന്‍ പ്രസിഡന്റ്. അസ്വസ്ഥതപ്പെടുത്താന്‍ വന്ന ആള് എന്ന മനസ്സുമായിട്ടാണ് അന്ന് ട്രൂമാന് നെഹ്രുവിനെ കണ്ടത്. ഗംഗയില്‍ കുളിക്കുന്നവരും കരിയില്‍ കിടക്കുന്നവരുമായ ജനങ്ങളുടെ രാജ്യമായ ഇന്ത്യയ്ക്ക് പ്രാധാന്യമൊന്നുമില്ലെന്ന് ട്രൂമാന് പരാമര്‍ശിക്കുകയും ചെയ്തു. വൈറ്റ് ഹൗസില്‍ നെഹ്രുവിനൊപ്പം നിന്ന് ഒരു പടം എടുക്കാന്‍പോലും ട്രൂമാന് തയ്യാറായില്ല.
അമേരിക്കയില്‍ ജേതാവായി കടന്നുവന്ന ആദ്യ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നതില്‍ തര്‍ക്കമില്ല. അകറ്റി നിര്‍ത്താന്‍ ശ്രമിച്ച നേതാവിനെ അമേരിക്കയ്ക്ക് സ്വീകരിച്ചാനയിക്കേണ്ടിവന്നു എന്നതാണ് സത്യം. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ 2005 മാര്‍ച്ചില്‍ യുഎസ് പര്യടനത്തിനുള്ള നയതന്ത്ര വീസയ്ക്കുള്ള മോദിയുടെ അപേക്ഷ അമേരിക്ക തള്ളി എന്നു മാത്രമല്ല, നേരത്തേ നല്‍കിയിരുന്ന ടൂറിസ്റ്റ് വീസ റദ്ദാക്കുകയും ചെയ്തു. എന്നാല്‍ 2014ല്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച ഉടന്‍, അതും പ്രധാനമന്ത്രി പദം ഏല്ക്കും മുന്‍പേ പ്രസിഡന്റ് ബാരക് ഒബാമയുടെ സന്ദര്‍ശന ക്ഷണം വന്നു. പണ്ടു ചെയ്തതൊന്നും മനസ്സില്‍ വയ്ക്കാതെ ക്ഷണം സ്വീകരിച്ച് അമേരിക്കയില്‍ ചെന്നിറങ്ങിയ നാള് മുതല്‍ തിരിച്ചുപോരുംവരെ താരപരിവേഷത്തോടെയുള്ള സമീപനം. അതിന്റെ ഗംഭീര തുടര്‍ച്ചയാണ് ഇപ്പോള്‍ നരേന്ദ്രമോദി അമേരിക്കയില്‍ വിണ്ടും തരംഗമായി മാറുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്തസഭയിലെ അംഗങ്ങള്‍ കയ്യടിച്ച് അദ്ദേഹത്തെ കേള്‍ക്കുന്നു. അതേ സമയത്ത് ഇങ്ങ് ഇന്ത്യയില്‍ മോദിയെ എങ്ങനെ താറടിക്കാം എന്നാലോചിക്കാന്‍ കോണ്‍ഗ്രസിന്റെ അവിശുദ്ധ കൂട്ടായ്മ. അതും വിധിയുടെ മറ്റോരു വിളയാട്ടമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: