സുനീഷ്. കെ
പതിനൊന്നാം വയസ്സില്‍ അച്ഛന് ശേഖരീപുരം സുബ്രഹ്മണ്യ അയ്യരുടെ കൈപിടിച്ച് തുടങ്ങിയ യാത്രയാണ് കലാമണ്ഡലം സരസ്വതി ടീച്ചറുടെ നൃത്തജീവിതം. കലാമണ്ഡലത്തില്‍ നിന്ന് റാങ്കോടുകൂടി പാസ്സായതിനുശേഷം പത്മ സുബ്രഹ്മണ്യം, ചിത്ര വിശ്വേശ്വരന്, സുധാറാണി രഘുപതി, സ്വാമിമലൈ രാജരത്നം പിള്ളൈ തുടങ്ങിയവരുടെ ശിക്ഷണത്തില്‍ ഭരതനാട്യത്തില്‍ അധികപഠനം പൂര്‍ത്തിയാക്കി. കലാമണ്ഡലം സത്യഭാമ ടീച്ചറുടെ കീഴില്‍ മോഹിനിയാട്ടവും വെമ്പട്ടി ചിന്നസത്യത്തില്‍ നിന്ന് കുച്ചിപ്പുടിയും സ്വായത്തമാക്കി. പതിനാറാം വയസ്സില്‍ തുടങ്ങിയ അദ്ധ്യാപനം ഇപ്പോഴും തുടരുന്നു. അണുവിട വ്യതിചലിക്കാന്‍ കൂട്ടാക്കാത്ത പാരമ്പര്യബോധമാണ് ടീച്ചറുടെ മുഖമുദ്ര. കല കര്‍ശനമായ ചിട്ടവട്ടങ്ങളോടെയും അച്ചടക്കത്തോടെയും മാത്രമേ തലമുറകളിലേക്ക് കൈമാറാവൂയെന്ന് ടീച്ചര്‍ വിശ്വസിച്ചു. ടീച്ചര്‍ തുടങ്ങിയ ‘നൃത്ത്യാലയ’ എന്ന സ്ഥാപനം അരനൂറ്റാണ്ടു പിന്നിടുകയാണ്. പുതിയ തലമുറയുടെ ചവിട്ടും അടവും കേട്ടുണരുന്ന നൃത്ത്യാലയയെ നയിക്കാന്‍ ഇന്ന് ടീച്ചര്‍ക്കൊപ്പം മകളും ശിഷ്യയുമായ അശ്വതിയും തമിഴ്നാട്ടിലെ പ്രസിദ്ധമായ ഭാഗവതമേളാ കലാകാരനും നര്‍ത്തകനുമായ മരുമകന് ശ്രീകാന്ത് നടരാജനുമുണ്ട്. പിന്നിട്ട കാലത്തെക്കുറിച്ചും മാറുന്ന കലാപഠനത്തെക്കുറിച്ചും സംസാരിക്കുകയാണ് ടീച്ചര്‍…
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛനാണല്ലോ നൃത്തരംഗത്തേക്ക് കൊണ്ടുവരുന്നത്. കുടുംബത്തില്‍ അതുവരെ അങ്ങനെയൊരു പാരമ്പര്യമുണ്ടായിരുന്നില്ല. ഇപ്പോള്‍ നൃത്തസപര്യയുടെ 60-ാം വയസ്സിലേക്ക് കടക്കുമ്പോള്‍ അച്ഛന്റെ അന്നത്തെ ആ തീരുമാനത്തെക്കുറിച്ച് എന്ത് തോന്നുന്നു?
ഞങ്ങള്‍ ഒന്‍പത് മക്കളാണ്. രണ്ട് ജ്യേഷ്ഠന്മാര്ക്കും ചേച്ചിക്കും ശേഷമായിരുന്നു ഞാന്‍. എനിക്ക് താഴെയാണ് മറ്റുള്ളവരെല്ലാം. അമ്മയ്ക്ക് കാലിന് സ്വാധീനമുണ്ടായിരുന്നില്ലെങ്കിലും അത്യാവശ്യം സംഗീതവാസനയുള്ളയാളായിരുന്നു. ചേച്ചി തൈലാംബാളിനും
ഇളയ അനുജത്തി രാജേശ്വരിക്കും അത് കിട്ടിയിട്ടുണ്ട്. ഇവിടെ തളിയില്‍ രംഗവിലാസ് എന്നൊരു സമ്പന്നഗൃഹത്തില്‍ അവരുടെ ഇളയമകളുടെ കല്യാണത്തിന് കമല ലക്ഷ്മന്, രാധ തുടങ്ങിയവരുടെ നൃത്തവും എം.എല്‍.വസന്തകുമാരിയുടെ കച്ചേരിയും ഉണ്ടായിരുന്നു. ആദ്യമായി ഞാനൊരു നൃത്തം കാണുന്നത് അവിടെയാണ്. മറക്കാനാവാത്ത ആ സംഭവത്തിന് ശേഷം അഞ്ചാം ക്ലാസിലെ ഒരു അവധിക്കാലത്ത് അച്ഛന് പറഞ്ഞു, സ്കൂള്‍ തുറന്നാല്‍ നമുക്കിനി നൃത്തം പഠിക്കാന്‍ നോക്കാം. സ്കൂള്‍ തുറന്നപ്പോള്‍ അച്ഛന് നേരെ എന്നെ കൊണ്ടുപോകുന്നത് മദിരാശിയിലേക്കാണ്. ഇത്ര ചെറിയ കുട്ടിയെ കൊണ്ടുപോകല്ലേയെന്ന അമ്മയുടെ തടസ്സവാദമൊന്നും അച്ഛന് കേട്ടില്ല. അതൊരു തീര്‍ച്ചയായിരുന്നു. വാസ്തവത്തില്‍ ആ തീര്‍ച്ചയാണ് എന്റെ ജീവിതത്തില്‍ വലിയൊരു അനുഗ്രഹമായിത്തീര്‍ന്നത്. ഒരുപക്ഷേ സാധാരണ വിദ്യാഭ്യാസമാണ് ഞാന്‍ ചെയ്തിരുന്നതെങ്കില്‍ ഒരു ഡോക്ടറോ ഏതെങ്കിലും ഓഫീസറോ ആയിത്തീരുമായിരുന്നു. ഇന്നത്തെ സ്ഥാനത്ത് എത്തുമായിരുന്നില്ല. അത് സാധിച്ചത് അച്ഛന് കാരണമാണ്. അച്ഛന്റെ ആ തീരുമാനത്തോട് ഞാനെന്നെന്നും കടപ്പെട്ടിരിക്കുന്നു.
അച്ഛന് എന്നെ മദിരാശിയിലെ കലാക്ഷേത്രയിലേക്കായിരുന്നു അന്ന് കൊണ്ടുപോയത്. അന്ന് രുഗ്മിണി അരുണ്ഡേല് അവിടെയുണ്ട്. ഇത്രയും ചെറിയ കുട്ടിയെ ചേര്‍ക്കാനാവില്ലെന്നും നാലുവര്‍ഷം കഴിഞ്ഞുവരാനും പറഞ്ഞ് അവര്‍ ഞങ്ങളെ മടക്കി. പക്ഷേ അച്ഛന് നേരെ വീട്ടിലേക്കല്ല എന്നെ കൊണ്ടുപോന്നത്. കേരള കലാമണ്ഡലം ആയിരുന്നു ലക്ഷ്യം. കലാമണ്ഡലം രാമകൃഷ്ണന് എന്ന ഒരു ബന്ധു അവിടെ അദ്ധ്യാപകനായി ഉണ്ട്. ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടത്തെ അഡ്മിഷനൊക്കെ കഴിഞ്ഞു. അച്ഛന് രാമകൃഷ്ണനോട് മകളെ എങ്ങനെയെങ്കിലും അവിടെ ചേര്‍ക്കണമെന്ന് പറഞ്ഞു. അദ്ദേഹം ഞങ്ങളെ നേരെ സെക്രട്ടറിയുടെ അടുത്തേക്കാണ് കൊണ്ടുപോയത്. വളരെ സാത്വികനായ ദേവദാസ് എന്നൊരാളായിരുന്നു സെക്രട്ടറി. എന്റെ ചെറിയ പ്രായം കണ്ട അദ്ദേഹത്തിന് കൗതുകം തോന്നിയിരിക്കണം. രാമകൃഷ്ണന്റെയൊപ്പം താമസിച്ചുകൊള്ളാം എന്ന വ്യവസ്ഥയില്‍ ഉടന്‍തന്നെ എനിക്ക് അഡ്മിഷന് തന്നു. രാമകൃഷ്ണന് കാര്യങ്ങളെല്ലാം നോക്കിക്കോളും എന്നുപറഞ്ഞ് അച്ഛന് അപ്പോള്‍തന്നെ മടങ്ങി. വീട്ടിലെത്തിയപ്പോള്‍ മകളെ പരിചയമില്ലാത്തൊരിടത്താക്കിയതിന് അമ്മയുടെ കരച്ചിലും ശകാരവും.
അഞ്ചാം ക്ലാസ് വരെ സ്കൂളില്‍ ഞാന്‍ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. എല്ലാ ക്ലാസിലും എനിക്കായിരുന്നു ഫസ്റ്റ്. ടീച്ചര്‍മാര്‍ക്കൊക്കെ എന്നെ വലിയ ഇഷ്ടവുമായിരുന്നു. എന്നാല്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഈ ഒരു പദവിയിലെത്താന്‍ കഴിഞ്ഞതാണ് ഞാന്‍ ഏറ്റവും വലിയ അനുഗ്രഹമായി കരുതുന്നത്. അതിന് നിമിത്തമായതാകട്ടെ അച്ഛനും.
കലാമണ്ഡലമായിരുന്നല്ലോ ആദ്യകളരി. ആദ്യകാലത്തെ കലാമണ്ഡല ജീവിതത്തെക്കുറിച്ച് ഓര്‍ക്കാമോ?
അന്ന് പഴയ കലാമണ്ഡലമാണ്. കലാമണ്ഡലത്തിനു മുന്നില്‍ ഒരു വാടകവീടെടുത്ത് അവിടെയായിരുന്നു ഞങ്ങളെ താമസിപ്പിച്ചിരുന്നത്. പരമാവധി 40 കുട്ടികളേ ഉള്ളൂ. രാത്രിയില്‍ എല്ലാവരും പായ വിരിച്ച് നിരന്നങ്ങനെ കിടക്കും. കലാമണ്ഡലം ചിന്നമ്മു അമ്മയായിരുന്നു അന്ന് ഞങ്ങളുടെ വാര്ഡന്. വൈകുന്നേരം അവര്‍ ഞങ്ങളെയെല്ലാം തെളിച്ച് ഭാരതപ്പുഴയിലേക്ക് കുളിക്കാന്‍ കൊണ്ടുപോകും. പലരും പുഴയില്‍ കുളിക്കാന്‍ തീരെ അറിയാത്തവരായിരുന്നു. മഗ്ഗ് എടുത്ത് ഒഴിക്കുകയാണ് പതിവ്. ഞാനൊക്കെ ആദ്യം അങ്ങനെയായിരുന്നു. വെള്ളം ഒഴുകുന്നത് കാണുന്നത് തന്നെ പേടിയാണ്. പുഴയിലേക്ക് ഇറങ്ങാനറിയില്ല. ആരെങ്കിലും പിടിക്കണം. പക്ഷേ, എന്റെ സീനിയേഴ്സ് എന്നെ വളരെ വേഗത്തില്‍ നീന്തല്‍ പഠിപ്പിച്ചു. അത് വേറൊരു അനുഭവമായിരുന്നു.
ഞങ്ങള്‍ 22 പേര്‍ക്ക് ഒരൊറ്റ ക്ലാസ്റൂമാണ് ഉണ്ടായിരുന്നത്. അന്നത്തെ കരിക്കുലം ഇന്നത്തെപ്പോലെയല്ല. രാവിലെ 5 മണിക്ക് മുമ്പുതന്നെ എഴുന്നേറ്റ് തയ്യാറാകണം. 5 മുതല്‍ 6 വരെ സംഗീത സാധകക്ലാസാണ്. അതുകഴിഞ്ഞാല്‍ മെയ്സാധകമുണ്ടാകും. അതുകഴിഞ്ഞായിരിക്കും കഞ്ഞികുടിക്കാന്‍ വിടുക. 8.30 ന് ക്ലാസില്‍ കയറിയാല്‍ 12.30 വരെ ക്ലാസാണ്.
ഞാന്‍ ചേര്‍ന്ന് പത്തുപതിമൂന്ന് ദിവസങ്ങള്‍ക്കുശേഷമാണ് ഭരതനാട്യം പഠിപ്പിക്കുവാനായി ഭാസ്കരറാവു സാര്‍ വരുന്നത്. തുടര്‍ന്ന് 5 വര്‍ഷം അദ്ദേഹത്തിന്റെ കീഴില്‍ തന്നെയായിരുന്നു പഠിച്ചത്. തീരെ ചെറുതായതിനാല്‍ എപ്പോഴും എന്നെ മുന്നില്‍ പിടിച്ചുനിര്‍ത്തി കറക്ട് ചെയ്ത് തരുമായിരുന്നു. വെക്കേഷനായാല്‍ വീട്ടിലേക്ക് വരണമെന്നുതന്നെ ഉണ്ടായിരുന്നില്ല. മൂന്ന് വര്‍ഷമായപ്പോഴേക്കും ഞാനതിലേക്ക് പൂര്‍ണ്ണമായും മുഴുകി. ഇനി ഇതാണ് ലോകം എന്നൊരു അവസ്ഥയായി.
പിന്നീട് പത്മസുബ്രഹ്മണ്യവും ചിത്രാ വിശ്വേശ്വരനും സ്വാമിമലൈ എസ്.കെ.രാജരത്നം പിള്ളൈയുമൊക്കെ ഗുരുക്കന്മാരായി വരുന്നുണ്ട്. ഇങ്ങനെ വിവിധ സമ്പ്രദായങ്ങളിലൂടെ കടന്നുപോയൊരാള്‍ എന്ന നിലയില്‍ ഈ വിവിധ സമ്പ്രദായങ്ങളെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും പറയാമോ?
കലാമണ്ഡലത്തില്‍ പഠിക്കുമ്പോള്‍ സാംസ്കാരികവകുപ്പിന്റെ കള്‍ച്ചറല്‍ എക്സ്ചേഞ്ചിന്റെ ഭാഗമായി ഞങ്ങള്‍ തമിഴ്നാട്ടിലേക്ക് പോയപ്പോഴാണ് ആദ്യമായി പത്മ സുബ്രഹ്മണ്യത്തെ കാണുവാന്‍ സാധിക്കുന്നതും അവരുടെ പ്രോഗ്രാം നേരിട്ട് കാണുന്നതും. യാതൊരു ആടയലങ്കാരങ്ങളുമില്ലാതെ അവരിങ്ങനെ രാമായണം എന്ന ഏകാഭിനയം നടത്തുകയാണ്. രാമായണത്തിന്റെ എല്ലാ ഭാഗവും നമ്മുടെ കണ്മുന്നില് കാണിച്ചുതരികയാണ്. ഇന്നും മറക്കാനാവില്ല. അത്രയും മികച്ച പെര്‍ഫോമന്‍സ്. ഞങ്ങള്‍ നാലഞ്ച് കുട്ടികള്‍ കരയാന്‍ തുടങ്ങി. ആര്‍ക്കും ഇത്തരമൊരു അനുഭവം മുമ്പുണ്ടായിട്ടില്ല. ഞങ്ങളെല്ലാം പഠിച്ചത് ആകെയൊരു വര്‍ണ്ണമാണ്. ഒരു പദമാണ്. അത് തത്തമ്മേ പൂച്ച പൂച്ച എന്ന് പഠിക്കും. അല്ലാതെ വേണ്ടവിധത്തില്‍ പഠിക്കുവാനും കമ്പോസ് ചെയ്യുവാനും യാതൊന്നുമറിയാത്ത സമയത്താണ് ഇങ്ങനെ അവരുടെ മുമ്പില്‍ ചെന്നുപെടുന്നത്. ശ്രീരാമന് എന്നുപറഞ്ഞാല്‍ ശ്രീരാമന് തന്നെ. ലക്ഷ്മണനെന്നുപറഞ്ഞാല് ലക്ഷ്മണന് തന്നെ. അതാ രാവണന് വരുന്നു. എല്ലാ കഥാപാത്രങ്ങളും അച്ചില്‍ വാര്‍ത്തെടുത്തപോലെ നമ്മുടെ മുന്നില്‍ വരികയാണ്. ഇത്രയും അറിവുള്ള ഒരാളെ ഞാന്‍ കണ്ടിട്ടില്ല. അന്ന് തീരുമാനിച്ചു, ഇവരുടെ അടുത്ത് പഠിക്കണമെന്ന്. ഞങ്ങളുടെ കരച്ചില് കണ്ടപ്പോള്‍ പേടിച്ചിട്ടാണോയെന്ന് അവരുടെ അച്ഛന് ചോദിച്ചു. ഞങ്ങളുടെ മാനേജര്‍ പറഞ്ഞു, അവരാദ്യമായിട്ടാണ് ഇങ്ങനെയൊരു പരിപാടി കാണുന്നതെന്ന് പറഞ്ഞു, എല്ലാവരും അവരെ സാഷ്ടാംഗം നമസ്കരിച്ചു. അപ്പോള്‍ അവരെന്നെ അടുത്ത് വിളിച്ച് പേര് ചോദിച്ചു. നീ ശ്രദ്ധിച്ചിരിക്കുന്നത് ഞാന്‍ കണ്ടിരുന്നുവെന്ന് അവര്‍ പറഞ്ഞു. ഇത്രയും ശ്രദ്ധയോടെ നോക്കിയിരിക്കുന്ന ഒരു കുട്ടി ഉണ്ടായിട്ടില്ല. നിനക്ക് അത്രയ്ക്ക് ഇഷ്ടമായോ? ഞാന്‍ പറഞ്ഞു എനിക്ക് പഠിക്കണമെന്നുണ്ട്. ഞാന്‍ പിന്നീട് ഒരു ദിവസം മദിരാശിയില്‍ വന്ന് അവരെ കണ്ടു. അപ്പോഴേക്കും ഞാന്‍ കോഴിക്കോട് കുട്ടികള്‍ക്ക് ക്ലാസുകളെടുക്കാന്‍ തുടങ്ങിയിരുന്നു. ഒഴിവുപോലെ വന്ന് പഠിച്ചോളാന്‍ അവര്‍ പറഞ്ഞു. അവധിക്കാലത്ത് പത്തിരുപത് ദിവസം അവിടെ പോയി നിന്ന് പഠിക്കുവാന്‍ തുടങ്ങി. കലാമണ്ഡലത്തില്‍ ഭാസ്കരന് മാഷ് പഠിപ്പിച്ച അതേ ശൈലിതന്നെയാണ്. രണ്ട് മൂന്ന് അടവുകള്‍ എന്നെക്കൊണ്ട് അവര്‍ ചെയ്യിപ്പിച്ചു. ഒരേ ശൈലിയാണെന്ന് ബോദ്ധ്യപ്പെട്ടപ്പോള്‍ എന്നെ എടുക്കുകയായിരുന്നു. ഒരു പൈസ പോലും എന്റെ കൈയില്‍ നിന്നും വാങ്ങിയില്ല.
108 കരണങ്ങളെക്കുറിച്ചുള്ള ഗവേഷണവും മറ്റു വിദേശയാത്രകളുമൊക്കെയായി പിന്നീടവര്‍ വളരെ തിരക്കിലായിപ്പോയി. ഗുരുമുഖത്തുനിന്നുതന്നെ പഠിക്കണമെന്നുള്ള എന്റെ ആഗ്രഹം നടക്കാതെ പോകുകയാണല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ചിത്ര വിശ്വേശ്വരന്റെ ഒരു പ്രോഗ്രാം കാണുന്നത്. പത്മ ചെയ്യുന്ന അതേ ശൈലി തന്നെ. പക്ഷേ കരണങ്ങളൊന്നുമില്ല. ട്രഡീഷണല്‍ ഭരതനാട്യം തന്നെ. നോക്കുമ്പോള്‍ രണ്ടുപേരുടെയും മാഷ് ഒരാളാണ്. വഴുവൂര്‍ രാമയ്യ പിള്ളൈ. അദ്ദേഹത്തില്‍ നിന്നുമാണ് രണ്ടുപേരും അടിസ്ഥാനം പഠിച്ചിരിക്കുന്നത്. അവരെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. എപ്പോള്‍ ചെന്നാലും ഒരു മുടക്കവുമില്ലാതെ അവരെന്നെ പഠിപ്പിച്ചു.
സുധാറാണി രഘുപതി, സ്വാമിമലൈ രാജരത്നം പിള്ളൈ എന്നിവരില്‍ നിന്നും പിന്നീട് പഠിച്ചുവെങ്കിലും ഈ നാല് ശൈലിയും ഏകദേശം തുല്യമാണ്. അതില്‍ പത്മ കുറച്ച് മുന്നോട്ട് നില്‍ക്കുമെന്ന് മാത്രം. കാരണം അവരുടെ പ്രത്യേക ശൈലിയാണ്. ചെയ്യുന്നതിന്റെയും അഭിനയത്തിന്റെയും ഒരു പ്രത്യേക ശൈലി. അതെനിക്ക് ഏകദേശം കിട്ടുകയും ചെയ്തു. കൂടുതലായി പത്മയില്‍ നിന്നുമാണ് പഠിച്ചത്. മനസ്സും മനസ്സും തമ്മില്‍ ഇണങ്ങി പഠിക്കുമ്പോള്‍ കൂടുതലായി പഠിക്കുകയും മനസ്സിലേക്ക് ഉള്‍ക്കൊള്ളുകയും ചെയ്യും. പഠിച്ചതില്‍ നിന്നുകൊണ്ട് നമുക്കെന്ത് ചെയ്യാന്‍ പറ്റുമെന്ന ചിന്തയായി പിന്നീട്. അങ്ങനെയാണ് ഞാനെന്റെ ശൈലിയിലേക്ക് വരുന്നത്.
കലാമണ്ഡലത്തിലെ കമ്മിറ്റിയംഗമായിരുന്നിട്ടുള്ള ടീച്ചര്‍ ഇപ്പോള്‍ അവിടത്തെ ഡീനുമാണ്. ഇന്ന് പഠനസ്ഥാപനങ്ങളും അദ്ധ്യാപകരുമൊക്കെ വളരെയേറെയുണ്ട്. എന്നിരുന്നാലും ഇവിടെ കലാപഠനവും പരിശീലനവുമൊക്കെ അര്‍ഹിക്കുന്ന പരിഗണനയോടെ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടെന്ന് പറയാനാവുമോ?
ഇന്ന് കലയെ പ്രോത്സാഹിപ്പിക്കുവാന്‍ പറയാവുന്നതായി ആകെയുള്ളത് യുവജനോത്സവമത്സരങ്ങളാണ്. പണ്ടൊക്കെ ധാരാളം ഫൈനാര്‍ട്സ് സൊസൈറ്റികളും സംഘടനകളുമുണ്ടായിരുന്നു. മാസത്തിലൊരിക്കല്‍ ചെന്നൈയില്‍ നിന്നൊക്കെ ആര്‍ട്ടിസ്റ്റുകളെ കൊണ്ടുവന്ന് ഇവിടെ അവര്‍ പരിപാടികള്‍ നടത്തിയിരുന്നു. ഇന്നും ഈ സംഘടനകളൊക്കെയുണ്ടെങ്കിലും നൃത്തത്തിനേക്കാളുപരി മറ്റുള്ളവയ്ക്കാണ് പ്രാധാന്യം നല്കിക്കാണുന്നത്.
ഇന്ന് ഫണ്ടൊക്കെ ധാരാളം ഉണ്ടെങ്കിലും അപേക്ഷിച്ചാല്‍ പലപ്പോഴും കിട്ടില്ല. സംഗീത നാടക അക്കാദമികള്‍ വിചാരിച്ചാല്‍ നടക്കുന്നതാണ്. പക്ഷേ അവര്‍ വേണ്ടവിധത്തില്‍ ചെയ്യുന്നില്ല.
അനുബന്ധമായി ചോദിക്കട്ടെ, ഇന്ന് നൃത്തപഠനം ഒരു സ്വാഭാവിക അനിവാര്യതയായിത്തീരുന്ന വിധത്തില്‍ വ്യാപകമായിട്ടുണ്ട്. കോവിഡ് അടച്ചിടലിനെത്തുടര്‍ന്ന് ഓണ്‍ലൈന്‍ പഠനങ്ങളും വ്യാപകമായി. ആശാസ്യമാണോ ഈ പ്രവണത?
കുറച്ച് ദൂരെയാണ്, നേരിട്ട് വന്ന് പഠിക്കാന്‍ സാധിക്കില്ല എന്നുവച്ചാല്‍ ഓണ്‍ലൈന്‍ പഠനങ്ങളാവാം. എന്റെ അടുത്ത് ചിലരങ്ങനെ പഠിക്കുന്നുണ്ട്. എന്നാല്‍ അവര്‍ നേരത്തെ നേരിട്ടുവന്ന് അടിസ്ഥാനം പഠിച്ചവരാണ്. ചിട്ടവട്ടങ്ങള്‍ നന്നായി പഠിക്കണമെങ്കില്‍ ഗുരുമുഖത്ത് നിന്നുതന്നെ നേരെ പഠിക്കണം. ആരെയും നിര്‍ബന്ധിച്ച് പഠിപ്പിക്കരുത്. കുട്ടികളുടെ ഉള്ളിലെ വാസന തിരിച്ചറിഞ്ഞുവേണം പഠിപ്പിക്കാന്‍. കേരളത്തില്‍ പൊതുവെ ആരും ഇത് ശ്രദ്ധിക്കാറില്ല.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി ഈ മൂന്നുമായിരുന്നു ടീച്ചറുടെ മേഖലകള്‍. പഠിച്ചതിനപ്പുറം പോകുമ്പോഴാണല്ലോ ഒരാള്‍ ശ്രദ്ധിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലകളില്‍ ധാരാളം നൂതനമായ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ചിലപ്പോഴെങ്കിലും അന്തസ്സത്ത തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതായിത്തീരുന്നുണ്ട് ഈ പരീക്ഷണങ്ങള്‍. എങ്ങനെയാണ് ഇത്തരം പരീക്ഷണങ്ങളെ കാണുന്നത്?
നിരവധി പരീക്ഷണങ്ങള്‍ ഇന്ന് യുട്യൂബിലും അല്ലാതെയുമായി ദിവസേന കാണുന്നുണ്ട്. ആരുടെയും പേരെടുത്ത് പറയാന്‍ ഞാനുദ്ദേശിക്കുന്നില്ല. എന്തിന് വേഷവിധാനത്തില്‍ പോലും മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അങ്ങനെ വരുത്തിയാലും മോഹിനിയാട്ടം മോഹിനിയാട്ടമല്ലാതാവുന്നില്ലല്ലോ. ആ ഒരു ട്രഡീഷനില്‍ നിന്നും മാറുമ്പോഴും കാണിക്കുന്നത് അതുതന്നെയാണ്. അതുപോലെ എടുക്കുന്ന കൃതികള്‍ നന്നായി പരിശോധിച്ച്, കഴിയുമെങ്കില്‍ അതെഴുതിയ ആളോടുതന്നെ ചോദിച്ച് അതിന്റെ പ്രത്യേകത മനസ്സിലാക്കണം. അങ്ങനെയല്ലാതെ ഞാനിത് കമ്പോസ് ചെയ്തിട്ടുണ്ടെന്ന് പലരും പറയുന്നതായി കാണാം. ഇപ്പോള്‍ മോഹിനിയാട്ടത്തെക്കുറിച്ച് പറയുമ്പോള്‍ പാരമ്പര്യത്തില്‍ നിന്നും വ്യതിചലിച്ചാല്‍ അതിന്റെ ലാസ്യഭംഗി പോയി. കാലിന്റെ അടവുകള്‍ ഇത്രയേ വരാവൂ. അതിന്റെ കൂടെ ഈ അടവുകൂടി വന്നാല്‍ ഭംഗിയാവും. അതൊന്ന് മനസ്സിലാക്കണം. ഇത് കൂടുതല്‍ ചവിട്ടി ശൈലി പൂര്‍ണ്ണമായും മാറ്റുകയാണ്. അത് നിങ്ങള്‍ കുച്ചിപ്പുടി പഠിച്ചിട്ടാണോ മറ്റെന്തെങ്കിലും പഠിച്ചിട്ടാണോ എന്നെനിക്കറിയില്ല. പക്ഷേ, നിങ്ങളത് ചെയ്യുമ്പോള്‍ മാറിപ്പോകുകയാണ്. ഫുട്വര്‍ക്ക് എന്തിനാ ജാസ്തിയാക്കുന്നത്? അതിനൊരു കാലപ്രമാണം പറഞ്ഞിട്ടുണ്ട്. മൂന്നാം കാലത്തിലേക്ക് കടക്കുന്നത് വളരെ അപൂര്‍വമാണ്. അങ്ങനെ കടക്കില്ല. വര്ണ്ണങ്ങളില്പോലും. മധ്യമകാലത്തില് ചെയ്യുന്ന കൃതികളാണ് മുഴുവനും മോഹിനിയാട്ടത്തില്‍. ഞങ്ങളങ്ങനെയാണ് പഠിച്ചത്. ഇപ്പോള്‍ അതാണോ? അങ്ങനെ എന്തൊക്കെ ഇപ്പോള്‍ ചെയ്തുകൂട്ടുന്നുണ്ട്.
കലയ്ക്കുവേണ്ടി സമര്‍പ്പിതമായ ജീവിതം എന്ന് അടിവരയിട്ട് വായിക്കാവുന്നൊരാളാണ് ടീച്ചര്‍. ടീച്ചര്‍ പഠിച്ചിറങ്ങുന്നൊരു കാലത്തെ പ്രതിസന്ധികളും സങ്കീര്‍ണ്ണതകളും ഇന്നില്ല. തൊഴിലും നൃത്തവും ഒരുമിച്ച് കൊണ്ടുപോകാവുന്ന അന്തരീക്ഷവും നൃത്തം പ്രൊഫഷനായി സ്വീകരിച്ചാല്‍ നല്ല രീതിയില്‍ ജീവിക്കാവുന്നതുമായൊരു അന്തരീക്ഷവും ഇന്നുണ്ട്. ഇത്തരമൊരു വളര്‍ച്ചയെ എങ്ങനെയാണ് കാണുന്നത്?
അത് സന്തോഷകരമായ കാര്യം തന്നെയാണ്. ഏതൊരു കല പഠിച്ചാലും ഭാഷാപ്രാവീണ്യം വേണം. അതിനെക്കുറിച്ച് വിശദമായി സംസാരിക്കാന്‍ സാധിക്കണം. കൃത്യമായ അവബോധം വേണം. അതിന് വിദ്യാഭ്യാസം ഉണ്ടായേതീരൂ. അവരവര്‍ ചെയ്യുന്നത് അപ്പപ്പോള്‍ വിശദീകരിക്കാന്‍ സാധിക്കും. വിദേശത്തൊക്കെ പോകുമ്പോള്‍ ഇത് അത്യാവശ്യമാണ്. കലാപഠനത്തോടൊപ്പം വിദ്യാഭ്യാസവും മുന്നോട്ട് കൊണ്ടുപോകണം.
പഠനത്തിലും അദ്ധ്യാപനത്തിലും മുഴുകി മറ്റുജീവിതമെല്ലാം മറന്നുനില്ക്കുന്ന ഒരു കാലത്താണ് ശരിക്കും അപ്രതീക്ഷിതമായൊരു വിവാഹാലോചന വരുന്നത്. ഏറ്റവും റിസര്‍വ്ഡ് എന്നുപറയാവുന്ന, വളരെ തിരക്കേറിയ പത്രപ്രവര്‍ത്തകനുമായ ഒരാളുടെ ഭാര്യയായിരിക്കുമ്പോള്‍, ഏതെങ്കിലും വിധത്തില്‍ അതൊരു പ്രതിസന്ധിയോ സങ്കീര്‍ണ്ണതയോ പരസ്പരമുള്ള കോംപ്ലിമെന്ററിയോ ആയി തോന്നിയിട്ടുണ്ടോ? എംടിയുടെ നോവലുകള്‍, സിനിമകള്‍ എന്താണ് അഭിപ്രായം?
എന്നെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹമായിരുന്നു ഇത് എന്നു പറയാം. കല്യാണം കഴിച്ചു, ക്ലാസെടുക്കുന്നു, പരിപാടിക്ക് പോകുന്നു. എന്റെ വഴി ഇതാണ് എന്ന് പറയുന്നു. ഒരിക്കലും അതിനൊരു ‘നോ’ അദ്ദേഹം പറഞ്ഞിട്ടില്ല. ഒരു പ്രോഗ്രാമിന് പോകുമ്പോള്‍ അത് പറയണം, അത്രതന്നെ. ആഗ്രഹങ്ങള്‍ക്ക് ഒരിക്കലും എതിരുനില്‍ക്കാറില്ല. മകളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും പിന്നീട് നൃത്തവഴിയിലേക്കുള്ള അവളുടെ പ്രവേശനത്തെക്കുറിച്ചും ഞാന്‍ അല്‍പ്പം ശങ്കയോടെയാണെങ്കിലും അറിയിച്ചപ്പോള്‍ അങ്ങനെയാണ് താത്പര്യമെങ്കില്‍ ആയിക്കോളൂ എന്ന് പറഞ്ഞ് കൂടെ നില്‍ക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ കാര്യങ്ങളിലും ഞാന്‍ ഇടപെടാറില്ല. ചിലപ്പോള്‍ മണിക്കൂറുകളോളം മുന്നിലിരുന്നാലും ഒരക്ഷരം മിണ്ടിയെന്നു വരില്ല. എന്നാലും എനിക്ക് ആ മനുഷ്യനോട് പരിഭവം തോന്നിയിട്ടില്ല. വാസുവേട്ടന് ഇങ്ങനെയാണെന്ന് പഠിച്ചുകഴിഞ്ഞു. എന്റെ പ്രോഗ്രാമൊക്കെ കണ്ടിട്ടുണ്ടെങ്കിലും അഭിപ്രായം പറയാറില്ല.
ഞാന്‍ അങ്ങനെ വായനാശീലം ഉള്ള ഒരാളല്ല. ഇപ്പോഴാണ് ചിലത് വായിക്കുന്നത്. നാലുകെട്ട്, കാലം എല്ലാം ഓരോ തവണ വായിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞ സമയത്ത് ഓണത്തിന് ഞങ്ങള്‍ തെറ്റാതെ വാസുവേട്ടന്റെ വീട്ടിലേക്ക് പോകാറുണ്ട്. ഈ കഥാപാത്രങ്ങളെയൊക്കെ അവിടെ കാണാം. ഇന്നയിന്ന ആള്‍ക്കാരാണ് ഇന്നയിന്ന കഥാപാത്രങ്ങളെന്ന് അത്ഭുതപ്പെടും. സൃകൃതം വളരെ ഇഷ്ടപ്പെട്ട സിനിമയാണ്. താഴ്വാരവും വടക്കന്‍ വീരഗാഥയുമെല്ലാം ഇഷ്ടപ്പെട്ടവ തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: