മന്‍സുഖ് മാണ്ഡവ്യ
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമമന്ത്രി
വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. നാനാത്വത്തില്‍ ഏകത്വമാണു നമ്മുടെ സ്വത്വം. ഓരോ ഇന്ത്യക്കാരനും മികച്ച നിലവാരമുള്ള ജീവിതത്തിന്റെ കാര്യത്തില്‍ ശ്രദ്ധാലുവാകുംവിധത്തിലുള്ള ഇന്ത്യയാണു നാം വിഭാവനം ചെയ്യുന്നത്. രാജ്യത്തെ നൂതന ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ പ്രയോജനങ്ങള്‍ ഓരോ വ്യക്തിയിലും, സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരില്‍പോലും, എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ കേന്ദ്രഗവണ്മെന്റ് നിരന്തര ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
ഇന്ത്യയില്‍, മൊത്തം ജനസംഖ്യയുടെ 8.6% വരുന്ന ഏകദേശം 706 വ്യത്യസ്ത ഗോത്രസമൂഹങ്ങളുണ്ട്. ഗോത്രവര്‍ഗക്കാര്‍ നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ അവിഭാജ്യഘടകമാണ്. ഗോത്രവര്‍ഗക്കാരുടെ ധാര്‍മികമൂല്യങ്ങള്‍, പാരമ്പര്യങ്ങള്‍, സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങള്‍, ഗോത്രവ്യവസ്ഥിതികള്‍ എന്നിവ കണക്കിലെടുത്ത് ദേശീയ മുന്‍ഗണന എന്ന നിലയില്‍ അവരുടെ ആരോഗ്യത്തിനും വികസനത്തിനും ഇന്ത്യാഗവണ്മെന്റ് പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണ്.
അരിവാള്‍ കോശ വിളര്‍ച്ച (സിക്കിള്‍ സെല്‍ ഡിസീസ്) ഇന്ത്യയിലെ ഗോത്രജനത നേരിടുന്ന ഗുരുതരമായ ആരോഗ്യവെല്ലുവിളിയാണ്. ഒരു വ്യക്തിയുടെ ചുവന്ന രക്താണുക്കള്‍ വികലമാവുകയും അരിവാള്‍പോലുള്ള ആകൃതി കൈക്കൊള്ളുകയും ചെയ്യുന്ന ജനിതക വൈകല്യമാണ് അരിവാള്‍ രോഗം.
ഈ രോഗം സാധാരണയായി ഗോത്രവര്‍ഗ വിഭാഗങ്ങളിലാണു കാണപ്പെടുന്നത്. നമ്മുടെ തദ്ദേശീയ ജനതയുടെ ഭാവിക്കും നിലനില്‍പ്പിനും വലിയ ഭീഷണി ഉയര്‍ത്തുന്ന ഒന്നാണിത്. ഈ രോഗം പടരുന്നതു സമയബന്ധിതമായി തടയേണ്ടത് അനിവാര്യമാണ്. ഈ ജനിതകരോഗം തടയാന്‍ മുന്‍ ഗവണ്മെന്റുകളില്‍നിന്നു മതിയായ ശ്രമങ്ങള്‍ നടന്നിട്ടില്ല. ഇറ്റലി, ജപ്പാന്‍ തുടങ്ങിയ മറ്റു രാജ്യങ്ങള്‍ ഈ രോഗത്തെ നിയന്ത്രിക്കുന്നതിലേക്കു കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു. ഇന്ത്യ ഇതിനെതിരായ പോരാട്ടം ഇപ്പോള്‍ ശക്തമാക്കുകയാണ്. അരിവാള്‍ രോഗമെന്ന വെല്ലുവിളി ഇല്ലാതാക്കാന്‍ ‘അരിവാള്‍ രോഗ നിര്‍മാര്‍ജനദൗത്യം 2047’ എന്ന ദേശീയ യജ്ഞത്തിനു തുടക്കംകുറിച്ചുള്ള പ്രഖ്യാപനം 2023-24 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ നടത്തിയിരുന്നു.
അരിവാള്‍ രോഗം മനുഷ്യശരീരത്തില്‍ രണ്ടുരൂപത്തിലാണു നിലനില്‍ക്കുന്നത്. ഒന്ന് അരിവാള്‍ കോശ സ്വഭാവവിശേഷമാണ്. അതില്‍ വ്യക്തി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നില്ല. അവര്‍ സാധാരണ ജീവിതം നയിക്കുന്നു. അരിവാള്‍ രോഗവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളുടെ സാന്നിധ്യമാണു രണ്ടാമത്തെ രൂപത്തിന്റെ സവിശേഷത. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡിഷ, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരളം, കര്‍ണാടകം, മഹാരാഷ്‌ട്ര എന്നീ 13 സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കൂടുതലാണ്. ബിഹാര്‍, അസം, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ നാലു സംസ്ഥാനങ്ങളില്‍ ഭാഗികമായി അരിവാള്‍ രോഗം വ്യാപിച്ചിരിക്കുന്നു.
അരിവാള്‍ രോഗം ബാധിച്ച വ്യക്തി നിരന്തരമായ വേദന, ക്ഷീണം, വിളര്‍ച്ച എന്നിവയുള്‍പ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നു. ഇത് അവരുടെ ജീവിതനിലവാരത്തെ സാരമായി ബാധിക്കുന്നു. രണ്ടു സമീപനങ്ങളിലൂടെ അരിവാള്‍ രോഗം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ആദ്യ സമീപനം പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. പുതുതായി രോഗബാധിതര്‍ ഉണ്ടാകുന്നില്ലെന്ന് ഇതുറപ്പാക്കുന്നു. രണ്ടാമത്തെ സമീപനത്തില്‍ ചികിത്സ കൈകാര്യം ചെയ്യുന്നതും ഇതിനകം രോഗം ബാധിച്ച വ്യക്തികള്‍ക്കു മതിയായ ആരോഗ്യസംരക്ഷണ സൗകര്യങ്ങള്‍ നല്‍കുന്നതും ഉള്‍പ്പെടുന്നു. ഈ വശങ്ങളെ അഭിസംബോധന ചെയ്യുന്നതിനും അരിവാള്‍ രോഗബാധിതര്‍ക്കു ശരിയായ ആരോഗ്യസംരക്ഷണമൊരുക്കുന്നതിനും സമഗ്രമായ ആവാസവ്യവസ്ഥ വികസിപ്പിക്കുകയാണ്.
അരിവാള്‍ രോഗബാധിതരായ രണ്ടുപേര്‍ വിവാഹം കഴിച്ചാല്‍, അവരുടെ കുട്ടിക്കു രോഗമുണ്ടാകാന്‍ ഉയര്‍ന്ന സാധ്യതയാണുള്ളത്. വിവാഹത്തിനുമുമ്പു വ്യക്തികള്‍ക്ക് അരിവാള്‍ രോഗമുണ്ടോ എന്നു പരിശോധിക്കുന്നതിലൂടെ, രോഗം പടരുന്നതു തടയാന്‍ കഴിയും. അടുത്ത രണ്ടുമൂന്നു വര്‍ഷത്തിനുള്ളില്‍ 17 സംസ്ഥാനങ്ങളിലെ ഇരുനൂറോളം ജില്ലകളില്‍ താമസിക്കുന്ന ഗിരിവര്‍ഗക്കാരും മറ്റു വിഭാഗങ്ങളില്‍പ്പെട്ടവരുമായ 40 വയസുവരെ പ്രായമുള്ള ഏകദേശം 70 ദശലക്ഷം വ്യക്തികളെ പരിശോധിക്കാന്‍ ആരോഗ്യമന്ത്രാലയം പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഗിരിവര്‍ഗ കാര്യമന്ത്രാലയം, സംസ്ഥാനങ്ങള്‍ എന്നിവയുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കുന്നത്. 2047-ഓടെ അരിവാള്‍ രോഗം നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യവുമായാണു മുന്നോട്ടുപോകുന്നത്. രോഗനിര്‍ണയത്തിനുശേഷം വ്യക്തികള്‍ക്ക് അവരുടെ പ്രാദേശിക ഭാഷയില്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ നല്‍കും. ഇത് ഭാവിയില്‍ കുട്ടികള്‍ക്ക് അരിവാള്‍ രോഗം ബാധിക്കുമോ ഇല്ലയോ എന്ന് എളുപ്പത്തില്‍ നിര്‍ണയിക്കുന്നതിനു ഭാവി പങ്കാളികളെ പ്രാപ്തരാക്കും.
ഈ പരിപാടി പൂര്‍ണമായി നടപ്പാക്കാന്‍, പങ്കാളിത്തം ഉറപ്പാക്കുന്നതിനും വലിയ തോതില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി വിവിധ തലങ്ങളില്‍ നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കും. രോഗനിര്‍ണയത്തിലൂടെ രോഗം തിരിച്ചറിയുന്ന വ്യക്തികള്‍ പതിവുപരിശോധനയ്‌ക്കു വിധേയരാകും. ഇവര്‍ക്കു ചികിത്സയും മരുന്നുകളും നല്‍കും. മറ്റു രോഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കും. ആവശ്യമായ ഭക്ഷണവും സമയബന്ധിതമായ കൗണ്‍സിലിങ്ങും ലഭ്യമാക്കും. ഈ സേവനങ്ങളെല്ലാം ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കും.
ഗവണ്മെന്റ് ഇക്കാര്യത്തില്‍ ആവശ്യത്തിനു തുക വകയിരുത്തിയിട്ടുണ്ട്. നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി; ആരോഗ്യപ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കി; ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കി; ഈ രോഗത്തെ ചെറുക്കുന്നതിനായി സാമൂഹിക അവബോധത്തിലും പങ്കാളിത്തത്തിലും ശ്രമങ്ങള്‍ നടത്തി. നിശ്ചയദാര്‍ഢ്യത്തിന്റെയും നയപരമായ തീരുമാനങ്ങളുടെയും ഫലമാണ് ഈ ശ്രമങ്ങള്‍.
ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ, 2018 മുതല്‍ രാജ്യം 1.6 ലക്ഷം ആരോഗ്യ-സ്വാസ്ഥ്യ കേന്ദ്രങ്ങളുടെ ശൃംഖല സ്ഥാപിച്ചു. ഇതു കോവിഡ്-19 പോലുള്ള പകര്‍ച്ചവ്യാധികളെ ചെറുക്കുന്നതില്‍ നിര്‍ണായകപങ്കു വഹിച്ചു. മറ്റു രോഗങ്ങള്‍ക്കൊപ്പം അരിവാള്‍ രോഗം തുടച്ചുനീക്കുന്നതിലും ഈ കേന്ദ്രങ്ങള്‍ ഗണ്യമായ പങ്കു വഹിക്കും. അരിവാള്‍ രോഗബാധിതര്‍ക്കു മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിനായി ഈ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി
ശ്രീ നരേന്ദ്ര മോദി 2023 ജൂണ്‍ 27നു മധ്യപ്രദേശില്‍ അരിവാള്‍ രോഗ നിര്‍മാര്‍ജനദൗത്യത്തിനു തുടക്കംകുറിക്കും. അരിവാള്‍ രോഗത്തിനെതിരായ പോരാട്ടത്തിന് ഈ സംരംഭം വലിയ കരുത്തേകും. അരിവാള്‍ രോഗബാധിതരുടെ സമ്പൂര്‍ണവിവരങ്ങള്‍ നിരീക്ഷിക്കാനും പരിപാലിക്കാനും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ വെബ് പോര്‍ട്ടലും സജ്ജമാക്കിയിട്ടുണ്ട്.
ഈ ദൗത്യം 2047-ഓടെ അരിവാള്‍ രോഗം ഉന്മൂലനം ചെയ്യാന്‍ വഴിയൊരുക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. അതിലൂടെ രാജ്യത്തിന്റെ പൈതൃകത്തെ സജീവമായി നിലനിര്‍ത്തുന്ന ഇന്ത്യയിലെ ഗോത്രജനതയുടെ സംരക്ഷണം ഉറപ്പാക്കാനാകും. ഈ ജനതയുടെ നിലനില്‍പ്പു സംരക്ഷിക്കപ്പെടുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: