പത്തനംതിട്ട: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയതോടെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ജില്ലയില്‍ പനിവ്യാപനം രൂക്ഷമാകുന്നു. അഞ്ച് പനി മരണമാണ് പത്തനംതിട്ടയില്‍ രണ്ടാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തത്. ദിനംപ്രതി ആശുപത്രികളില്‍ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം പെരുകുമ്പോഴും കണക്കുകള്‍ പൂഴ്ത്തിവച്ച് മുഖം രക്ഷിക്കാനാണ് മന്ത്രിയുടെ ശ്രമം. പനിബാധ സംബന്ധിച്ച വ്യക്തമായ കണക്കുകള്‍ പുറത്തു വിടുന്നതില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പനി ബാധിതരുടെ കണക്കുകള്‍ ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റില്‍ പരിശോധിക്കാനാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ കൃത്യമായ കണക്കുകള്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യുന്നുമില്ല. ഡെങ്കിപ്പനി ബാധിതരുടെ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. മുന്‍ വഷങ്ങളില്‍ ഡെങ്കിപ്പനി ബാധിത മേഖലകളില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പുകളും ബോധവല്‍ക്കരണ ക്ലാസുകളും നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പനിബാധിതരുടെ വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ലഭ്യമല്ല. ആരോഗ്യ മന്ത്രയുടെ പ്രതിച്ഛായ നിലനിര്‍ത്താന്‍ പനിവിവരങ്ങള് രഹസ്യമാക്കി വയ്ക്കുന്നതായാണ് ആക്ഷേപം ഉയരുന്നത്. ഡെങ്കിപ്പനി വ്യാപകമായതോടെ കോന്നി മണ്ഡലത്തില്‍ കെ.യു. ജനീഷ്കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇത് മന്ത്രിയുമായുള്ള മത്സരത്തിന്റെ ഭാഗമാണെന്നും അറിയുന്നു.
പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ ചരിവുകാലായില്‍ എസ്. അഖില (32) ആണ് കഴിഞ്ഞയാഴ്ച ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. കൊടുമണ്‍ ചിറ പാറപ്പാട്ട് പടിഞ്ഞാറ്റേതില്‍ സുജാത (50), കാവിളയില്‍ ശശിധരന്റെ ഭാര്യ മണി (57) എന്നീ തൊഴിലുറപ്പ് തൊഴിലാളികളും അടൂര്‍ പെരിങ്ങനാട് മൂന്നാളം ലിജോ ഭവനില്‍ രാജന് (60) എന്നിവരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ആങ്ങമൂഴിയിലെ ഒന്നര വയസുകാരി അഭിരാമിയുടെ മരണ കാരണം ഏതുതരം പനിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
പകര്‍ച്ചപ്പനി വ്യാപകമാകുമ്പോഴും സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ കുറവ് ചികിത്സയെ ബാധിക്കുന്നു. മുന്‍കൊല്ലങ്ങളില്‍ പകര്‍ച്ചവ്യാധി പ്രതിരോധനത്തിന് താത്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്ന പതിവുണ്ടായിരുന്നു.
പകര്‍ച്ചപ്പനി അതിരൂക്ഷമായിരുന്ന 2017ല്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും താത്കാലിക ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ആശുപത്രികളിലെ വലിയ തിരക്ക് ഒഴിവാക്കാന്‍ ഇത് സഹായിച്ചിരുന്നു. സംസ്ഥാനത്ത് 1961ലെ സ്റ്റാഫ് പാറ്റേണ്‍ പ്രകാരമാണ് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിച്ചിട്ടുള്ളത്. രോഗികളുടെ എണ്ണം അന്നത്തേതില്‍ നിന്ന് പതിന്മടങ്ങ് വര്‍ധിച്ചെങ്കിലും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: