വി. രവീന്ദ്രന്
സ്വതന്ത്രഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളായിരുന്നു 1975 ജൂണ്‍ 25ന് അര്‍ദ്ധരാത്രിയില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ. പൗരസ്വാതന്ത്ര്യങ്ങളെ എടുത്തുമാറ്റി ഭരണഘടനയുടെ ആത്മാവിനെ കരിച്ചുകളഞ്ഞ ആ ദിനരാത്രങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. അക്കാലത്തെ ക്രൂരതകളും നമുക്കെങ്ങനെ മറക്കാന്‍ കഴിയും. എത്ര വസന്തങ്ങള്‍ കടന്നുപോയാലും ഇരുട്ടാകുമ്പോള്‍ ഓര്‍മകളുടെ കനല്‍ക്കട്ടകള്‍ക്ക് തിളക്കം കൂടും. കനലെരിയുന്ന ഓര്‍മകളെന്നും നീറിക്കൊണ്ടേയിരിക്കും. ഭൂമിയെ അമര്‍ത്തിച്ചവിട്ടിക്കൊണ്ട് ബൂട്ടിട്ട കാലുകളുടെ ശബ്ദങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍, അടച്ചിട്ട വാതിലുകള്‍ ചവിട്ടിത്തുറക്കുമ്പോള്‍, പോലീസ് നരാധമന്മാര് വേട്ടയാടിക്കൊണ്ടുപോയ ജനവിഭാഗങ്ങള്‍ക്ക് നേരെ ഉരുക്കുമുഷ്ടികള്‍ പതിക്കുമ്പോള്‍ പുതിയൊരു സൂര്യോദയം പിറക്കുമെന്ന് അവര്‍ ഉറക്കെ വിളിച്ചുപറയും. ഒരു ജനതയുടെ ഹൃദയത്തില്‍ വീഴ്ത്തിയ കറുത്ത ദിനങ്ങളായി അടിയന്തരാവസ്ഥ മുദ്രകുത്തുമ്പോള്‍ അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയാനുള്ള പ്രസ്ഥാനങ്ങള്‍ ഉദിച്ചുയര്‍ന്നു.
ഒരു അര്‍ദ്ധരാത്രിയില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുകയും മറ്റൊരര്‍ദ്ധരാത്രിയില്‍ ഇന്ത്യയുടെ ജനാധിപത്യത്തെ വലിച്ചുകീറി ഇരുട്ടിലൊൡപ്പിക്കുകയും ചെയ്ത ഭരണകൂടത്തിന് ചരിത്രം ഒരിക്കലും മാപ്പു കൊടുക്കില്ല. അടിയന്തരാവസ്ഥയില്‍ ഓരോ ഇന്ത്യക്കാരനും ജയിലിലെത്തുമ്പോള്‍ കിരാത വാഴ്ചകള്‍ ഭയപ്പെടുത്തുന്ന ഓര്‍മകളുടെ കുറിപ്പായി ഇരുമ്പഴികളും ജയില്ചുമരുകളും മാറിയിരുന്നു. 1975 ജൂണ്‍ 25 ഇന്ത്യന്‍ ജനമനസ്സുകളിലെ കനലുകള്‍ നീതി തീജ്വാലകളായി രാജ്യമാസകലം പോരാട്ടം നടത്തിയതും ലക്ഷക്കണക്കിന് പ്രവര്ത്തകന്മാര് അറസ്റ്റ് വരിച്ചതും ആര്‍എസ്എസിന്റെ പ്രവര്‍ത്തകരായിരുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.
രാജ്യത്തെ ഏറ്റവും വലിയ ദേശീയ പ്രസ്ഥാനമായ രാഷ്ട്രീയസ്വയംസേവക സംഘത്തെ അടിയന്തരാവസ്ഥയില്‍ നിരോധിച്ചപ്പോള്‍ സര്‍സംഘചാലക് ബാലാസാഹിബ് ദേവറസ്ജിയെ അറസ്റ്റുചെയ്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു രണ്ടാം സ്വാതന്ത്ര്യസമരത്തിന് എല്ലാവരും തയ്യാറെടുക്കുക. ഏകാധിപതിയായ ഭരണാധികാരി ഇന്ദിരാഗാന്ധിയുടെ ആജ്ഞാനുവര്‍ത്തികളായ പോലീസ്,സമരമുഖത്തേക്ക് ഇറങ്ങിയ പ്രസ്ഥാനങ്ങളെയും പ്രവര്‍ത്തകരെയും നേരിടാന്‍ സജ്ജമായി. ആര്‍എസ്എസിനെ നെഞ്ചിലേറ്റി നടക്കുന്ന ്രപവര്‍ത്തകര്‍ സമരമുഖത്തേക്കിറങ്ങി. രാജ്യത്ത് പൊതുവേയും കേരളത്തില്‍ മഞ്ചേശ്വരം മുതല്‍ പാറശ്ശാലവരെ സത്യഗ്രഹങ്ങള്‍ ആരംഭിച്ചപ്പോള്‍ സംസ്ഥാനം ഇളകിമറിഞ്ഞു. യുവതീയുവാക്കളെയും ജനനേതാക്കളെയും തല്ലിച്ചതച്ച് ജലിലിലടച്ചു. അപ്പോഴേക്കും പീഡനത്തിന്റെ, വേദനയുടെ ഒരിക്കലും വറ്റാത്ത കണ്ണീരിന്റെ ചരിത്രമായി അടിയന്തരാവസ്ഥ മാറിയിരുന്നു.
കാലം അതിന്റെ ഓര്‍മകളില്‍ മങ്ങാതെ മായാതെ ഉജ്വല പോരാട്ടങ്ങള്‍ ചേര്‍ത്തു പിടിച്ചപ്പോള്‍ ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായമായി അടിയന്തരാവസ്ഥ മാറി. തികച്ചും ജനാധിപത്യരീതിയില്‍ സമാധാനപരമായി സമരം നടത്തിയ സത്യഗ്രഹികള്‍ക്ക് നേരെ പോലീസ് നടത്തിക്കൊണ്ടിരുന്ന മര്‍ദ്ദനങ്ങള്‍ കണ്ട് മനസ്സില്‍ പ്രതിഷേധത്തിന്റെ അഗ്നിജ്വാല ആളിക്കത്താന്‍ തുടങ്ങി.
സമരത്തെക്കുറിച്ച് ആലോചിക്കുന്നതിനുവേണ്ടി കാസര്‍ഗോഡ് താലൂക്കിലെ പൈയ്യോളിക്ക പഞ്ചായത്തില്‍ കുരുടപ്പദവിലെ മയൂര്വെ മാബല ഭട്ടിന്റെ വീട്ടിലായിരുന്നു ഞങ്ങളൊത്തുകൂടാന് നിശ്ചയിച്ചതെങ്കിലും ഈ വിവരം പോലീസ് മണത്തറിഞ്ഞു എന്ന സംശയത്തില്‍ തൊട്ടടുത്ത പാറത്തൊടി കൃഷ്ണഭട്ടിന്റെ വീട്ടിലേക്ക് മാറ്റി. ബൈഠക്കില്‍ പങ്കെടുക്കേണ്ട ഞാനടക്കമുള്ള സത്യഗ്രഹികള്‍ അവിടെ ഒത്തുകൂടി. അന്നത്തെ ആര്എസ്എസ്ജില്ലാ പ്രചാരക് ആയിരുന്ന ബാലകൃഷ്ണ മല്ല്യയും കല്ലടുക്ക പ്രഭാകര ഭട്ടും കജംബാടി സുബ്രഹ്മണ്യ ഭട്ടും സംഘ അധികാരികള്‍ എന്ന നിലയില്‍ സന്നിഹിതരായിരുന്നു. ബൈഠക്ക് തുടങ്ങി ചര്‍ച്ച ആരംഭിച്ചപ്പോള്‍ ഞങ്ങള്‍ സമരത്തിന് പോകാം പക്ഷേ അതിനു മുന്‍പ് നടന്ന രീതിയിലുള്ള സമരമാവരുത് അത് എന്ന് പല പ്രവര്ത്തകന്മാരും അവിടെ പറഞ്ഞു. അപ്പോള്‍ കല്ലടുക്ക പ്രഭാകര ഭട്ടിന്റെ തലയിലുദിച്ച ഒരു പുതിയ രീതിയിലുള്ള സമരമായിരുന്നു ബുള്ളറ്റ് ബാച്ച്.
പോലീസിനെ ആക്രമിച്ചാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും പോലീസ് തല്ലുമ്പോള്‍ ലാത്തി പിടിച്ചുകൊണ്ട് എന്തു കുറ്റത്തിന്റെ പേരിലാണ് ഞങ്ങളെ ഇങ്ങനെ തല്ലിച്ചതയ്ക്കുന്നത് എന്ന് ചോദിക്കണം. ഇതായിരുന്നു സമരരീതി. സമരചരിത്രത്തില്‍ ഇതുപോലുള്ള ഒരു സമരം എവിടെയും നടന്നതായി കേട്ടിട്ടില്ല. അങ്ങനെ തീരുമാനമെടുത്ത് അവിടുന്ന് പിരിയുകയും ചെയ്തു. ഈ പുതിയ രീതിയിലുള്ള സമരത്തിന് രഹസ്യമായി വലിയ പ്രചാരണം കൊടുത്തിരുന്നു. 19 പ്രവര്ത്തകന്മാര് കാസര്‍ഗോഡ് ബദരിയാ ഹോട്ടലിനു മുന്നില്‍ കേന്ദ്രീകരിക്കുകയും അവിടെനിന്ന് ജാഥയായി മുദ്രാവാക്യം വിളിച്ച് പഴയ ബസ്സ്റ്റാന്റ് പരിസരത്തേക്ക് നീങ്ങി. ബസ്സ്റ്റാന്റിലേക്ക് എത്തിയപ്പോള്‍ താലൂക്കാഫീസിന്റെ ഭാഗത്തുനിന്ന് പോലീസ് വരുന്നത് ഞങ്ങള്‍ കണ്ടു. ജാഥ തിരിഞ്ഞ് വീണ്ടും പോലീസിന് അഭിമുഖമായി ഞങ്ങള്‍ നടക്കാന്‍ തുടങ്ങി. ഈ പുതിയ രീതിയിലുള്ള സമരം കാണുന്നതിനുവേണ്ടി റോഡിനിരുവശവും ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. കാസര്‍ഗോഡ് ഗവണ്മെന്റ് കോളജില്‍ പഠിക്കുന്ന എബിവിപിയുടെ വിദ്യാര്‍ത്ഥികള്‍ മിക്കവരും സമരം കാണാനെത്തിയിരുന്നു. പോലീസെത്തി അടിക്കാന്‍ തുടങ്ങി. അപ്പോള്‍ ലാത്തി പിടിച്ചു എന്തിന് ഞങ്ങളെ തല്ലുന്നു എന്ന് ചോദിച്ചു. ചെറിയ രീതിയില്‍ സമരരീതിയൊന്നു മാറ്റിയേപ്പാള്‍ പോലീസൊന്നു പതറി. അപ്പോഴേക്കും ജനങ്ങളുടെ ഭാഗത്തുനിന്ന് േപാലിസിനുനേരെ കല്ലേറുണ്ടായി.
അടിയന്തരാവസ്ഥയ്ക്കെതിരെ കേരളത്തില്‍ നടന്ന സമരത്തില്‍ ഒരേയൊരു വെടിവെപ്പേ ഉണ്ടായിരുന്നുള്ളൂ. അത് കാസര്‍ഗോഡായിരുന്നു. കാസര്‍ഗോഡിനെ ഇളക്കിമറിച്ച സമരത്തിന്റെ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. അന്നത്തെ കണ്ണൂര്‍ എസ്പി യായിരുന്ന തോമസ് ജേക്കബ് കാസര്‍ഗോഡേക്ക് കുതിച്ചെത്തി. അന്നത്തെ കാസര്‍ഗോഡ് എഎസ്പിയായിരുന്ന അച്ചുതരാമന്റെ നേതൃത്വത്തിലുള്ള പോലീസ് പിന്നീടുള്ള ദിനങ്ങളില്‍ കാസര്‍ഗോഡിന്റെ പല ഭാഗങ്ങളിലും നടത്തിയ ക്രൂരതകള്‍ സമാനതകളില്ലാത്തതായിരുന്നു.
എഎസ്പിയായിരുന്ന അച്ചുതരാമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആദ്യമെത്തിയത് ആര്‍എസ്എസ് സംഘാടകനില്‍ പ്രമുഖനായ കാനത്തൂര്‍ ഗോപാലകൃഷ്ണഭട്ടിന്റെ വീട്ടിലായിരുന്നു. അദ്ദേഹത്തിന്റെ ഒന്നര ഏക്കറോളം പാടത്ത് കൊയ്യാന്‍ പാകത്തില്‍ നില്ക്കുന്ന ഹൈബ്രീഡ് നെല്‍കൃഷി ബൂട്ടിട്ട പോലീസുകാര്‍ പാടത്തിലൂടെ തലങ്ങും വിലങ്ങും ഓടി നശിപ്പിച്ചു. നൂറോളം നേന്ത്രവാഴകള്‍ വെട്ടിനിരത്തി. വീട്ടിനുള്ളില്‍ കയറി ഭാര്യ സരസ്വതിയുടെ മുന്നില്‍വച്ച് വീട്ടുസാധനങ്ങള്‍ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. തൊട്ടിലില്‍ കിടന്നുറങ്ങുന്ന ഒരു വയസ്സുകാരന് ഹരീഷിനെ മുറ്റത്തേക്കെടുത്തെറിഞ്ഞു. വീട്ടിലുള്ള സഹോദരീഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീടെത്തിയത് അടൂരുള്ള അപ്പക്കുഞ്ഞിമാഷിന്റെ വീട്ടിലായിരുന്നു. വീട്ടുസാധനങ്ങള്‍ ഒന്നുപോലും ബാക്കിവെക്കാതെ മുറ്റത്ത് തീയിട്ട് നശിപ്പിച്ചു. മാഷെ കിട്ടാതെ വന്നപ്പോള്വീട്ടുമുറ്റത്ത് കെട്ടിയിട്ട പട്ടിയോടാണ് പോലീസുകാര്‍ അരിശം മുഴുവന്‍ തീര്‍ത്തത്.
പയ്യോളിക്ക പഞ്ചായത്തിലെത്തിയ പോലീസ് കുരുടപ്പദവിലെ മയൂര്ഖെ മാബല ഭട്ടിന്റെ വീട്ടിലെത്തി ചാക്ക് കണക്കിന് ഉണങ്ങിയ അടക്ക മുറ്റത്തിട്ട് തീയിട്ടു. കന്നുകാലികളെ തൊഴുത്തില്‍നിന്ന് അടിച്ചോടിച്ചു. കവുങ്ങിന്‍തോട്ടം വെട്ടിനശിപ്പിച്ചു. ബുള്ളറ്റ് ബാച്ചില്‍ പങ്കെടുത്ത എം.കെ. ഭട്ടിന്റെ കായാര്ക്കട്ടയിലെ വീട്ടില്‍ പോലീസെത്തി അദ്ദേഹം കച്ചവടം നടത്തിയ തുണിക്കടയുടെ പൂട്ട് പൊളിച്ച് തുണിത്തരങ്ങളും മറ്റും മുറ്റത്തിട്ട് കത്തിച്ചു. അന്ന് 50,000 രൂപയുടെ തുണികളാണ് അദ്ദേഹത്തിന് നഷ്ടമായത്. ജോഡ്ക്കലില് ഹോട്ടല്‍ കച്ചവടം നടത്തിയിരുന്ന കുഞ്ഞണ്ണറൈയുടെ ഹോട്ടലില്‍ പാത്രങ്ങളും സാധനങ്ങളും ഒന്നുപോലും ബാക്കിവെക്കാതെ തീര്‍ത്തും നശിപ്പിച്ചുകളഞ്ഞു. നെയ്ത്ത് തൊഴിലാളിയായിരുന്ന ബേക്കൂര്‍ പത്മനാഭന്റെ വീട്ടിലെത്തിയ പോലീസ് അദ്ദേഹം ബുള്ളറ്റ് ബാച്ചില്‍ പങ്കെടുത്തു എന്ന ഒറ്റ കുറ്റത്തിന് അദ്ദേഹത്തിന്റെ ഉപജീവനമാര്‍ഗമായിരുന്ന നെയ്ത്ത് മഗ്ഗം പൂര്‍ണമായും അഗ്നിക്കിരയാക്കി. ഇത്തരം നിരവധി സംഭവങ്ങള്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. വീടുകളില്‍ കയറി സ്ത്രീകളുടെയും കുട്ടികളുടെയും മുന്നില്‍ ഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന പോലീസിന്റെ എല്ലാ അക്രമങ്ങള്‍ക്കും ഭരണകൂടം കൂട്ടുനിന്നിട്ടുണ്ട്. ഇത്തരം എണ്ണിയാലൊടുങ്ങാത്ത ക്രൂരതകള്‍ കാസര്‍ഗോഡ് ജില്ലയില്‍ മാത്രമല്ല രാജ്യമാസകലം നടന്നിട്ടുണ്ട് എന്ന് ഷാ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. അതിന്റെ അപകടം മനസ്സിലാക്കിയതുകൊണ്ടാണ് ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചുവന്നപ്പോള്‍ ഷാ കമ്മീഷന്റെ ഒരു കോപ്പി പോലും ബാക്കിവെക്കാതെ എല്ലാ ലൈബ്രറികളില്‍നിന്നും പിന്‍വലിച്ച് കത്തിച്ചുകളഞ്ഞത്. ജനാധിപത്യ രീതിയില്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ വോട്ടുചെയ്ത് തെരഞ്ഞെടുത്ത ഒരു ഭരണാധികാരി തന്റെ അധികാരം നഷ്ടപ്പെടുമോ എന്ന ഭീതിയിലുടലെടുത്ത കുറുക്കുവഴിയായിരുന്നു അടിയന്തരാവസ്ഥ. അധികാരം ചില ഭരണാധികാരികള്‍ക്ക് ഭ്രാന്താണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സൗന്ദര്യം കെടുത്തിക്കളഞ്ഞ അടിയന്തരാവസ്ഥ പോലുള്ള സാഹചര്യം നമ്മുടെ രാജ്യത്ത് ഇനിയൊരിക്കലും ഉണ്ടാവാതിരിക്കട്ടെ.
(അസോസിയേഷന്‍സ് ഓഫ് എമര്‍ജന്‍സി വിക്ടിംസ് കേരളയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: