തിരുവനന്തപുരം: ”ഇതിനെക്കാൾ തെണ്ടി ജീവിച്ചൂടെ സാറേ ഇവന്മാർക്ക്…കൊച്ചിന്റെ ജീവന്റെ കാര്യമായിപ്പോയി…തർക്കിച്ച് നിന്നാൽ എനിക്കെന്റെ കൊച്ചിനെയും അതിന്റെ തള്ളയേയും കിട്ടൂല, അതുകൊണ്ട് കൊടുത്തു…അതിനുശേഷമാണ് വണ്ടി പൂട്ടുതുറന്ന് തന്നത്…. കൊണ്ടുപോയി തിന്നട്ട്..” തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിക്ക് മുന്നിൽ രോഗിയുമായി വന്നയാളുടെ പ്രതികരണമാണ്. തമ്പാനൂർ പോലീസ് നടപ്പിലാക്കിയ വാഹന മോഷണം തയാനുള്ള പുതിയ ‘പൂട്ട് ആപ്പി’നോടുള്ള പ്രതികരണമായിരുന്നു യുവാവിന്റേത്.
‘വാഹനമോഷണം’ തടയാൻ തമ്പാനൂർ പോലീസാണ് പുതിയ തന്ത്രം ഒരുക്കിയിരിക്കുന്നത്. തൈക്കാട് ആശുപത്രിക്കും റോഡിനും ഇടയിൽ കാരുണ്യാ ഫാർമസിയുടെ വശത്തെ പുറമ്പോക്കിൽ ബൈക്ക് വച്ചാൽ ചങ്ങലയിട്ടു പൂട്ടും. നോ പാർക്കിംഗ് ബോർഡ് ആ പരിസരത്തെങ്ങും വച്ചിട്ടില്ലെങ്കിലും അനധികൃത പാർക്കിംഗിന് പിഴ അടച്ചാലേ പോലീസ് പൂട്ടുതുറക്കൂ. തൈക്കാട് ആശുപത്രിയിൽ എത്തുന്ന പാവങ്ങളോടാണ് പോലീസിന്റെ പുതിയ പൂട്ടിടൽ. ഓൺലൈൻ ചെല്ലാൻ അയക്കാം എന്നിരിക്കെയാണ് ഇരുചക്രവാഹനങ്ങൾ പോലീസ് ചങ്ങലയിട്ട് പൂട്ടുന്നത്. ഇതോടെ അത്യാസന്ന നിലയിൽ രോഗിയുമായി വരുന്നവർ ഏറെ കഷ്ടത്തിലാവുകയാണ്.
ഇന്നലെ ഉച്ചയോടെ അബോർഷൻ ലക്ഷണങ്ങളുമായി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് എത്തിയ ഭർത്താവ് പൂട്ടിൽ കുടുങ്ങിയത്. മരുന്നും മറ്റുസാധനങ്ങളും വാങ്ങാനായി പുറത്തെത്തിയ യുവാവ് കാണുന്നത് വണ്ടി ചങ്ങലയിട്ട് പൂട്ടിയിരിക്കുന്നതാണ്. അത്യാവശ്യമായി മരുന്നും ആരുടെയെങ്കിലും കയ്യിൽ നിന്നും പണവും വാങ്ങണം. വണ്ടിയില്ലാതെ ഒന്നും നടക്കില്ല. അന്വേഷിച്ചപ്പോഴാണ് തമ്പാനൂർ പോലീസിന്റെ ആപ്പാണെന്ന് മനസിലായത്. തമ്പാനൂർ സ്റ്റേഷനിലെത്തി പറഞ്ഞപ്പോൾ 250 രൂപ ഫൈനടച്ചാൽ വണ്ടി തുറന്നുതരാമെന്നും പറഞ്ഞു. ഗത്യന്തരമില്ലാതെ ഫൈൻ അടയ്‌ക്കാൻ യുവാവ് തയ്യാറായി. ഫൈനടിക്കാൻ നോക്കുമ്പോൾ മെഷീൻ തകരാറിലാണ്. ഇതോടെ പിന്നേം യുവാവിന് കാത്തുനിൽക്കേണ്ടിവന്നു. ഇതിനിടെ ആശുപത്രിയിൽ നിന്നും വിളിവന്നുകൊണ്ടിരുന്നു. ഒടുവിൽ സംഗതി കുഴപ്പമാകുമെന്ന് കണ്ടതോടെ ഫൈൻ അടയ്‌ക്കണ്ടേന്നും പേപ്പറിൽ വണ്ടി നമ്പരെഴുതി സീലുവച്ച് നൽകി. പോലീസുകാർ വരുമെന്നും പേപ്പർ കാണിച്ചാൽ മതിയെന്നും പറഞ്ഞുവിട്ടു.
ആറ്റിങ്ങൽ സ്വദേശിയായ മറ്റൊരു യുവാവ് ഭാര്യയുടെ സർജറിയുമായി ബന്ധപ്പെട്ട് എത്തിയതാണ്. ബന്ധുക്കളാരും ഒപ്പമില്ല. ഭാര്യയെ അഡ്മിറ്റ് ചെയ്ത് പുറത്തിറങ്ങുമ്പോൾ കാണുന്നത് പൂട്ടിട്ട വണ്ടിയാണ്. ഒടുവിൽ തമ്പാനൂർ സ്റ്റേഷനിലേക്ക് ഓടി. ഫൈനടിച്ച് തിരികെ എത്തി അരമണിക്കൂറോളം കഴിഞ്ഞാണ് പോലീസ് എത്തി തുറന്നുകൊടുത്തത്. ബൈക്ക് മോഷണം പോകുന്നതിനാൽ ചങ്ങലയിട്ടു പൂട്ടുന്നു എന്നാണ് പോലീസിന്റെ ന്യായീകരണം. അമ്മയെയും കുഞ്ഞും ഗർഭിണികളുമായി ഒക്കെ എത്തുന്നവരാണ് അധികവും. അത്യാസന്ന നിലയിലായവരെ രക്ഷിക്കാൻ മരുന്നിനും പണത്തിനുമായി നെട്ടോട്ടമോടുന്നവരാണ് കൂടുതൽ. അവരെയാണ് പോലീസ് അക്ഷരാർത്ഥത്തിൽ ബന്ധികളാക്കുന്നത്. പോലീസിന്റെ പൂട്ടിടലിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
ഉറപ്പാണ് എൽഡിഎഫ്, എങ്കിൽ നോ ഫൈൻ
ഉറപ്പാണ് എൽഡിഎഫ് എന്ന് സ്റ്റിക്കർ പതിച്ച് വച്ചാൽ പോലീസിന്റെ പൂട്ട് വീഴില്ല. പുറമ്പോക്ക് കൈയേറി സ്ഥാപിച്ചിരിക്കുന്ന സിഐടിയു ടാക്‌സി ഓഫീസിലെ സഖാക്കളുടെ വണ്ടിക്ക് യഥേഷ്ടം എവിടെയും ബൈക്ക് വയ്‌ക്കാം. ഉറപ്പാണ് എൽഡിഎഫ് എന്ന് സ്റ്റിക്കർ പതിച്ചാൽ മാത്രം മതി.
സദുദ്ദേശ്യംമാത്രമേ ഉള്ളൂ!
”വണ്ടി പൂട്ടുന്നതിന് നല്ല ഉദ്ദേശ്യം മാത്രമേ ഉള്ളൂ. ആശുപത്രിക്ക് ഉള്ളിൽ പാർക്കിംഗ് സ്ഥലമുണ്ട്. ആശുപത്രിക്ക് മുന്നിലെ പാർക്കിംഗ് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് റസിഡന്റ്‌സ് അസോസിയേഷനുകൾ പരാതി നൽകിയിട്ടുണ്ട്. അവിടെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മോഷണം പോകുന്നുണ്ട്. തുടർന്നാണ് വാഹനം ചങ്ങല ഉപയോഗിച്ച് പൂട്ടുന്നത്.”
പ്രകാശ്, സ്റ്റേഷൻ ഹൗസ് ഓഫീസർ, തമ്പാനൂർ പോലീസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: