ബെംഗളൂരു: സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യ ഇന്ന് കരുത്തരായ കുവൈറ്റിനെതിരെ. വൈകീട്ട് 7.30 മുതലാണ് മത്സരം.
ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും കരുത്തരായ ടീമാണ് കുവൈറ്റ്. ഇന്ത്യ സമീപകാലത്ത് നേരിട്ടതില്‍ വച്ച് ഏറ്റവും മികച്ച റെക്കോഡുള്ള ടീം കൂടിയാണ് ഇന്നത്തേത്. കുവൈറ്റിന്റെ ആധികാരികത ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ കൂടുതല്‍ ജയം നേടിയ കണക്ക് തന്നെ വ്യക്തമാക്കുന്നു. എന്നാല്‍ സമീപകാലത്ത് ഇന്ത്യ ഫുട്ബോളില്‍ വളരെ മികവ് കാട്ടുന്നുണ്ട്. അത് പരീക്ഷിക്കാന്‍ പോന്ന വേദിയാകും ഇന്നത്തേത്. സെമി ബെര്‍ത്ത് ഉറപ്പാക്കിയ ടീമുകളാണ് ഇന്ത്യയും കുവൈറ്റും.
ഇന്നത്തെ കളി ഗ്രൂപ്പ് ജേതാക്കളെ നിര്‍ണയിക്കുന്നതാകും. ജേതാക്കളാകുന്നവര്‍ക്ക് സെമിയില്‍ ഗ്രൂപ്പ് ബിയില്‍ റണ്ണറപ്പുകളെ നേരിട്ടാല്‍ മതിയാകും. ഇതിന് മുമ്പ് മൂന്ന് തവണയാണ് ഇന്ത്യയും കുവൈറ്റും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. രണ്ടെണ്ണത്തില്‍ കുവൈറ്റ് ജയിച്ചപ്പോള്‍ ഒരെണ്ണം ഇന്ത്യ നേടി. 1978 ഏഷ്യന്‍ ഗെയിംസിലാണ് ഇരുവരും ആദ്യമായി നേര്‍ക്കുനേര്‍ കണ്ടത്. അന്ന് 6-1ന് ഇന്ത്യയെ കുവൈറ്റ് നാണംകെടുത്തി. പിന്നീട് രണ്ട് മത്സരങ്ങളും രാജ്യാന്തര സൗഹൃദ ഫുട്ബോളുകളാിരുന്നു. 2004ല്‍ നടന്ന കളിയില്‍ ഇന്ത്യ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചു. ഏറ്റവും ഒടുവില്‍ നേരിട്ട 2010ല്‍ ഇന്ത്യ 1-9ന് പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: