മാവേലിക്കര: ഇരുപത്തേഴ് വര്‍ഷങ്ങള്‍ക്കുശേഷം അറസ്റ്റിലായ കൊലക്കേസിലെ പ്രതിയുടെ ഇനിയുള്ള ജീവിതം വനിതാ ജയിലില്‍. മാങ്കാംകുഴി കുഴിപറമ്പില്‍ തെക്കതില്‍ പാപ്പച്ചന്റെ ഭാര്യ മറിയാമ്മയെ (61) കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി ജിവപര്യന്തം ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് നാടകീയമായി മുങ്ങിയ പ്രതി അറനൂറ്റിമംഗലം പുത്തന്‍വേലില്‍ ബിജു ഭവനത്തില്‍ റെജി (അച്ചാമ്മ-51)യെ കഴിഞ്ഞ ദിവസം മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആള്‍മാറാട്ടം നടത്തി മിനിരാജു എന്ന വ്യാജപേരില്‍ ഒളിച്ചു താമസിച്ചിരുന്ന പ്രതിയെ എറണാകുളം പോത്താനിക്കാട് പല്ലാരിമംഗലം പഞ്ചായത്തില്‍ അടിവാട് എന്ന സ്ഥലത്തുനിന്നാണ് അറസ്റ്റു ചെയ്തത്. തമിഴ്നാട് സ്വദേശിയായ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം താമസിച്ചിരുന്ന റെജി സെയില്‍സ് ഗേളായി ജോലി ചെയ്യുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത പ്രതിയെ മാവേലിക്കര പോലീസ് ഇന്നലെ മാവേലിക്കര ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി രണ്ടില്‍ ഹാജരാക്കി. ജഡ്ജി കെ.എന്‍. അജിത് കുമാര്‍ ഇവരെ തിരുവനന്തപുരം അട്ടകുളങ്ങര വനിത ജയിലേക്ക് അയ്ക്കാന്‍ നിര്‍ദേശം നല്കി. കേസില്‍ ഇനിയും അപ്പീലിന് പോകാന്‍ ഒരു തരത്തിലും നിയമം അനുവദിക്കുന്നില്ല എന്നതിനാല്‍ ഇനിയുള്ള റെജിയുടെ ജീവിതം വനിതാ ജയിലിലായിരിക്കും. പോലീസിനേയും കോടതിയേയും കബളിപ്പിച്ച് ആള്‍മാറാട്ടം നടത്തിയതിന് നിരവധി കുറ്റങ്ങള്‍ പ്രതിയുടെ മേലുള്ളതിനാല്‍ നിയമപരമായ ഒരു ആനുകൂല്യത്തിനും ഇവര്‍ക്ക് യോഗ്യതയില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.
ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം.കെ. ബിനുകുമാര്‍ മാവേലിക്കര സിഐ സി. ശ്രീജിത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്, അരുണ്‍ഭാസ്ക്കര്‍, ഷിബു മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.
1990 ഫെബ്രുവരി 21നാണ് മറിയാമ്മയെ വീടിനുള്ളില്‍ കൊലചെയ്യപ്പട്ട നിലയില്‍ കാണപ്പെട്ടത്. മറിയാമ്മയുടെ മൂന്നര പവന്റെ താലിമാല അപഹരിച്ച പ്രതി ചെവി അറുത്തു മാറ്റിയാണ് കമ്മല്‍ ഊരി എടുത്തത്. മറിയാമ്മയുടെ കൈകളിലും, പുറത്തുമായി ഒന്‍പതോളം കുത്തുകളേറ്റിരുന്നു. അന്വേഷണത്തില്‍ റെജി അറസ്റ്റിലാകുകയായിരുന്നു. 1993ല്‍ സംശയത്തിന്റെ ആനുകൂല്യം നല്കി മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മറിയാമ്മയുടെ ബന്ധു കൂടിയായ പ്രതി റെജിയെ വെറുതെ വിട്ടു. എന്നാല്‍ പ്രോസിക്യൂഷന് നല്കിയ അപ്പീലില്‍ 1996 സെപ്തംബര്‍ 11ന് ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചു. വിധി വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ ഒളിവില്‍ പോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: